ഇത്രയ്ക്ക് വൈബായിരുന്നോ സക്കര്‍ബര്‍ഗ്? ഭാര്യയുടെ പിറന്നാളിൽ ആർത്തുല്ലസിച്ച് മെറ്റ മേധാവി-വീഡിയോ

ഭാര്യ പ്രിസില ചാനിന്‍റെ ജന്മദിന പാർട്ടിൽ മാർക്ക് സക്കർബർഗിന്‍റെ പ്രകടനം | Photo: Screengrab from the instagram reel video shared by Zuckerberg
ഭാര്യ പ്രിസില ചാനിന്‍റെ ജന്മദിന പാർട്ടിൽ മാർക്ക് സക്കർബർഗിന്‍റെ പ്രകടനം | Photo: Screengrab from the instagram reel video shared by Zuckerberg

സോഷ്യല്‍ മീഡിയാ ഭീമനായ മെറ്റയുടെ മേധാവിയും ഫേസ്ബുക്ക് സ്ഥാപകനുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ് ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരില്‍ ഒരാളാണ്. ഇങ്ങനെയൊക്കെയാണെങ്കിലും അന്തര്‍മുഖനായ, അധികമൊന്നും സംസാരിക്കാത്ത വ്യക്തിയാണ് സക്കര്‍ബര്‍ഗ് എന്നാണ് പലരുടേയും ധാരണ. ആ രീതിയിലാണ് പലപ്പോഴും അദ്ദേഹം പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടാറ്. 

എന്നാല്‍ സക്കര്‍ബര്‍ഗ് പങ്കുവെച്ച പുതിയ റീല്‍ ആ ധാരണകളെല്ലാം മാറ്റി മറിക്കുന്നതാണ്. ഭാര്യ പ്രിസില ചാനിന്റെ 40-ാം ജന്മദിനത്തോട് അനുബന്ധിച്ച് നടന്ന പാര്‍ട്ടിയ്ക്കിടയില്‍ അമേരിക്കന്‍ ഗായകനായ ബെന്‍സണ്‍ ബൂണിനെ അനുകരിച്ച് നടത്തിയ പ്രകടനത്തിന്റെ വീഡിയോയാണ് അദ്ദേഹം പങ്കുവെച്ചത്. ഈ വര്‍ഷത്തെ ഗ്രാമി വേദിയില്‍ ബെന്‍സണ്‍ ബൂണ്‍ നടത്തിയ പ്രകടനം അനുകരിക്കുകയായിരുന്നു മാര്‍ക്ക് സക്കര്‍ബര്‍ഗ്.

പതിവ് പോലെ കറുത്ത സ്യൂട്ടില്‍ സദസിലെത്തിയ സക്കര്‍ബര്‍ഗ് പെട്ടെന്നു തന്നെ രണ്ട് പേരുടെ സഹായത്തോടെ വേഷം മാറുകയും ബെന്‍സണ്‍ ബൂണ്‍ ഗ്രാമി വേദിയില്‍ ധരിച്ച അതേ നീല നിറത്തിലുള്ള ജംപ്‌സ്യൂട്ടിലേക്ക് മാറുകയും ചെയ്യുന്നു. ഒരു റോക്ക്‌സ്റ്റാറിനേ പോലെ വേദി കീഴടക്കുകയും സദസ്സിനെ ആവേശത്തിലാഴ്ത്തുകയും ചെയ്യുന്ന സക്കര്‍ബര്‍ഗിനെ ഈ വീഡിയോയില്‍ കാണാം. ഇത്രയേറെ ആവേശഭരിതനായി അദ്ദേഹത്തെ മുമ്പെങ്ങും കണ്ടിട്ടില്ല. 

പാര്‍ട്ടിയില്‍ വിവിധ വേഷങ്ങളിലെത്തിയ പ്രിസില ചാന്‍ ഫാഷന്‍ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എന്നാല്‍ ഫാഷന്റെ കാര്യത്തില്‍ താനും പിന്നിലല്ലെന്ന് സക്കര്‍ബര്‍ഗും തെളിയിച്ചു. പ്രിയതമന്റെ പ്രകടനത്തില്‍ ആഹ്ലാദത്തോടെ ചിരിക്കുന്ന പ്രിസില ചാനിനേയും വീഡിയോയില്‍ കാണാം. 

'എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനാവുന്നില്ല' എന്നാണ് ബെന്‍സണ്‍ ബൂണ്‍ ഈ റീല്‍ വീഡിയോയ്ക്ക് നല്‍കിയ കമന്റ്. 


 

Content Highlights: Mark Zuckerberg channels Benson Boone at his wife`s birthday party, surprising fans