വരുന്നത് 2015-ന് ശേഷമുള്ള ഏറ്റവും ദുർബലമായ മൺസൂൺ എന്ന് പ്രവചനം; പ്രതിസന്ധി സൃഷ്ടിക്കുമോ?

#സയന്‍സ് ഡെസ്‌ക്
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

കഴിഞ്ഞ രണ്ട് വർഷങ്ങളിലും സാധാരണയെക്കാൾ കൂടുതൽ മഴയാണ് രാജ്യത്ത് ലഭിച്ചത്. മൺസൂൺ ശക്തമായിരുന്നു എന്നതാണ് ഇതിന് കാരണം. 2024-ലും 25-ലും ജലസംഭരണികൾ നിറയുകയും കർഷകർക്ക് തുടർച്ചയായി മികച്ച വിളവ് ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ 2026-ൽ സ്ഥിതി അതായിരിക്കില്ല എന്നാണ് കാലാവസ്ഥാ പ്രവചനം. ഈ വർഷത്തെ തെക്ക് പടിഞ്ഞാറൻ മൺസൂൺ സാധാരണ നിലയുടെ 90 ശതമാനം മാത്രമേ ഉണ്ടാകൂ എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) വിലയിരുത്തുന്നത്.

ജൂൺ മുതൽ സെപ്റ്റംബർ വരെ നീണ്ടുനിൽക്കുന്നതും രാജ്യത്തിന്റെ വാർഷിക മഴയുടെ ഏകദേശം 70 ശതമാനം നൽകുന്നതുമായ കാലവർഷമാണ് തെക്ക് പടിഞ്ഞാറൻ മൺസൂൺ. ഐഎംഡിയുടെ പ്രവചനം ശരിയാണെങ്കിൽ ഈ വർഷത്തേത് രാജ്യത്തെ ഒരു ദശകത്തിനിടലെ ഏറ്റവും ദുർബലമായ മൺസൂൺ ആയിരിക്കും.

രാജ്യത്ത് ഇതിനുമുമ്പ് ഏറ്റവും കുറഞ്ഞ മഴ രേഖപ്പെടുത്തിയത് 2015 ലാണ്. അന്നും സാധാരണയേക്കാൾ 90 ശതമാനത്തിൽ താഴെ ആയിരുന്നു ലഭിച്ച മഴ. ആ വർഷം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വരൾച്ചയും വിള നാശവും രൂക്ഷമായ ജലദൗർലഭ്യവും അനുഭവപ്പെട്ടിരുന്നു.

എൽ നിനോ പ്രതിഭാസമാണ് മൺസൂൺ ദുർബലമാക്കുന്ന ഘടകം. അത് ഇതുവരെ പൂർണമായും ശക്തി പ്രാപിച്ചിട്ടില്ല. പസഫിക് സമുദ്രത്തിലെ ഭൂമധ്യരേഖാപ്രദേശത്ത് സമുദ്രോപരിതലത്തിലെ താപനില അസാധാരണമായി കൂടുന്ന പ്രതിഭാസമാണ് എൽ നിനോ. ഇതുമൂലം കാറ്റ്, അന്തരീക്ഷമർദം, മഴയുടെ ക്രമം എന്നിവയ്ക്ക് മാറ്റമുണ്ടാകും. എൽ നിനോ ഇന്ത്യൻ മൺസൂണിനെ ദുർബലമാക്കും.

മെയ് 29-ന് ഐഎംഡി പുറത്തിറക്കിയ ഏറ്റവും പുതിയ ദീർഘകാല പ്രവചനം അനുസരിച്ച് പസഫിക് ഇപ്പോൾ എൽ നിനോയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. മൺസൂൺ സീസൺ സമയത്ത് എൽ നിനോ അവസ്ഥ വികസിക്കാനും ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിക്കുന്നത്.

ഇന്ത്യ മാത്രമല്ല ഈ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഓസ്‌ട്രേലിയയുടെ ബ്യൂറോ ഓഫ് മെറ്റീരിയോളജി പ്രവചിക്കുന്നത് എൽ നിനോ അവസ്ഥ ജൂൺ മാസത്തോടെ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ്. പസഫിക് താപനില ഇതിനകം തന്നെ എൽ നിനോ ഘട്ടത്തിൽ പ്രവേശിച്ചുവെന്നും വരും മാസങ്ങളിൽ ശക്തി പ്രാപിക്കുമെന്നുമാണ് ചൈനയുടെ നാഷണൽ ക്ലൈമറ്റ് സെന്റർ റിപ്പോർട്ട് ചെയ്യുന്നത്. നാസയുടെ സെന്റിനൽ-6 മൈക്കിൾ ഫ്രിലിച്ച് ഉപഗ്രഹത്തിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്തുകൊണ്ടും ശാസ്ത്രജ്ഞർ സമാനമായ നിഗമനത്തിലാണ് എത്തിയിട്ടുള്ളത്.

ചില എൽ നിനോ വർഷങ്ങളിൽ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ (ഐഓഡി) എന്ന പ്രതിഭാസം ഇന്ത്യയ്ക്ക് സംരക്ഷണം ഒരുക്കിയിട്ടുണ്ട്. എന്നാൽ ഈ വർഷം ഈ സംരക്ഷണവും ലഭിക്കാനിടയില്ല എന്നാണ് ഐഎംഡി നൽകുന്ന സൂചന.

എന്നാൽ എൽ നിനോമൂലം വരൾച്ച ഉണ്ടാകുമെന്നകാര്യം ഉറപ്പുള്ളതല്ല എന്നതാണ് ആശ്വാസം നൽകുന്ന വസ്തുത. 1951 നും 2022 നും ഇടയിൽ രേഖപ്പെടുത്തിയ 17 എൽ നിനോ സാഹചര്യങ്ങളിൽ അഞ്ചെണ്ണം പസഫിക് ചൂടായിരുന്നിട്ടും ഇന്ത്യയ്ക്ക് സാധാരണയോ അതിലും ഉയർന്നതോ ആയ മഴ ലഭിച്ചിരുന്നു. എന്നാൽ നല്ല മഴ ലഭിക്കുമോ എന്ന ചോദ്യം ഇനി പ്രസക്തമല്ല എന്നാണ് വിദഗ്ധർ പറയുന്നത്. അത് എത്രത്തോളം മോശമാകും എന്നുമാത്രമാണ് ഇനി അറിയാനുള്ളത്.

Content Highlights: IMD forecasts 2026 monsoon at 90% of normal, marking the driest outlook in over a decade., A 60% probability of a deficient monsoon season due to strengthening El Nino conditions., Neutral Indian Ocean Dipole (IOD) provides no buffer against the drying effects of El Nino., The Monsoon Core Zone, critical for agriculture, faces significant rainfall deficits., Potential for increased food inflation as kharif crop harvests are threatened.