'അനാവശ്യ ചെലവ്, ബഹിരാകാശ നിലയം ഉപേക്ഷിക്കാന്‍ സമയമായി'; ചർച്ചയ്ക്ക് തുടക്കമിട്ട് മസ്‌ക്

ഇലോണ്‍ മസ്‌ക് | Photo - AP
ഇലോണ്‍ മസ്‌ക് | Photo - AP

അന്താരാഷ്ട്ര ബഹിരാകാശ നിലയം എത്രയും വേഗം പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന അഭിപ്രായം പങ്കുവെച്ച് ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌ക്. ബഹിരാകാശ നിലയം 2030 വരെ സംരക്ഷിച്ചു നിര്‍ത്തുന്നതിനായി 125 കോടി ഡോളര്‍ അനുവദിച്ചുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ നികുതി ബില്ലുമായി ബന്ധപ്പെട്ട് എക്‌സില്‍ പ്രതികരിക്കുകയായിരുന്നു മസ്‌ക്. ബഹിരാകാശ നിലയം പ്രവര്‍ത്തനം അവസാനിപ്പിച്ച് ചൊവ്വയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിത് എന്ന് മസ്‌ക് പറഞ്ഞു. മസ്കിന്റെ പ്രതികരണം വിഷയത്തെക്കുറിച്ചുള്ള പുതിയ ചർച്ചകൾക്ക് തുടക്കമിട്ടു കഴിഞ്ഞു.

1998-ല്‍ ആദ്യ മൊഡ്യൂള്‍ വിക്ഷേപിച്ചതിന് ശേഷം ഒട്ടേറെ ശാസ്ത്ര പരീക്ഷണ ദൗത്യങ്ങള്‍ക്ക് വേദിയായ അന്താരാഷ്ട്ര ബഹിരാകാശ നിലയം ഭൂമിക്ക് 400 കിലോമീറ്ററിലേറെ മുകളില്‍ സ്ഥിതി ചെയ്യുന്ന എൻജിനീയറിങ് അത്ഭുതമാണ്. 2030ഓടെ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്ന ബഹിരാകാശ നിലയം, ഇപ്പോള്‍ സ്വകാര്യ കമ്പനികളുടെ വാണിജ്യ യാത്രകള്‍ക്കും സ്വകാര്യ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും ശാസ്ത്ര പരീക്ഷണ ദൗത്യങ്ങള്‍ക്കുമായി തുറന്നുകൊടുത്തിട്ടുണ്ട്. 

2030-ഓടെ വിരമിക്കുന്ന ബഹിരാകാശ നിലയം സുരക്ഷിതമായി ഭ്രമണപഥത്തില്‍ നിന്ന് മാറ്റുന്നതിനായി 32.5 കോടി ഡോളര്‍ ഫണ്ടും പുതിയ നികുതി ബില്‍ അനുവദിച്ചിട്ടുണ്ട്. ബഹിരാകാശ നിലയത്തെ ഭ്രമണപഥത്തില്‍ നിന്ന് വലിച്ചുമാറ്റി അന്തരീക്ഷത്തില്‍ ഇടിച്ചിറക്കുന്നതിന് വേണ്ടി പ്രത്യേക ഡീ ഓര്‍ബിറ്റ് വാഹനം നിര്‍മിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം 84.3 കോടി ഡോളര്‍ യുഎസ് അനുവദിച്ചിരുന്നു. 

അതേസമയം, ബഹിരാകാശ നിലയം എത്രയും വേഗം പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നാണ് മസ്‌കിന്റെ ആവശ്യം. വര്‍ഷം 300 മുതല്‍ 400  കോടി വരെ നിലയത്തിന്റെ സംരക്ഷണചിലവ് വരുമെന്നും അത് അനാവശ്യ ചെലവാണെന്നും ചൊവ്വാ ദൗത്യങ്ങള്‍ക്ക് വേണ്ടിയുള്ള വിഭവങ്ങളുടെ ചോര്‍ച്ചയാണ് സംഭവിക്കുന്നതെന്നും മസ്‌ക് പറയുന്നു. 

ഒന്നിലധികം ഗ്രഹങ്ങളില്‍ സാന്നിധ്യമുള്ള ജീവികളായി മനുഷ്യര്‍ മാറണമെങ്കില്‍ നമ്മള്‍ ഈ പഴയ ഹാര്‍ഡ് വെയറുകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിച്ച് ചൊവ്വയിലേക്ക് പോകണമെന്നും മസ്‌ക് പറഞ്ഞു. മസ്‌കിന്റെ വാദത്തെ അനുകൂലിച്ചും പ്രതികൂലിച്ചും എക്‌സില്‍ ചര്‍ച്ച സജീവമാണ്. 

2002 ല്‍ സ്‌പേസ് എക്‌സ് ആരംഭിക്കുന്നത് തന്നെ ചൊവ്വയില്‍ മനുഷ്യരുടെ കോളനി സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ്. സ്‌പേസ് എക്‌സ് ഇപ്പോള്‍ സ്റ്റാര്‍ഷിപ്പ് പേടകം നിര്‍മിക്കുന്നതിന്റെ പ്രധാന ഉദ്ദേശവും ചൊവ്വായാത്രയാണ്.
 

Content Highlights: Elon musk wants to shutdown International Space Station, says time to focus on Mars