വാട്സാപ്പിൽ പ്രായം ചോദിച്ച് പുതിയ പോപ്പ്-അപ്പ്, ഉപയോക്താക്കൾ അറിയേണ്ടതെല്ലാം!

#ടെക്നോളജി ഡെസ്ക്
വാട്സാപ്പ് | Photo: Gettyimages
വാട്സാപ്പ് | Photo: Gettyimages

ന്യൂഡൽഹി: ഇന്ത്യയിൽ വരാനിരിക്കുന്ന ഡിജിറ്റൽ പേഴ്‌സണൽ ഡേറ്റാ പ്രൊട്ടക്ഷൻ (ഡി.പി.ഡി.പി.) നിയമത്തിന്റെ ഭാഗമായി, ഉപയോക്താക്കളുടെ പ്രായം സ്ഥിരീകരിക്കാനുള്ള പുതിയ ഫീച്ചറുകൾ വാട്‌സാപ്പ് പരീക്ഷിക്കുന്നു. നിലവിൽ ഇത് നിർബന്ധമല്ലെന്നും ഉപയോക്താക്കളുടെ പ്രായം സംബന്ധിച്ച വിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്നും വാട്‌സാപ്പ് വ്യക്തമാക്കി.

ഡി.പി.ഡി.പി. നിയമപ്രകാരം 18 വയസ്സിനു താഴെയുള്ള കുട്ടികളുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും മാതാപിതാക്കളുടെയോ നിയമപരമായ രക്ഷിതാക്കളുടെയോ അനുമതി നിർബന്ധമാണ്. കുട്ടികളെ ലക്ഷ്യമാക്കിയുള്ള പരസ്യങ്ങൾ, ട്രാക്കിങ്, ഡേറ്റാ ദുരുപയോഗം ചെയ്യൽ എന്നിവ കർശനമായി വിലക്കിയിട്ടുണ്ട്. നിയമം പൂർണമായി നടപ്പാകുന്നതിനുമുൻപ് സിസ്റ്റം സജ്ജമാക്കാനാണ് വാട്‌സാപ്പ് ഇപ്പോൾ പ്രായം ചോദിച്ചുകൊണ്ടുള്ള പോപ്പ്-അപ്പ് സന്ദേശങ്ങൾ ഉപയോക്താക്കൾക്ക് നൽകിത്തുടങ്ങിയത്.

ഫോൺ നമ്പർ പങ്കിടാതെ ആളുകളുമായി ആശയവിനിമയം നടത്താൻ സഹായിക്കുന്ന ‘യൂസർനെയിം’ ഫീച്ചർ അവതരിപ്പിക്കാൻ വാട്‌സാപ്പ് പദ്ധതിയിട്ടിരുന്നു. എന്നാൽ, ഇത് തത്കാലം ഉണ്ടാകില്ല. വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കുന്നതിനും തട്ടിപ്പുകൾക്കും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ഐ.ടി. മന്ത്രാലയം വാട്‌സാപ്പിന് നോട്ടീസ് അയച്ചിരുന്നു. സർക്കാരുമായുള്ള ചർച്ചകൾ പൂർത്തിയാകുന്നതുവരെ ഈ ഫീച്ചർ ഇന്ത്യയിൽ അവതരിപ്പിക്കില്ലെന്ന് വാട്‌സാപ്പ് ഉറപ്പുനൽകി.

വാട്‌സാപ്പിന് പുറമെ, ടെലഗ്രാം, സിഗ്നൽ തുടങ്ങിയ മറ്റ് മെസേജിങ് ആപ്പുകൾക്കും യൂസർനെയിം ഫീച്ചറിലെ തട്ടിപ്പുകൾ തടയുന്നതുമായി ബന്ധപ്പെട്ട് ഐ.ടി. മന്ത്രാലയം നോട്ടീസ് നൽകിയിട്ടുണ്ട്.

Content Highlights: WhatsApp has begun testing a new age verification feature in India to comply with the upcoming Digital Personal Data Protection (DPDP) Act, while temporarily shelving its proposed username feature following concerns raised by the Union IT Ministry regarding potential cyber fraud.