ആരാണ് ഡാർക്ക് സ്റ്റോം ടീം; എക്സിലെ സൈബർ ആക്രമണത്തിന് പിന്നിൽ യുക്രൈയിൻ ബന്ധമോ?

AI Image created by  Mathrubhumi.com
AI Image created by Mathrubhumi.com

ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോമായ 'എക്‌സി'ന്റെ പ്രവര്‍ത്തനത്തില്‍ ഇന്ത്യയുൾപ്പടെ വിവിധ രാജ്യങ്ങളിൽ കഴിഞ്ഞദിവസം തടസ്സം നേരിട്ടിരുന്നു. യു.കെ, യു.എസ്, ഇന്ത്യ, ഓസ്‌ട്രേലിയ, കാനഡ എന്നിവയുൾപ്പെടെ പ്രധാന രാജ്യങ്ങളിലാണ് തിങ്കളാഴ്ച പലവട്ടം തടസ്സം നേരിട്ടത്. ലോകമെമ്പാടുമുള്ള 40,000ത്തിലധികം ഉപയോക്താക്കൾ സേവനത്തിലുണ്ടായ തടസ്സം സംബന്ധിച്ച പരാതികൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. സംഭവത്തിൽ ആദ്യഘട്ടത്തിൽ മൗനം പാലിച്ച ഇലോൺ മസ്‌ക്, പിന്നീട് വൻ സൈബർ അറ്റാക്കാണ് എക്സിനെതിരേ നടന്നതെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു രം​ഗത്തുവന്നത്.  'എക്സ്' പണിമുടക്കിയതിനു പിന്നിൽ ഒരു വലിയ സംഘമോ അല്ലെങ്കിൽ ഒരു രാജ്യമോ ആയിരിക്കാമെന്നായിരുന്നു മസ്കിന്റെ വാദം.  

മസ്കിന്റെ പ്രസ്താവനയ്ക്കു പിന്നാലെ, എക്സ് പണിമുടക്കിയതിന്റെ ഉത്തരവാദിത്തം ഡാർക്ക് സ്റ്റോം എന്ന ഹാക്കർ സംഘം ഏറ്റെടുത്തിരിക്കുകയാണ്. 2023-ൽ സ്ഥാപിതമായ ഈ ​ഗ്രൂപ്പ് നരവധി സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നതായും ഉന്നത സുരക്ഷാ സംവിധാനങ്ങളെ പോലും ലക്ഷ്യമിട്ടിരുന്നതായും റിപ്പോർട്ടുണ്ട്. ഓഫ് ലൈനായി എക്സ് തങ്ങൾ ആക്സസ് ചെയ്തുവെന്ന് അവകാശപ്പെട്ടുകൊണ്ട്  ഡാർക്ക് സ്റ്റോം  തങ്ങളുടെ ടെല​ഗ്രാം അക്കൗണ്ടിലൂടെ തെളിവുകളടക്കം പുറത്തുവിട്ടു. 

 മുമ്പും ഇവര്‍ വിവിധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെയും ഇത്തരത്തില്‍ സൈബര്‍ ആക്രമണം നടത്തിയിട്ടുണ്ട്. ഡാര്‍ക്ക് സ്റ്റോം പലസ്തീന്‍ അനുകൂല അജണ്ട ഉള്ള സംഘമാണെന്നാണ് ഓറഞ്ച് സൈബര്‍ ഡിഫന്‍സ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2024 ഫെബ്രുവരിയില്‍ നാറ്റോ രാജ്യങ്ങള്‍, ഇസ്രയേല്‍, അവരുടെ സഖ്യകക്ഷികള്‍ എന്നിവര്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്താനുള്ള പദ്ധതികള്‍ ഈ സംഘം പ്രഖ്യാപിച്ചിരുന്നു. വളരെ സംഘടിതമായ രീതിയില്‍ സൈബര്‍ ആക്രമണങ്ങള്‍ നടത്തുന്നതിന് ലോകമെമ്പാടും കുപ്രസിദ്ധരാണ് ഈ ഗ്രൂപ്പിലെ ഹാക്കര്‍മാര്‍. 

ഡി ഡോസ് ആക്രമണം (DDoS Attack) 

എക്സിനെതിരേ ഉണ്ടായത് ഒരു ഡിസ്ട്രിബ്യൂട്ടഡ് ഡിനയൽ-ഓഫ്-സർവീസ് (DDoS) ആക്രമണമായിരിക്കാമെന്നാണ് റിപ്പോർട്ടുകൾ. വെബ്‌സൈറ്റുകളിലേക്ക് കൃത്രിമമായി വലിയ ട്രാഫിക് സൃഷ്ടിച്ച് വെബ്‌സൈറ്റിന്റെ പ്രവർത്തനം തടസപ്പെടുത്തുംവിധമുള്ള സൈബറാക്രമണമാണ് ഡിഡോസ് ആക്രമണം.

വെബ്‌സൈറ്റുകളിലെത്തുന്ന സന്ദർശകരുടെ ഇടപെടലിനെയാണ് ട്രാഫിക് എന്ന് പറയുന്നത്. ഒരു വെബ്‌സൈറ്റിന്റെ സെർവറിന് താങ്ങാനാവുന്നതിനേക്കാൾ കൂടുതൽ ട്രാഫിക് കൃത്രിമമായി സൃഷ്ടിക്കുകയാണ് ഹാക്കർമാർ ചെയ്യുക. അതോടെ വെബ്‌സൈറ്റിന് പ്രവർത്തിക്കാനാകാതെവരും. 

ബോട്ട്‌നെറ്റുകൾ ഉപയോഗിച്ച് ലക്ഷ്യമിടുന്ന വെബ്‌സൈറ്റിലേക്ക് അസംഖ്യം റിക്വസ്റ്റുകൾ അയച്ചാണ് ഹാക്കർമാർ ഇത് ചെയ്യുന്നത്. എക്സിനെതിരേ ഒന്നിലധികം ഡി ഡോസ് ആക്രമണം നടന്നുവെന്നാണ് റോയ്റ്റേഴ്സ് റിപ്പോർട്ടുചെയ്യുന്നത്. 

യുക്രൈയിൻ ബന്ധം
 
യുക്രൈനിലെ ഐപി അഡ്രസിൽ നിന്നാണ് ആക്രമണം തുടങ്ങിയതെന്നാണ് മസ്ക് ഫോക്സ് ബിസിനസ് ചാനൽ അഭിമുഖത്തിൽ പറഞ്ഞത്. ശരിക്കും എന്താണ് സംഭവിച്ചത് എന്ന കാര്യത്തിൽ തങ്ങൾക്ക് വ്യക്തതയില്ലെന്നും നിലവിൽ പ്രശ്നങ്ങൾ പരിഹരിച്ചതായും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ആക്രമണകാരികൾ പലപ്പോഴും തങ്ങളുടെ യഥാർഥ ഐപി മറച്ച് മറ്റ് രാജ്യങ്ങളിലെ ഐപി സംവിധാനങ്ങളിലൂടെ ഇത്തരം ആക്രമണം നടത്താറുണ്ടെന്നാണ് വിദ​ഗ്ധർ പറയുന്നത്. 

Content Highlights: Who is Dark Storm Team and All about hacking group behind X