കാഴ്ചക്കാരെ കിട്ടാന്‍ തെറ്റിദ്ധരിപ്പിക്കുന്ന ക്ലിക്ക് ബെയ്റ്റുകള്‍ വേണ്ട! നടപടിക്കൊരുങ്ങി യൂട്യൂബ്

Youtube Icon | Photo: AFP
Youtube Icon | Photo: AFP

കാഴ്ചക്കാരെ കിട്ടാന്‍ തെറ്റിദ്ധരിപ്പിക്കുന്ന ശീര്‍ഷകങ്ങളും തമ്പ് നെയിലും ഉപയോഗിക്കുന്നവര്‍ക്ക് പണി കൊടുക്കാനൊരുങ്ങുകയാണ് യൂട്യൂബ്. അങ്ങേയറ്റം മോശമായ ക്ലിക്ക് ബെയ്റ്റ് ശീര്‍ഷകങ്ങളും തമ്പ് നെയിലും ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനാണ് നീക്കം. 

വീഡിയോയില്‍ ഉള്‍പ്പെടുത്താത്ത  വാഗ്ദാനങ്ങളും അവകാശവാദങ്ങളും ശീര്‍ഷകത്തിലും തമ്പ് നെയിലിലും കാണിക്കാന്‍ പാടില്ലെന്നാണ് യൂട്യൂബ് പറയുന്നത്. പ്രത്യേകിച്ചും പുതിയ വാര്‍ത്തകളുമായും സമകാലീന വിഷയങ്ങളുമായും ബന്ധപ്പെട്ട വീഡിയോകളില്‍. 

കാഴ്ചക്കാരെ കൂട്ടാന്‍ വേണ്ടി ശീര്‍ഷകത്തിലും തമ്പ് നെയിലിലും വീഡിയോയുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ പറയുന്ന രീതി ചില കണ്ടന്റ് ക്രിയേറ്റര്‍മാര്‍ പ്രയോഗിക്കാറുണ്ട്. ക്ലിക്ക് ബെയ്റ്റുകള്‍ എന്നാണ് ഇതിനെ വിളിക്കുന്നത്. എന്നാല്‍ അങ്ങേയറ്റം മോശമായ ക്ലിക്ക് ബെയ്റ്റുകള്‍ കാഴ്ചക്കാരെ കബളിപ്പിക്കുന്നതും അസ്വസ്ഥമാക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് യൂട്യൂബ് പറയുന്നു. ചില പ്രധാനപ്പെട്ട വിവരങ്ങള്‍ യൂട്യൂബില്‍ തിരയുമ്പോഴാവും അതുമായി യാതൊരു ബന്ധവുമില്ലാത്ത വീഡിയോകള്‍ പ്രത്യക്ഷപ്പെടുക. 

തത്സമയ വാര്‍ത്തകള്‍ സമകാലീന വിഷയങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വീഡിയോകള്‍ യൂട്യൂബ് പരിശോധിക്കും. 

അതായത് ഏതെങ്കിലും പ്രാദേശിക സംഘടനയുടെ പ്രസിഡന്റ് രാജി വെച്ചാല്‍ 'പ്രസിഡന്റ് രാജിവെച്ചു' എന്ന് വലിയ തലക്കെട്ടിലും തമ്പ് നെയിലിലും നല്‍കിയാല്‍ പ്രസിഡന്റ് ഭരിക്കുന്ന നാടുകളിലെ ആളുകള്‍ ഒന്ന് ഞെട്ടും. അത് പക്ഷെ ഒരു തരം തെറ്റിദ്ധരിപ്പിക്കലാണ്, സമാനമായ വാചകങ്ങള്‍ തമ്പ്‌നെയിലിലും ശീര്‍ഷകത്തിലും ഉപയോഗിക്കുന്നത് വിലക്കും. തെറ്റിദ്ധരിപ്പിക്കുന്ന ശീര്‍ഷകങ്ങളും തമ്പ് നെയിലും ഉള്ള ഉള്ളടക്കങ്ങളുടെ പ്രചാരം യൂട്യൂബ് നിയന്ത്രിക്കും. സമയ ബന്ധിതമായി വീഡിയോയില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ ചാനലിനെതിരെ നടപടിയുണ്ടാവില്ല. 

എന്നാല്‍ ഇത്തരം ക്ലിക്ക് ബെയ്റ്റുകള്‍ കണ്ടെത്താനും നടപടി സ്വീകരിക്കാനും എന്ത് മാനദണ്ഡമാണ് സ്വീകരിക്കുകയെന്ന് കമ്പനി വ്യക്തമാക്കിയില്ല. ഉള്ളടക്കങ്ങള്‍ പിന്‍വലിക്കപ്പെട്ടാല്‍ ക്രിയേറ്റര്‍മാര്‍ പിന്നീട് ചെയ്യേണ്ട കാര്യങ്ങളും കമ്പനി വ്യക്തമാക്കിയിട്ടില്ല.
 

Content Highlights: YouTube is taking action against misleading clickbait titles and thumbnails