അധ്യാപകർക്ക് പണി എളുപ്പമാകും, 30 സെക്കൻഡിൽ കോഴ്സുകൾ തയ്യാർ; സോഹോയുടെ ക്ലാസസ് 2.0

#ടെക്നോളജി ഡെസ്ക്
സോഹോ ക്ലാസസ് 2.0 | Photo: Zoho
സോഹോ ക്ലാസസ് 2.0 | Photo: Zoho

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വേണ്ടി ക്ലാസസ് 2.0 എന്ന എഐ അധിഷ്ഠിത ലേണിങ് മാനേജ്മെന്റ് സംവിധാനം അവതരിപ്പിച്ച് ഇന്ത്യൻ ഐടി കമ്പനിയായ സോഹോ. അധ്യാപനം, പഠനം, സ്റ്റുഡന്റ് മാനേജ്മെന്റ്, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണനിർവഹണം എന്നിവ ഒരു കുടക്കീഴിൽ കൊണ്ടുവരികയാണ് ഈ പ്ലാറ്റ്ഫോം ചെയ്യുന്നത്. ഇന്ത്യയിൽ നിർമിതമായ ഈ പ്ലാറ്റ്ഫോമിൽ 22 ഇന്ത്യൻ ഭാഷകൾ പിന്തുണയ്ക്കും. ലൈസൻസിങ് തുക ഈടാക്കാതെ തീർത്തും സൗജന്യമായാണ് രാജ്യത്തുടനീളമുള്ള സ്കൂളുകൾക്കും കോളേജുകൾക്കും സർവകലാശാലകൾക്കുമായി സോഹോ ഈ പ്ലാറ്റ്ഫോം ലഭ്യമാക്കുന്നത്.

ക്ലാസസ് 2.0-ന്റെ പ്രധാന സവിശേഷതകൾ

  • അധ്യാപകർക്കായി ലഭ്യമാക്കിയ എഐ കോഴ്‌സ് ബിൽഡർ ആണ് ഏറ്റവും മികച്ച സവിശേഷതകളിലൊന്ന് ഒരു സിലബസ് അല്ലെങ്കിൽ ഒരു വിഷയത്തിൽ അധിഷ്ഠിതമായ വെറും 30 സെക്കൻഡിനുള്ളിൽ ചിട്ടയായ കോഴ്‌സുകൾ തയ്യാറാക്കാൻ ഇതിന് കഴിയും. വീഡിയോ ലെസൺ ഔട്ട്‌ലൈനുകൾ, പഠന സാമഗ്രികൾ, അസൈൻമെന്റുകൾ, പ്രാക്ടീസ് ടെസ്റ്റുകൾ എന്നിവ ഇത് സ്വയമേവ തയ്യാറാക്കുകയും ചെയ്യും. അധ്യാപകർക്ക് 1 ലക്ഷത്തിലധികം കരിക്കുലം ടെംപ്ലേറ്റുകളിൽനിന്ന് തങ്ങൾക്ക് അനുയോജ്യമായവ തിരഞ്ഞെടുക്കാനും, പഠന സാമഗ്രികൾ എപ്പോൾ ലഭ്യമാക്കണം എന്ന് ക്രമീകരിക്കാനും സാധിക്കും. ക്ലാസിന് മുൻപ് തന്നെ കുട്ടികൾക്ക് പഠന സാമഗ്രികൾ ലഭ്യമാക്കുന്ന 'ഫ്ലിപ്പ്ഡ് ക്ലാസ്സ്റൂം' രീതികളും ഇത് പിന്തുണയ്ക്കുന്നു.
  • വിദ്യാർത്ഥികൾക്കായി മുഴുവൻ സമയവും (24/7) ലഭ്യമായ എഐ ട്യൂട്ടർ സൗകര്യം ലഭിക്കും. മൈക്രോലേണിംഗ് മൊഡ്യൂളുകളും ഗെയിമുകളിലൂടെയുള്ള പഠനാനുഭവങ്ങളും ഇതിലൂടെ ലഭ്യമാണ്.
  • അഡ്മിഷൻ മുതൽ കോഴ്സ് പൂർത്തിയാക്കുന്നത് വരെയുള്ള വിദ്യാർത്ഥികളുടെ മുഴുവൻ വിവരങ്ങളും കൈകാര്യം ചെയ്യാൻ ക്ലാസസ് 2.0 വിദ്യാഭ്യാസ സ്ഥാപനങ്ങളെ സഹായിക്കുന്നു. പഠനത്തിൽ കൂടുതൽ പിന്തുണ വേണ്ട വിദ്യാർത്ഥികളെ കണ്ടെത്താൻ എഐ (AI) ഉപയോഗിക്കുന്നു. ഡെവലപ്പർമാരുടെ സഹായമില്ലാതെ തന്നെ അഡ്മിഷൻ, സിലബസ് മാനേജ്മെന്റ് തുടങ്ങിയ ആവശ്യങ്ങൾക്കുള്ള ടൂളുകൾ സ്വന്തമായി നിർമ്മിക്കാൻ സ്ഥാപനങ്ങളെ സഹായിക്കുന്ന ലോ-കോഡ് മൈക്രോ ആപ്പ് ബിൽഡർ ഇതിൽ ലഭ്യമാണ്.
  • NAAC, NBA, UGC, NMC എന്നീ അക്രഡിറ്റേഷൻ മാനദണ്ഡങ്ങൾ പാലിക്കുന്ന പ്ലാറ്റ്‌ഫോം, ദേശീയ വിദ്യാഭ്യാസ നയത്തിനും (NEP 2020) അനുസൃതമായാണ് തയ്യാറാക്കിയിരിക്കുന്നത്. മെഡിക്കൽ കോളേജുകൾക്കായുള്ള പ്രത്യേക സംവിധാനങ്ങളും ഇതിലുണ്ട്.

നിലവിൽ എസ്‌ആർഎം ഇൻസ്റ്റിറ്റ്യൂട്ട്, വിദ്യാമന്ദിർ തുടങ്ങിയ സ്ഥാപനങ്ങളും മറ്റ് ചില സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളും സോഹോ ക്ലാസസ് ഉപയോഗിക്കുന്നുണ്ട്. 8 ദശലക്ഷത്തിലധികം നോട്ടിഫിക്കേഷനുകളും 1 ദശലക്ഷത്തിലധികം അസൈൻമെന്റുകളും ഇതിനോടകം ഈ പ്ലാറ്റ്‌ഫോം വഴി കൈകാര്യം ചെയ്തിട്ടുണ്ട്. ഇപ്പോൾ ഇന്ത്യയിൽ ലഭ്യമായിട്ടുള്ള ഈ സംവിധാനം വരും മാസങ്ങളിൽ ആഗോളതലത്തിലും അവതരിപ്പിക്കാൻ സോഹോ പദ്ധതിയിടുന്നുണ്ട്.

Content Highlights: Indian IT major Zoho has launched 'Classes 2.0', a completely free, AI-driven learning management system supporting 22 Indian languages to help educational institutions streamline teaching, administration, and curriculum building in compliance with NEP 2020.