അപ്പോളോ11: മനുഷ്യന്‍ 'ഗോളാന്തര ജീവി'യായിട്ട് 55 വര്‍ഷം

മനുഷ്യഭാവനയെ ഇത്രയ്ക്ക് സ്വാധീനിച്ച മറ്റേതെങ്കിലും സംഗതി ചരിത്രത്തില്‍ സംഭവിച്ചിട്ടുണ്ടോയെന്ന് സംശയമാണ്. ഭൂമിയില്‍നിന്ന് 3,84,400 കിലോമീറ്റര്‍ അകലെ ചന്ദ്രനില്‍ മനുഷ്യന്റെ പാദമുദ്ര പതിഞ്ഞിട്ട് ഇന്ന് 55 വര്‍ഷം തികയുന്നു. അതോടെ 'ഗോളാന്തരജീവി'യായി മനുഷ്യന്‍ മാറി!
മനുഷ്യചരിത്രത്തിലെ ഉജ്ജ്വമായ വിജയമുഹൂര്‍ത്തമായിരുന്നു അത്. 1969 ജൂലായ് 20-ന്, ഭൂമിയില്‍ കോടിക്കണക്കിനുപേരുടെ ആകാംക്ഷയുടെ പാരമ്യത്തില്‍, നീല്‍ ആംസ്‌ട്രോങ്ങും പിന്നാലെ എഡ്വിന്‍ ആല്‍ഡ്രിനും ചാന്ദ്രപ്രതലത്തിലിറങ്ങി. ഭൂമിക്കുപുറത്ത് മറ്റൊരു ഗോളത്തില്‍ മനുഷ്യന്‍ ആദ്യമായി എത്തുകയായിരുന്നു.
ആപ്പോളോ 11-ലെ ലൂണാര്‍ മൊഡ്യൂളായ'ഈഗിളി'ലാണ്, ചന്ദ്രനില്‍ 'പ്രശാന്തിയുടെ താഴ്‌വര' എന്നുപേരിട്ട സ്ഥലത്ത് അവര്‍ ഇറങ്ങിയത്. ജേതാക്കളായി അവര്‍ തിരികെയെത്തുന്നതുംകാത്ത്, 96 കിലോമീറ്റര്‍ മുകളില്‍ ചന്ദ്രനെ വലംവെക്കുന്ന ''കൊളംബിയ' എന്ന മുഖ്യപേടകത്തില്‍ മൈക്കല്‍ കോളിന്‍സ് ഉത്കണ്ഠയോടെ സമയം ചെലവിട്ടു.
ഈഗിള്‍ വാഹനം ചന്ദ്രനിലിറങ്ങി ആറുമണിക്കൂറും 39 മിനിറ്റും കഴിഞ്ഞാണ് ആംസ്‌ട്രോങ് പുറത്തിറങ്ങിയത്. 19 മിനിറ്റുകഴിഞ്ഞ് ആല്‍ഡ്രിനും. വാഹനത്തിനു പുറത്ത്, ചാന്ദ്രപ്രതലത്തില്‍ രണ്ടേകാല്‍ മണിക്കൂര്‍ ചെലവിട്ട അവര്‍, 21.5 കിലോഗ്രാം പാറയും മണ്ണും ഭൂമിയിലെത്തിക്കാനായി ശേഖരിച്ചു.
1960 ജൂലായ് 16-ന് യാത്രതിരിച്ച അപ്പോളോ 11 യാത്രികര്‍, ദൗത്യം പൂര്‍ത്തീകരിച്ച് ആ മാസം 24-ന് ഭൂമിയില്‍ തിരിച്ചെത്തിയത് ഏറ്റവും വലിയ യുദ്ധംജയിച്ച പോരാളികളെപ്പോലെയാണ്. അപ്പോളോ ദൗത്യത്തിനുപിന്നില്‍ പത്തുവര്‍ഷം വിയര്‍പ്പൊഴുക്കിയ നാലുലക്ഷം പേരുടെകൂടി വിജയമായിരുന്നു അത്!
കഥ അവിടെ അവസാനിച്ചില്ല. 1972-ല്‍ അപ്പോളോ പദ്ധതി അവസാനിക്കുമ്പോഴേക്കും ആംസ്‌ട്രോങ്ങിനും ആല്‍ഡ്രിനും പിന്നാലെ പത്ത് അമേരിക്കന്‍ ബഹിരാകാശയാത്രികര്‍കൂടി ചന്ദ്രനിലിറങ്ങിയിരുന്നു. മൊത്തം 12 പേര്‍.
1961-ലാരംഭിച്ച അപ്പോളോ പദ്ധതിക്കായി 2540 കോടി ഡോളറാണ് അമേരിക്ക ചെലവിട്ടത്. അന്നത്തെ യു.എസ്. മൊത്തം ഉത്പാദനത്തിന്റെ (ജി.ഡി.പി.) 2.5 ശതമാനം വരുമിത്.
ശീതയുദ്ധത്തിന്റെ സന്തതി
ശരിക്കുപറഞ്ഞാല്‍, രണ്ടാംലോകയുദ്ധത്തിനുശേഷം അമേരിക്കന്‍, സോവിയറ്റ് ചെരികള്‍ തമ്മിലുണ്ടായ ശക്തമായ ശിതയുദ്ധത്തിന്റെ സന്തതിയാണ് അപ്പോളോ പദ്ധതി. മനുഷ്യനിര്‍മിതമായ കൃത്രിമോപഗ്രഹം 'സ്പുട്‌നിക് 1' ബഹിരാകാശത്തെത്തിച്ചുകൊണ്ട് 1957 ഒക്ടോബര്‍ നാലിന് സോവിയറ്റ് യൂണിയന്‍ ബഹിരാകാശയുഗത്തിന് തുടക്കംകുറിച്ചു. 1961 ഏപ്രില്‍ 12-ന് ആദ്യമായി ഒരു മനുഷ്യനെ ബഹിരാകാശത്തെത്തിച്ച് സോവിയറ്റ് യൂണിയന്‍ വീണ്ടും ഗോളടിച്ചു. യൂറി ഗഗാറിന്‍ ആയിരുന്നു ബഹിരാകാശത്ത് ഭൂമിയെ വലംവെച്ച ആദ്യമനുഷ്യന്‍.
സ്വാഭാവികമായും ബഹിരാകാശ കിടമത്സരം ശക്തിപ്പെട്ടു. സോവിയറ്റ് ചേരിയോട് കണക്കുതീര്‍ക്കാനാണ് 1961-ല്‍ അമേരിക്ക അപ്പോളോ പദ്ധതി ആരംഭിക്കുന്നത്. പത്തുവര്‍ഷത്തിനകം മനുഷ്യനെ ചന്ദ്രനിലെത്തിക്കുകയായിരുന്നു ലക്ഷ്യം.
ആദ്യമായി മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയ 1969 ജൂലായ് 20, അപ്പോളോ പദ്ധതിയുടെ വിജയമുഹൂര്‍ത്തം മാത്രമായിരുന്നില്ല. ശീതയുദ്ധത്തിന്റെ ഭാഗമായ ബഹിരാകാശ കിടമത്സരത്തിന്റെ അന്ത്യംകൂടിയായിരുന്നു. അമേരിക്കയുടെ സമാനതകളില്ലാത്ത വിജയം അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നതായിരുന്നു അപ്പോളോ 11 ദൗത്യം.
Content Highlights: Apollo 11 landing anniversary