ചൊവ്വാ പേടകം പകര്‍ത്തിയ ചിത്രം കണ്ട് അമ്പരന്ന് നാസ; വിചിത്ര രൂപങ്ങള്‍ എങ്ങനെ രൂപപ്പെട്ടു?

കിഡ്നി ബീൻസിന്റെ ആകൃതിയിൽ രൂപപ്പെട്ട ചൊവ്വയിലെ മൺ കൂനകൾ | Photo: jpl.nasa.gov
കിഡ്നി ബീൻസിന്റെ ആകൃതിയിൽ രൂപപ്പെട്ട ചൊവ്വയിലെ മൺ കൂനകൾ | Photo: jpl.nasa.gov

അതിശയകരമായ പല കാഴ്ചകളും ചൊവ്വാ ദൗത്യത്തിനിടെ പര്യവേക്ഷണ വാഹനങ്ങളുടെ ക്യാമറയില്‍ പതിയാറുണ്ട്. അത്തരം ഒരു കാഴ്ചയാണ് നാസയുടെ മാര്‍സ് റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ (എംആര്‍ഒ) പകര്‍ത്തിയത്. വിചിത്രമായ ആകൃതിയിലുള്ള മണല്‍കൂനകളുടെ ചിത്രമാണ് എംആര്‍ഒ പകര്‍ത്തിയത്. കാഴ്ചയില്‍ മണ്ണില്‍ വീണുകിടക്കുന്ന പയര്‍ മണികളാണെന്നേ തോന്നൂ. 

ഓര്‍ബിറ്ററിലെ ഹൈ റെസലൂഷന്‍ ഇമേജിങ് സയന്‍സ് എക്‌സ്പിരിമെന്റ് ക്യാമറ 2022 സെപ്റ്റംബറിലാണ് ഈ ചിത്രം പകര്‍ത്തിയത്. കഴിഞ്ഞ മാസമാണ് ഇത് പുറത്തുവിട്ടത്. ചൊവ്വയില്‍ ദീര്‍ഘകാലം ജീവന് നിലനില്‍ക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കാന്‍ ഇതുവഴി സാധിക്കും,. 

ഇത്തരത്തിലുള്ള മണ്‍കൂനകള്‍ ഭൂമിയിലും രൂപപ്പെടാറുണ്ടെങ്കിലും അവ നിരന്തരം മാറിക്കൊണ്ടിരിക്കാറുണ്ട്. എന്നാല്‍ ഒരു പയര്‍ മണിയുടെ ആകൃതിയിലുള്ള ചൊവ്വയിലെ മണ്‍കൂനകള്‍ നിശ്ചലമാണ്. ചൊവ്വയിലെ ശൈത്യകാലത്ത് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് തണുത്തുറഞ്ഞ് ഈ മണ്‍കൂനകളില്‍ മൂടിയിട്ടുണ്ടെന്നാണ് നാസയുടെ നിരീക്ഷണം. 

ശൈത്യകാലത്ത് ചൊവ്വയിലെ രാത്രികാല താപനില മൈനസ് 123 ഡിഗ്രിവരെ താഴാറുണ്ട്. മഞ്ഞ് വീഴ്ചയ്ക്കും തണുത്തുറയുന്നതിനും ഈ താപനില ധാരാളമാണ്. എന്നാല്‍ ഭൂമിയിലെ മഞ്ഞില്‍ നിന്ന് വ്യത്യസ്തമായി ചൊവ്വയില്‍ രണ്ട് രൂപത്തിലാണ് മഞ്ഞ് രൂപപ്പെടാറ്. ഒന്ന് ജലം തണുത്തുറഞ്ഞാണ് ഉണ്ടാവുന്നത്, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് തണുത്തുറഞ്ഞാണ് മറ്റൊന്നുണ്ടാവുന്നത്. 

ഈ മഞ്ഞ് മണല്‍കൂനയെ മൂടുകയും കാറ്റില്‍ അവ പറന്നുയര്‍ന്ന് രൂപമാറ്റം സംഭവിക്കുന്നത് തടയുകയും ചെയ്യും. ഈ കാര്‍ബണ്‍ ഡൈഓക്‌സൈഡ് മഞ്ഞിനെ കുറിച്ചുള്ള പഠനം ചൊവ്വയിലെ കാലാവസ്ഥ മനസിലാക്കുന്നതിന് പ്രധാനമാണ്.

ചൊവ്വയിലേക്ക് മനുഷ്യനെ എത്തിക്കാനുള്ള തയ്യാറെടുപ്പുകള്‍ ഭൂമിയില്‍ തകൃതിയായി നടക്കുന്നുണ്ട്. എന്നാല്‍ അതിന് മുമ്പ് ചൊവ്വ മനുഷ്യന്റെ ദീര്‍ഘകാല വാസത്തിന് അനുയോജ്യമാണോ എന്ന് ഉറപ്പുവരുത്തുകയും അവിടുത്തെ കാലാവസ്ഥയുടേയും അന്തരീക്ഷത്തിന്റെയും സ്വഭാവവും മാറ്റങ്ങളും പഠിക്കുകയും വേണം. വിവിധ ചൊവ്വാ പര്യവേക്ഷണ ദൗത്യങ്ങളുടെ ലക്ഷ്യവും അതാണ്.
 

Content Highlights: NASA`s Mars Reconnaissance Orbiter captured images of unusual, kidney beans-shaped dunes on Mars