ഗുസ്തി പിടിച്ച് മഹാത്മ ഗാന്ധി...!; രാഷ്ട്രപിതാവിനെ അപമാനിച്ച് WWE 2K22 വീഡിയോ ഗെയിം

Photo: Screengrab from youtube Video
Photo: Screengrab from youtube Video

ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയെ അപമാനിച്ച് WWE 2K22 വീഡിയോ ഗെയിം. WWE 2K22 എന്ന ഗുസ്തി വീഡിയോ ഗെയിമിലാണ് ഗാന്ധിയുടേതെന്ന പേരില്‍ ഒരു അവതാര്‍ ചേര്‍ത്തിരിക്കുന്നത്. 

ഡബ്ല്യൂഡബ്ല്യൂഡബ്ല്യൂ ഫൈറ്റ്‌സ്, ഗെയിമിങ് ഈസ് ആന്‍ ആര്‍ട്ട് തുടങ്ങിയ യൂട്യൂബ് ചാനലുകളില്‍ ഗാന്ധിയുടെ അവതാര്‍ പ്രശസ്ത റെസ്‌ലിങ്‌ താരങ്ങളായ ബിഗ്‌ഷോയുമായും വീര്‍ മഹാനുമായുമെല്ലാം ഗുസ്തി പിടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ യൂട്യൂബില്‍ പങ്കുവെച്ചിട്ടുണ്ട്. 

ഗാന്ധിയുടേതിന് സമാനമായ മിതമായ വസ്ത്രങ്ങളും മുടിയില്ലാത്ത തലയും ശരീരപ്രകൃതിയുമുള്ള അവതാറാണ് ഇതിലുള്ളത്. മഹാത്മ ഗാന്ധിയെന്ന് തന്നെയാണ് ഈ കഥാപാത്രത്തെ വിളിക്കുന്നത്.

അതേസമയം, ഈ മത്സരത്തെ ആസ്വദിക്കുന്നവരും ഉണ്ട്. ഗാന്ധിയും ഗോഡ്‌സെയും തമ്മിലുള്ള മത്സരം വേണമെന്നും ഇക്കൂട്ടത്തില്‍ ചിലര്‍ ആവശ്യപ്പെടുന്നു. 

സംഭവത്തില്‍ വലിയ വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. രാഷ്ട്രപിതാവിനെ വെച്ച് ഇത്തരം തമാശകളും വിനോദങ്ങളും സാധ്യമാണോ എന്നും ഇതില്‍ കേസെടുക്കാത്തത് എന്തുകൊണ്ടാണെന്നും എന്ന് ചിലര്‍ ചോദിക്കുന്നു. ഗാന്ധിയെ വെച്ച് ഇത്തരം ഒരു ചിത്രീകരണം ദുഃഖകരമാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. 

മഹാത്മ ഗാന്ധിയെയും സുഭാഷ് ചന്ദ്രബോസിനോയും പോലുള്ള വ്യക്തിത്വങ്ങളെ അപമാനിക്കുന്നതിന് ആവിഷ്‌കാര സ്വാതന്ത്ര്യം ഉപയോഗിക്കാനാവില്ലെന്ന് 2015-ല്‍ സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു. ഗാന്ധി പറയുന്ന രീതിയില്‍ എഴുതിയ 'ഐ മെറ്റ് ഗാന്ധി' എന്ന കവിതയില്‍ മറാത്തി കവി വസന്ത് ദത്താത്രേയ ഗുര്‍ജര്‍ മോശം ഭാഷാ പ്രയോഗങ്ങള്‍ നടത്തിയതുമായി ബന്ധപ്പെട്ട് വന്ന കേസിലാണ് കോടതി ഈ നീരീക്ഷണം നടത്തിയത്.

2015-ല്‍ തന്നെ ഗാന്ധിയുടെ ചിത്രവും പേരും പതിച്ച് ബിയര്‍ പുറത്തിറക്കിയതിന്റെ പേരില്‍ ഒരു അമേരിക്കന്‍ കമ്പനിയ്ക്ക് മാപ്പ് പറയേണ്ടി വന്നിരുന്നു.

Content Highlights: WWE 2K22 insulting mahatma gandhi with rustling avatar