വീട് തുളച്ചുകയറി വീണ ഉല്‍ക്കാശിലയ്ക്ക് ഭൂമിയേക്കാള്‍ പ്രായം, കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍

പ്രതീകാത്മക ചിത്രം | Photo: Gettyimages
പ്രതീകാത്മക ചിത്രം | Photo: Gettyimages

അടുത്തിടെ അറ്റ്‌ലാന്റയില്‍ പതിച്ച ഉല്‍ക്കാശിലയ്ക്ക് 450 കോടിയിലേറെ വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന് കണ്ടെത്തല്‍. ജൂണ്‍ 26 ന് ജോര്‍ജിയയിലെ അറ്റ്‌ലാന്റയില്‍ ഒരു വീടിന് മുകളില്‍ വന്ന് പതിച്ച ഉല്‍ക്കാശിലയ്ക്കാണ് ഭൂമിയേക്കാള്‍ പഴക്കമുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. ജോര്‍ജിയ സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ ഉല്‍ക്കാശില വിശകലനം ചെയ്തത്. 456 കോടി വര്‍ഷങ്ങള്‍ പഴക്കമുള്ള ശിലയ്ക്ക് കൃത്യമായി പറഞ്ഞാല്‍ ഭൂമിയേക്കാള്‍ 2 കോടി വര്‍ഷങ്ങള്‍ പ്രായമുണ്ട്. 

ജൂണ്‍ 26 നാണ് യുഎസിന്റെ തെക്ക് കിഴക്കന്‍ ആകാശത്ത് തീഗോളം പോലെ ഉല്‍ക്കാശില ഭൂമിയിലേക്ക് കടന്നുവന്നത്. അറ്റ്‌ലാന്റയിലെ ഹെന്‍ട്രി കൗണ്ടിയിലെ മക്ക്‌ഡോണോയിലുള്ള ഒരു വീട്ടിലാണ് ഈ ഉല്‍ക്കാശില പതിച്ചത്. വീടിന്റെ മേല്‍ക്കൂരയും സീലിങും തകര്‍ത്ത് അകത്തെത്തിയ ശിലാഭാഗം നിലത്ത് തുളഞ്ഞുകയറി. ആകാശത്ത് തീഗോളം കണ്ടപ്പോള്‍ തന്നെ ഉല്‍ക്കാശില ഭൂമിയിലേക്ക് പ്രവേശിച്ചതായി വിദഗ്ദര്‍ തിരിച്ചറിഞ്ഞിരുന്നു. പിന്നാലെ തന്നെ ഹെന്‍ട്രി കൗണ്ടിയിലെ വീട്ടുടമസ്ഥന്‍ ഉല്‍ക്കാശില പതിച്ച വിവരം അധികൃതരെ അറിയിക്കുകയും ചെയ്തു.

ഈ ശിലയുടെ 23 ഗ്രാം ഭാരമുള്ള കഷ്ണങ്ങള്‍ വിവിധ പരിശോധനകള്‍ക്ക് വിധേയമാക്കിയതിന് ശേഷമാണ് ജോര്‍ജിയ സര്‍വകലാശാലയിലെ ഭൗമ ശാസ്ത്രജ്ഞനായ സ്‌കോട്ട് ഹാരിസ് തന്റെ കണ്ടെത്തല്‍ പുറത്തുവിട്ടത്. ഛിന്നഗ്രഹങ്ങളുടെ ഘടനയെയും വേഗതയെയും കുറിച്ചുള്ള തന്റെ ഗവേഷണം പ്രസിദ്ധീകരിക്കുക എന്നതാണ് ഹാരിസിന്റെ ലക്ഷ്യം. ഛിന്നഗ്രഹ ഭീഷണി സാധ്യതകളെ കുറിച്ച് കൂടുല്‍ മനസിലാക്കാന്‍ ഈ പഠനം സഹായിക്കും. 
 

Content Highlights: A meteorite older than Earth, estimated to be 4.56 billion years old, crashed into a Georgia home