വാട്സാപ്പിലെ ഈ പുതിയ ഫീച്ചർ ഇഷ്ടപ്പെടും; മെറ്റ എഐ ഇമേജ് എക്സ്പാൻഷൻ പരീക്ഷണത്തിൽ

#ടെക്നോളജി ഡെസ്ക്
വാട്സാപ്പ് ലോഗോ | Photo: Gettyimages
വാട്സാപ്പ് ലോഗോ | Photo: Gettyimages

ഐഫോൺ ഉപയോക്താക്കൾക്കായി ഫോട്ടോകൾ എഐ ഉപയോഗിച്ച് വികസിപ്പിക്കാൻ (Image Expansion) സഹായിക്കുന്ന പുതിയ ഫീച്ചർ വാട്സാപ്പ് പരീക്ഷിക്കുന്നതായി റിപ്പോർട്ട്. വാട്സാപ്പിന്റെ ഡ്രോയിങ് എഡിറ്ററിൽ നേരിട്ട് ചിത്രങ്ങൾ എക്സ്പാൻഡ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ഈ സംവിധാനം. ആപ്പിളിന്റെ ടെസ്റ്റ്‌ഫ്ലൈറ്റ് പ്രോഗ്രാം വഴി ലഭ്യമായ വാട്സാപ്പ് ബീറ്റ ഐഒഎസ് പതിപ്പ് 26.44.10.16-ൽ ആണ് ഈ ഫീച്ചർ കണ്ടെത്തിയതെന്ന് വാട്സാപ്പ് ഫീച്ചർ ട്രാക്കറായ വാബീറ്റാ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.

നിലവിലുള്ള ചിത്രങ്ങളുടെ വശങ്ങൾ മെറ്റ എഐ വിശകലനം ചെയ്യുകയും ആ ചിത്രത്തിന്റെ പശ്ചാത്തലത്തിന് അനുയോജ്യമായ കൂടുതൽ ദൃശ്യവിവരങ്ങൾ നിർമിച്ച് അതിനെ സ്വാഭാവികമായ രീതിയിൽ 9:16 വെർട്ടിക്കൽ ഫോർമാറ്റിലേക്ക് മാറ്റുകയും ചെയ്യുന്നു.

ഒരു ചാറ്റിലേക്കോ ഗ്രൂപ്പിലേക്കോ ഫോട്ടോ അയക്കാനായി തിരഞ്ഞെടുക്കുമ്പോൾ ലഭ്യമാകുന്ന ഡ്രോയിങ് എഡിറ്ററിൽ പുതിയ ഇമേജ് എക്സ്പാൻഷൻ ഓപ്ഷൻ കാണാം. ഇത് തിരഞ്ഞെടുത്താൽ ഏതാനും സെക്കൻഡുകൾക്കുള്ളിൽ മെറ്റ എഐ ചിത്രം എക്സ്പാൻഡ് ചെയ്തു നൽകും. ശേഷം ഇങ്ങനെ നിർമിച്ച ചിത്രത്തിന്റെ പ്രിവ്യൂ പരിശോധിക്കാം. എഐ ഉപയോഗിച്ച് വികസിപ്പിച്ച ചിത്രം തൃപ്തികരമല്ലെങ്കിൽ അത് പഴയപടിയാക്കാനും അല്ലെങ്കിൽ മറ്റൊരു പതിപ്പ് നിർമിക്കാനും സാധിക്കും.

വ്യക്തിഗത ചാറ്റുകളിലും അല്ലെങ്കിൽ ഗ്രൂപ്പ് ചാറ്റുകളിലും മാത്രമല്ല, വാട്സാപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റുകൾക്കും ഈ സൗകര്യം ഉപയോഗിക്കാം. ലാൻഡ്‌സ്‌കേപ്പ്, സ്ക്വയർ ചിത്രങ്ങൾ ഫുൾ-സ്ക്രീൻ ഫോർമാറ്റിൽ സ്റ്റാറ്റസായി പങ്കിടാൻ മറ്റ് എഡിറ്റിങ് ആപ്പുകളെ ഇനി ആശ്രയിക്കേണ്ടി വരില്ല.

Content Highlights: WhatsApp is currently testing a new Meta AI-powered image expansion tool for iOS that allows users to seamlessly convert square or landscape photos into a 9:16 vertical format. This upcoming feature, integrated directly into the drawing editor, will eliminate the need for third-party editing apps when adjusting images for status updates or chats.