പരസ്യങ്ങളില്ലാതെ വീഡിയോ കാണാം, യൂട്യൂബ് പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ ഇന്ത്യയില്‍- നേട്ടമെന്ത്?

യൂട്യൂബ് ലോഗോ | Photo: AFP
യൂട്യൂബ് ലോഗോ | Photo: AFP

യുഎസിന് പിന്നാലെ യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ ഇന്ത്യയിലുമെത്തിച്ച് ഗൂഗിൾ. പരസ്യങ്ങളില്ലാതെ വീഡിയോകള്‍ സ്ട്രീം ചെയ്യുന്നതിനായി യൂട്യൂബ് (YouTube) അവതരിപ്പിച്ച പുതിയ സബ്സ്‌ക്രിപ്ഷന്‍ പ്ലാനാണ് യൂട്യൂബ് പ്രീമിയം ലൈറ്റ്.

വിലയും നേട്ടങ്ങളും

ഒരു ബ്ലോഗ് പോസ്റ്റ് വഴിയാണ് ഗൂഗിള്‍ (Google) പുതിയ യൂട്യൂബ് പ്രീമിയം ലൈറ്റ് പ്ലാന്‍ പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ ഈ പുതിയ പ്ലാന്‍ വെറും 89 രൂപയ്ക്ക് ലഭ്യമാകും. ഈ പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് പരസ്യങ്ങളുടെ തടസങ്ങളില്ലാതെ തങ്ങളുടെ പ്രിയപ്പെട്ട വീഡിയോകള്‍ സ്ട്രീം ചെയ്യാന്‍ സാധിക്കും.

യൂട്യൂബിലെ വിവിധ വിഷയങ്ങളിലും വിഭാഗങ്ങളിലും ഉള്‍പ്പെടുന്ന വീഡിയോകളെല്ലാം ഈ പ്ലാനില്‍ പരസ്യരഹിതമായി ആസ്വദിക്കാം. യുട്യൂബിന്റെ സ്ഥിരം ഉപഭോക്താക്കള്‍ക്ക് ആശ്വാസകരമായ പ്ലാന്‍ ആയിരിക്കും ഇത്. ഈ സബ്സ്‌ക്രിപ്ഷന്‍ പ്ലാന്‍ ഫോണ്‍, ലാപ്‌ടോപ്പ്, ടിവി എന്നിവയുള്‍പ്പെടെയുള്ള എല്ലാ ഉപകരണങ്ങളിലും പ്രവര്‍ത്തിക്കുമെന്നും കമ്പനി എടുത്തുപറഞ്ഞിട്ടുണ്ട്.

പരിമിതിയെന്ത്?

യൂട്യൂബ് പ്രീമിയം ലൈറ്റ് പ്ലാന്‍ പരസ്യരഹിത വീഡിയോകള്‍ക്ക് സൗകര്യമൊരുക്കുന്നുണ്ടെങ്കിലും, ഇതില്‍ യൂട്യൂബ് മ്യൂസിക് (YouTube Music) ഉള്‍പ്പെടുന്നില്ല. യൂട്യൂബ് മ്യൂസിക് ലഭിക്കണമെങ്കില്‍ ഉപയോക്താക്കള്‍ പ്രീമിയം പ്ലാന്‍ എടുക്കേണ്ടതുണ്ട്, ഇതിന് ഒരു വര്‍ഷത്തേക്ക് 1490 രൂപയാണ് വില. യൂട്യൂബ് മ്യൂസിക് ഉള്‍പ്പെടാത്തതിനാല്‍, പാട്ടുകളും ഷോര്‍ട്ട്സുകളും (Shorts) ആസ്വദിക്കുമ്പോള്‍ പരസ്യങ്ങള്‍ ഉണ്ടാവും.

ലഭ്യതയും മറ്റ് പ്ലാനുകളും

ഈ പ്ലാന്‍ നിലവില്‍ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്, വരും ആഴ്ചകളില്‍ ഇത് ഇന്ത്യയില്‍ വ്യാപകമായി ലഭ്യമാകും. പ്രീമിയം, പ്രീമിയം ലൈറ്റ് പ്ലാനുകള്‍ കൂടാതെ, ഉപയോക്താക്കള്‍ക്ക് ഫാമിലി പ്ലാനും തിരഞ്ഞെടുക്കാം. വ്യക്തിഗത പ്ലാനിന് 149 രൂപയാണ് പ്രതിമാസ വില. രണ്ട് അംഗങ്ങള്‍ക്കുള്ള ഫാമിലി പ്ലാനിന് 299 രൂപ, 219 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍.

Content Highlights: YouTube has introduced the Premium Lite subscription plan in India for ₹89, offering users ad-free video streaming across all devices