ദീർഘദൂര ഡ്രോൺ ആംബുലൻസ് വികസിപ്പിക്കാൻ അണ്ണാ സർവകലാശാല; പ്രോട്ടോടൈപ്പ് ഈ വർഷം പറക്കും

#സ്വന്തം ലേഖകന്‍
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

ചെന്നൈ: ലോകത്തിലെ ആദ്യത്തെ ദീർഘദൂര ഡ്രോൺ ആംബുലൻസ് വികസിപ്പിക്കാൻ അണ്ണാ സർവകലാശാല. ആന്ധ്രാപ്രദേശുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. അടിയന്തര ആരോഗ്യസംരക്ഷണം എന്ന ലക്ഷ്യത്തിലൂന്നി മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു വിഭാവനം ചെയ്ത പദ്ധതിയാണ് ഇതോടെ യാഥാർഥ്യമാവുക.

അണ്ണാ സർവകലാശാലയിലെ ഡോ. കലാം അഡ്വാൻസ്ഡ് യുഎവി റിസർച്ച് സെന്ററുമായി (സിഎഎസ്ആർ) ധാരണാപത്രം ഒപ്പുവെച്ചു. ഡ്രോൺ ആംബുലൻസിന് 150 കിലോഗ്രാം ഭാരം വഹിക്കാനും 90 മിനിറ്റുവരെ പറക്കാനും ശേഷിയുണ്ടായിരിക്കും. വിദൂര പ്രദേശങ്ങളിലും മെഡിക്കൽ സേവനങ്ങൾ കുറവുള്ള പ്രദേശങ്ങളിലും വേഗത്തിൽ ചികിത്സാ സൗകര്യം ഒരുക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഡ്രോൺ ആംബുലൻസുകൾ വരുന്നതോടെ അടിയന്തര മെഡിക്കൽ ലോജിസ്റ്റിക്‌സ് മെച്ചപ്പെടുമെന്നും ഇതുവഴി വിദൂര പ്രദേശങ്ങളിൽ അടിയന്തരമായ മികച്ച ചികിത്സ നൽകാനാവുമെന്നും സിഎഎസ്ആർ ഡയറക്ടർ കെ. സെന്തിൽ കുമാർ പറഞ്ഞു.

1,000 മുതൽ 1,200 അടി വരെ ഉയരത്തിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വേഗത്തിൽ ഡ്രോൺ ആംബുലൻസുകൾക്ക് പറക്കാനാവും. രോഗികളെ കൊണ്ടുപോകുന്നതിനു പുറമേ, ജീവൻരക്ഷാ മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, രക്തം ഉൾപ്പെടെ പരിശോധനാ സാംപിളുകൾ തുടങ്ങിയവ വേഗത്തിൽ എത്തിക്കാനാവും. ഒരു പാരാമെഡിക്കൽ അംഗത്തെ ഉൾക്കൊള്ളാൻ വേണ്ടി ഡ്രോൺ ആംബുലൻസിന്റെ ഭാരം വഹിക്കാനുള്ള ശേഷി വർധിപ്പിക്കുമെന്നും സെന്തിൽ കുമാർ വ്യക്തമാക്കി.

ഡ്രോൺ ആംബുലൻസിന് മേൽക്കൂരകളിലോ തുറന്ന സ്ഥലങ്ങളിലോ ഇറങ്ങാൻ സാധിക്കും. ഇതുവഴി അടിയന്തര പരിചരണം ആവശ്യമുള്ള രോഗികളെ 50 കിലോമീറ്റർ ചുറ്റളവിലുള്ള ഏറ്റവും അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിക്കാൻ സാധിക്കും. സമഗ്രമായ ട്രാഫിക് മാനേജ്മെന്റ് സംവിധാനം നടപ്പാക്കുന്നതിനാൽ ഡ്രോണുകളുടെ തത്സമയ ട്രാക്കിങ്, യാത്രയ്ക്കിടെയുള്ള പ്രയാസങ്ങൾ തുടങ്ങിയവ കൃത്യമായി നിരീക്ഷിച്ച് നടപടിയെടുക്കാനാവുമെന്നും ഡോ. സെന്തിൽ കുമാർ പറഞ്ഞു. ഏറ്റവും കുറഞ്ഞ ഭാരം വഹിക്കാനാവുന്ന തരത്തിലുള്ള ആദ്യത്തെ പ്രോട്ടോടൈപ്പ് ഡ്രോൺ ആംബുലൻസ് ഈ വർഷം മേയ് ആദ്യ വാരം പറക്കുമെന്നും ഡോ. സെന്തിൽ കുമാർ പറഞ്ഞു.

Content Highlights: Anna University and Andhra Pradesh collaborate to develop the world`s first long-range drone ambulance, improving emergency healthcare in remote areas.