പൂർണമായും സെൽഫ് ഡ്രൈവിങ് കാറോ?; ചില ഘട്ടങ്ങളിൽ വിദൂര നിയന്ത്രണത്തിന് ആളുണ്ടെന്ന് വെയ്‌മോ

സെൽഫ് ഡ്രൈവിങ് കാറുകൾ ഡ്രൈവറില്ലാതെ ഓടുന്നത് സാങ്കേതികവിദ്യയുടെ പിന്തുണയോടെ മാത്രമാണോ? പൂർണമായും അങ്ങനെയല്ലെന്ന സൂചന നൽകുന്നതാണ് ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള വെയ്‌മോയുടെ വെളിപ്പെടുത്തൽ. സെൽഫ് ഡ്രൈവിങ് കാറുകളുടെ തടസമില്ലാത്ത പ്രവർത്തനം സാധ്യമാക്കാൻ ഫിലിപ്പീൻസിൽ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടെന്നാണ് വെയ്‌മോ അധികൃതർ വെളിപ്പെടുത്തിയിട്ടുള്ളത്. സ്വയം ഓടിക്കുന്ന കാറുകളുടെ സുരക്ഷയെക്കുറിച്ചുള്ള യുഎസ് സെനറ്റ് ഹിയറിങ്ങിനിടെയാണ് നിർണായക വെളിപ്പെടുത്തൽ.
ഓട്ടോണമസ് വാഹനങ്ങൾക്ക് വിദൂരത്തുനിന്ന് സഹായം നൽകാൻ ഫിലിപ്പീൻസിലുള്ള ജീവനക്കാരെ കമ്പനി ഉപയോഗിക്കുന്നതായി വെയ്‌മോയുടെ ചീഫ് സേഫ്റ്റി ഓഫീസറാണ് വെളിപ്പെടുത്തിയത്. 2025 ജനുവരിയിൽ സ്‌കൂൾ സോണിൽ ഒരു റോബോട്ടാക്‌സി ഒരു കുട്ടിയെ ഇടിച്ച സംഭവത്തിലടക്കം വെയ്‌മോ വാഹനങ്ങൾക്കെതിരെ നിരവധി ഫെഡറൽ സുരക്ഷാ അന്വേഷണങ്ങൾ നടക്കുന്നതിനിടെയാണിത്. അസാധാരണമായ സാഹചര്യങ്ങളിൽ കമ്പനിയുടെ റോബോട്ടാക്‌സികൾക്ക് വിദൂര ഡ്രൈവർമാരുടെ നിയന്ത്രണത്തിലേക്ക് മാറാൻ കഴിയുമെന്ന് വെയ്‌മോയുടെ ചീഫ് സേഫ്റ്റി ഓഫീസറായ മൗറീസിയോ പെന യുഎസ് സെനറ്റ് കമ്മിറ്റിക്ക് മുൻപാകെ മൊഴി നൽകി.
ഈ വിദൂര ഡ്രൈവർമാർ അമേരിക്കയിലും മറ്റ് വിദേശ രാജ്യങ്ങളിലും ഫിലിപ്പീൻസിലുമാണ് ഉള്ളത്. സങ്കീർണ്ണമായ സാഹചര്യങ്ങളിൽ നാവിഗേറ്റ് ചെയ്യാൻ വാഹനങ്ങളെ സഹായിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഇവർ നൽകുന്നുണ്ട്. ഇത്തരത്തിലുള്ള വിദേശ ഓപ്പറേറ്റർമാർ കൂടുതലും ഫിലിപ്പീൻസിലാണെന്ന് ചോദ്യംചെയ്യലിനിടെ പെന സ്ഥിരീകരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
'ഫ്‌ളീറ്റ് റെസ്‌പോൺസ് ഏജന്റ്‌സ്' എന്ന് വിളിക്കപ്പെടുന്ന ഈ ജീവനക്കാർ വാഹനങ്ങളെ വിദൂരമായി സ്റ്റിയർ ചെയ്യുകയോ ബ്രേക്ക് ചെയ്യുകയോ ആക്‌സിലറേറ്റ് ചെയ്യുകയോ ചെയ്യുന്നില്ലെന്ന് കമ്പനി പറയുന്നു. പകരം AI സംവിധാനങ്ങൾ പ്രവർത്തിക്കാതെ വരുമ്പോൾ സന്ദർഭോചിതമായ മാർഗ്ഗനിർദ്ദേശം നൽകുകയാണ് ചെയ്യുന്നത്. അവർ മാർഗ്ഗനിർദ്ദേശം നൽകുന്നു, എന്നാൽ വാഹനങ്ങളെ വിദൂരമായി നിയന്ത്രിക്കുന്നില്ല. വാഹനം എല്ലായ്‌പ്പോഴും ഡൈനാമിക് ഡ്രൈവിംഗ് സംവിധാനത്തിന്റെ നിയന്ത്രണത്തിലായിരിക്കും. ജീവനക്കാർ ഒരു അധിക ഇൻപുട്ട് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. അതിനിടെ, സെനറ്റർമാർ വെയ്‌മോയുടെ വിദൂര ഡ്രൈവർമാരുടെ പ്രവർത്തനത്തിൽ ആശങ്ക രേഖപ്പെടുത്തി. സൈബർ സുരക്ഷാ ആശങ്കകൾ അടക്കമുള്ളവയാണ് അവർ ചൂണ്ടിക്കാട്ടിയത്. നിലവിൽ യുഎസിലാണ് കമ്പനി പ്രവർത്തിക്കുന്നത്. അറ്റ്‌ലാന്റ, ലോസ് ആഞ്ജലിസ്, മിയാമി, ഫീനിക്‌സ്, സാൻ ഫ്രാൻസിസ്‌കോ ബേ ഏരിയ, ഓസ്റ്റിൻ. ബോസ്റ്റൺ, ഡാലസ്, ഡെൻവർ, ലാസ് വെഗാസ്, വാഷിംഗ്ടൺ ഡിസി, ലണ്ടൻ എന്നിവിടങ്ങളിലേക്കും വിപുലീകരിക്കാൻ അവർ ശ്രമിക്കുന്നുണ്ട്.
Content Highlights: Waymo uses remote workers in the Philippines for self-driving car guidance. Learn about safety, cybersecurity risks, and job offshoring concerns raised in Senate hearings.