മെറ്റയുടെ ക്വസ്റ്റ് വിആര് ഹെഡ്സെറ്റില് എക്സ് ബോക്സ് ഗെയിമുകള്; പ്രഖ്യാപനവുമായി മൈക്രോസോഫ്റ്റ്

വിആര് ഗെയിമിങ് അനുഭവം സാധ്യമാക്കുന്നതിനായി കൈകോര്ത്ത് വന്കിട ടെക്ക് കമ്പനികളായ മൈക്രോസോഫ്റ്റും മെറ്റയും. എക്സ്ബോക്സ് ക്ലൗഡ് ഗെയിമിങ് ആപ്പിന്റെ ബീറ്റാ വേര്ഷന് ഇപ്പോള് മെറ്റയുടെ ക്വസ്റ്റ് വിആര് ഹെഡ്സെറ്റുകളില് ലഭിക്കും. ഇതോടെ എക്സ്ബോക്സിലെ സ്റ്റാര്ഫീല്ഡ്, ഫോര്സ മോട്ടോര്സ്പോര്ട്ട്, ഫാള്ഔട്ട് 4 തുടങ്ങിയ ജനപ്രിയ ഗെയിമുകള് വിആര് ഹെഡ്സെറ്റില് ആസ്വദിക്കാനാവും.
ക്വസ്റ്റ് 2, ക്ലസ്റ്റ് 3, ക്വസ്റ്റ് പ്രോ എന്നീ ഹെഡ്സെറ്റുകളില് എക്സ്ബോക്സ് ക്ലൗഡ് ബീറ്റാ ആപ്പ് പ്രവര്ത്തിക്കും. എക്സ് ബോക്സ് ഗെയിം പാസ് അള്ട്ടിമേറ്റ് സബ്സ്ക്രിപ്ഷന് ഉള്ളവര്ക്കാണ് ഗെയിമുകള് കളിക്കാനാവുക. 549 രൂപയാണ് ഈ പ്ലാനിന്റെ പ്രതിമാസ തുക.
മെറ്റ ക്വസ്റ്റ് സ്റ്റോറില് നിന്ന് എക്സ് ബോക്സ് ക്ലൗഡ് ഗെയിമിങ് (ബീറ്റ) ആപ്പ് ഹെഡ്സെറ്റില് ഇന്സ്റ്റാള് ചെയ്ത് ലോഗിന് ചെയ്ത് ആരംഭിക്കാം.
അതിന് മുമ്പ് വിആര് ഹെഡ്സെറ്റ് സോഫ്റ്റ് വെയര് അപ്ഡേറ്റ് ചെയ്തിരിക്കണം. ഒപ്പം ഹെഡ്സെറ്റുമായി ബന്ധിപ്പിക്കാവുന്ന ഗെയിം കണ്ട്രോളറും വേണം. എക്സ് ബോക്സ്, പ്ലേ സ്റ്റേഷന് 4, നിന്റെന്ഡോ സ്വിച്ച് പ്രോ കണ്ട്രോളറുകള് ഇതില് പ്രവര്ത്തിക്കും. താമസിയാതെ തന്നെ പ്ലേസ്റ്റേഷന് 5 കണ്ട്രോളറും പിന്തുണയ്ക്കുമെന്ന് മെറ്റ പറഞ്ഞു.
നൂറോളം ജനപ്രിയ എക്സ് ബോക്സ് ഗെയിമുകളാണ് എക്സ് ബോക്സ് ക്ലൗഡ് ഗെയിമിങ് ആപ്പ് വഴി ക്വസ്റ്റ് ഹെഡ്സെറ്റുകളില് ലഭിക്കുക. ഏതെങ്കിലും ഗെയിം കണ്സോള് ഇതിനായി ആവശ്യമില്ല. വലിയ 2ഡി സ്ക്രീന് ആണ് ഹെഡ്സെറ്റില് കാണുക. സാധാരണ ടിവി സ്ക്രീനിനേക്കാള് വലിയ സ്ക്രീനില് ഗെയിം കളിക്കാന് ഇതില് സാധിക്കും. നാല് വ്യത്യസ്ത വലിപ്പമുള്ള സ്ക്രീനുകള് ഉപഭോക്താക്കള്ക്ക് തിരഞ്ഞെടുക്കാം.
മെറ്റ ക്വസ്റ്റ് 3, ക്വസ്റ്റ് പ്രോ ഉപഭോക്താക്കള്ക്ക് ഹെഡ്സെറ്റിലൂടെ അവരുടെ പരിസരവും കാണാനാവും. ഇതിനായി സ്റ്റീരിയോസ്കോപ്പിക് ഫുള് കളര് പാസ് ത്രൂ ഫീച്ചര് ലഭ്യമാണ്.
Content Highlights: Xbox Cloud Gaming app comes to Meta Quest VR headsets