ഡെലിവറി പാര്‍ട്‌നര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കി സൊമാറ്റോ
കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യ സേതു ആപ്ലിക്കേഷന്‍ എല്ലാ ജീവനക്കാരും നിര്‍ബന്ധമായും ഫോണില്‍ കരുതണമെന്ന നിര്‍ദേശവുമായി ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ സ്ഥാപനമായ സൊമാറ്റോ.
സ്ഥാപനത്തിലെ എല്ലാ ജീവനക്കാരും ഡെലിവറി പാര്‍ട്‌നര്‍മാരും ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് സൊമാറ്റോ സ്ഥാപകനായ ദീപിന്ദര്‍ ഗോയല്‍ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. കൊറോണ വൈറസ് ബാധിതരായ ആളുകള്‍ ഉള്ളയിടങ്ങളില്‍ തങ്ങള്‍ ചെന്നിട്ടുണ്ടോ എന്ന് സ്വയം അറിയാനും ആ വിവരം അധികാരികള്‍ അറിഞ്ഞിരിക്കാനും അത് വഴി രോഗം പടരുന്നത് തടയാനുമാവുമെന്ന് ഗോയല്‍ പറഞ്ഞു.
ആരോഗ്യസേതു ആപ്പ് ഉപയോഗിക്കുന്ന ജീവനക്കാര്‍ ആരൊക്കെയാണെന്ന് വെളിപ്പെടുത്തുകയും അതുവഴി ഉപയോക്താക്കള്‍ക്ക് അവശ്യസാധനങ്ങള്‍ വാങ്ങുന്നതിന് ധൈര്യം നല്‍കുകയും ചെയ്യും.
വ്യക്തികളുടെ ലൊക്കേഷന്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രോഗ ബാധിതനോ രോഗ സാധ്യതയോ ഉള്ള വ്യക്തികളെ പിന്തുടരുകയും മറ്റുള്ളവര്‍ക്ക് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ആരോഗ്യസേതു. കോടിക്കണക്കിനാളുകള്‍ ഇതിനോടകം ആപ്പ് ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു.
Content Highlights: Zomato make Aarogya Setu app mandatory for staff delivery-partners
Content Highlights: