'ഭൂമിയെപ്പോലെ മനുഷ്യന് ആവാസയോഗ്യമായ നൂറോളം സ്ഥലങ്ങളുണ്ട്, ഭാവിയിൽ സൗരയൂഥാന്തര യാത്രകൾ വരും'

ന്യൂഡൽഹി: നമ്മുടെ യാത്രകളിപ്പോൾ ഗോളാന്തരത്തിൽമാത്രമാണ് എത്തിനിൽക്കുന്നതെന്നും ഭാവിയിൽ സൗരയൂഥാന്തര യാത്രകൾ വരുമെന്നും ഐ.എസ്.ആർ.ഒ. മുൻ ചെയർമാൻ എസ്. സോമനാഥ്. നമ്മുടെ സൂര്യനെപ്പോലെ മറ്റു സൂര്യന്മാരെ ചുറ്റുന്ന ഗ്രഹങ്ങളുള്ള സൗരയൂഥങ്ങൾ പുറത്തുണ്ട്. അവിടങ്ങളിൽ അയ്യായിരത്തോളം ഗ്രഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതിൽ ഭൂമിയെപ്പോലെ മനുഷ്യന് ആവാസയോഗ്യമായ നൂറോളം സ്ഥലങ്ങളുണ്ട്. അവിടെ ചിലപ്പോൾ മനുഷ്യനെക്കാൾ ബുദ്ധിയുള്ളവർ താമസിക്കുന്നുണ്ടാകുമെന്നാണ് തന്റെ വിശ്വാസമെന്നും സോമനാഥ് പറഞ്ഞു.
ബാബു പണിക്കരുടെ ‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’ എന്ന പുസ്തകം കേരള ഹൗസിൽ പ്രകാശനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തിലെ ഏറ്റവും വലിയ യാത്രികൻ ശങ്കരാചാര്യരാണെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ എം. മുകുന്ദൻ പറഞ്ഞു. യാത്രാസൗകര്യങ്ങളൊന്നുമില്ലാത്ത കാലത്ത് ബുദ്ധിയുള്ള മനുഷ്യരുമായി സംവദിച്ച് അദ്ദേഹം യാത്രചെയ്തു. യാത്രാവിവരണ പുസ്തകങ്ങൾക്ക് എന്നും പ്രസക്തിയുണ്ടാകുമെന്നും മുകുന്ദൻ പറഞ്ഞു.
റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫ് പുസ്തകം ഏറ്റുവാങ്ങി. കെ.യു.ഡബ്ള്യു.ജെ. ഡൽഹി പ്രസിഡന്റ് പ്രസൂൺ കണ്ടത്തിൽ പുസ്തകം പ്രകാശനം ചെയ്തു. കേന്ദ്ര സാംസ്കാരിക വകുപ്പ് ഡയറക്ടർ അനീഷ് രാജൻ, കാർട്ടൂണിസ്റ്റ് സുധീർനാഥ് എന്നിവർ സംസാരിച്ചു.
Content Highlights: isro former chief s somanath solar system