ചാറ്റുകൾ ബാക്കപ്പ് ചെയ്യാൻ ഗൂഗിൾ ഡ്രൈവിന് പകരം വാട്സാപ്പ് സ്വന്തം ക്ലൗഡ് സേവനം ആരംഭിച്ചേക്കും

വാട്സാപ്പ് സ്വന്തമായി ക്ലൗഡ് ബാക്കപ്പ് സേവനം ആരംഭിച്ചേക്കും. നിലവിൽ ചാറ്റുകൾ ബാക്കപ്പ് ചെയ്യുന്നതിന് ഗൂഗിൾ ഡ്രൈവിനെയോ ആപ്പിൾ ഐക്ലൗഡിനെയോ ആണ് വാട്സാപ്പ് ആശ്രയിക്കുന്നത്. ഇതിന് പകരമായാണ് സ്വന്തം ക്ലൗഡ് സേവനം അവതരിപ്പിക്കാൻ വാട്സാപ്പ് ആലോചിക്കുന്നത്. വാട്സാപ്പ് ട്രാക്കിങ് വെബ്സൈറ്റായ വാബീറ്റാ ഇൻഫോയാണ് ഈ വിവരം പുറത്തുവിട്ടത്.
ഈ ബാക്കപ്പ് ഫീച്ചറിലൂടെ ഉപഭോക്താവിന് രണ്ട് ജിബി സൗജന്യ സ്റ്റോറേജ് ലഭ്യമാവും. പണം നൽകിയാൽ കൂടുതൽ സ്റ്റോറേജ് വാങ്ങുകയും ചെയ്യാം. സബ്സ്ക്രിപ്ഷൻ എടുക്കുന്നവർക്ക് 50 ജിബി സ്റ്റോറേജാണ് ലഭിക്കുക. പാസ് കീകളും എൻക്രിപ്ഷൻ കീകളും ഉപയോഗിച്ചുള്ള സംരക്ഷണവും ഈ ബാക്കപ്പ് ഡാറ്റയ്ക്കുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
പുതിയ ക്ലൗഡ് സ്റ്റോറേജ് സേവനം എത്തുന്നതോടെ ബാക്കപ്പ് കൈകാര്യം ചെയ്യുന്നതിൽ വാട്സാപ്പിന് കൂടുതൽ നിയന്ത്രണം ഇതുവഴി ലഭിക്കും. ഫീച്ചറിന്റെ സ്ക്രീൻഷോട്ടും റിപ്പോർട്ടിൽ ഉൾപ്പെടുന്നുണ്ട്. നിലവിൽ ഫീച്ചർ നിർമാണ ഘട്ടത്തിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഫീച്ചർ നിലവിൽ വരുന്നതോടെ ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് വാട്സാപ്പ് സ്റ്റോറേജോ അല്ലെങ്കിൽ ഗൂഗിൾ ഡ്രൈവോ താല്പര്യം അനുസരിച്ച് തിരഞ്ഞെടുക്കാം.
Content Highlights: WhatsApp is developing its own native cloud backup service to reduce reliance on Google Drive and iCloud, offering 2GB of free storage and paid tiers up to 50GB with enhanced encryption.