മഡുറോയുടെ പതനം ക്രിപ്‌റ്റോ പ്ലാറ്റ്‌ഫോമിൽ പ്രവചിച്ചു; വൻതുക നേടി അജ്ഞാതൻ, വിവരം ചോർന്നോ?

#ടെക്‌നോളജി ഡെസ്‌ക്
1. നിക്കൊളാസ് മഡുറോ 2. മഡുറോയുമായി വാഹനവ്യൂഹം കോടതിയിലേക്ക് | Photo - AFP
1. നിക്കൊളാസ് മഡുറോ 2. മഡുറോയുമായി വാഹനവ്യൂഹം കോടതിയിലേക്ക് | Photo - AFP

ലോകത്തെ ഞെട്ടിച്ച നീക്കത്തിലൂടെയാണ് വെനസ്വേല പ്രസിഡന്റ് നിക്കൊളാസ് മഡുറോയെ അമേരിക്കൻ സൈന്യം അറസ്റ്റുചെയ്ത് കൊണ്ടുപോയത്. അതീവ രഹസ്യമായി ആസൂത്രണംചെയ്ത് നടപ്പാക്കിയ പദ്ധതി ആരെയും അമ്പരപ്പിക്കുകന്നതായിരുന്നു. എന്നാൽ രഹസ്യ നീക്കം സംബന്ധിച്ച സൂചനകൾ ആർക്കെങ്കിലും ചോർന്ന് കിട്ടിയിരുന്നോ എന്ന സംശയം ഉയർത്തുന്നതാണ് ക്രിപ്റ്റോ പ്ലാറ്റ്ഫോമായ ജീഹ്യാമൃസലേൽ നടന്ന വാതുവെപ്പുകളെക്കുറിച്ച് പുറത്തുവരുന്ന വിവരങ്ങൾ.

വെനസ്വേലയുടെ പ്രസിഡന്റ് അറസ്റ്റിലായവിവരം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് ഇക്കാര്യം പ്രവചിച്ച ചൂതാട്ടക്കാരൻ 436,000 അമേരിക്കൻ ഡോളർ (39333808 കോടിയിലധികം ഇന്ത്യൻ രൂപ) സ്വന്തമാക്കി എന്നാണ് പുറത്തുവരുന്ന വിവരം. ഇതാണ് അമേരിക്കൻ ഓപ്പറേഷനെക്കുറിച്ചുള്ള രഹസ്യ വിവരങ്ങളിൽ നിന്ന് ആരെങ്കിലും സാമ്പത്തിക ലാഭം നേടിയോ എന്ന ചോദ്യങ്ങൾ ഉയർത്തുന്നുതെന്ന് ബിബിസി റിപ്പോർട്ടു ചെയ്യുന്നു.

നിക്കോളാസ് മഡൂറോ ജനുവരി അവസാനം അധികാരത്തിൽ നിന്ന് പുറത്താകുമോ എന്ന തരത്തിലുള്ള പന്തയങ്ങൾ ക്രിപ്റ്റോ പ്ലാറ്റ്ഫോമായ Polymarket-ൽ നടന്നിരുന്നു. വെനസ്വേലൻ നേതാവ് മഡുറോ അറസ്റ്റിലായതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശനിയാഴ്ച പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് പന്തയങ്ങൾ വർധിച്ചു.

കഴിഞ്ഞ മാസം ഈ പ്ലാറ്റ്ഫോമിൽ ചേർന്ന ഒരു അക്കൗണ്ട് ഉടമ നാല് മത്സരങ്ങൾ വിജയിച്ചു എന്നാണ് ബിബിസി റിപ്പോർട്ടു ചെയ്യുന്നത്. വിജയിച്ച പന്തയങ്ങളെല്ലാം വെനസ്വേലയുമായി ബന്ധപ്പെട്ടതായിരുന്നു. വാതുവെപ്പിൽ നിന്ന് അയാൾ 436,000 അമേരിക്കൻ ഡോളർ സ്വന്തമാക്കുകയും ചെയ്തു. ആരാണ് ഈ വാതുവെപ്പ് നടത്തിയതെന്ന് വ്യക്തമല്ല.

ഈ വിഷയത്തിൽ Polymarket പ്രതികരിച്ചില്ല. ഈ വാതുവെപ്പ് ഒരു രസഹ്യ വിവരം ലഭിച്ചതിനെ അടിസ്ഥാനമാക്കിയുള്ള വ്യാപാരത്തിന്റെ എല്ലാ അടയാളങ്ങളും കാണിക്കുന്നുവെന്നാണ് സാമ്പത്തിക പരിഷ്‌കരണത്തിനായി വാദിക്കുന്ന നിഷ്പക്ഷ ഗ്രൂപ്പായ Better Markets-ന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഡെന്നിസ് കല്ലെഹർ, ബിബിസിയുടെ യുഎസ് പങ്കാളിയായ സിബിഎസിനോട് പ്രതികരിച്ചത്.

അതിനിടെ, ഈ അജ്ഞാതൻ മാത്രമല്ല Polymarket- ലെ മറ്റുപല ഉപയോക്താക്കളും മഡൂറോയുടെ അറസ്റ്റുമായി ബന്ധപ്പെട്ട പന്തയങ്ങളിൽ നിന്ന് പതിനായിരക്കണക്കിന് ഡോളർ നേടി എന്നാണ് ബിബിസി റിപ്പോർട്ടു ചെയ്യുന്നത്. ഇതോടെ ഈ വാതുവെപ്പ് അധികാരികളുടെയടക്കം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ന്യൂയോർക്കിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം റിച്ചി ടോറസ് തിങ്കളാഴ്ച വാതുവെപ്പുമായി ബന്ധപ്പെട്ട ഒരു ബിൽതന്നെ അവതരിപ്പിച്ചു. സർക്കാർ ജീവനക്കാരെ പ്രവചന സ്വഭാവമുള്ള ഇത്തരം വിപണികളിൽ വ്യാപാരം ചെയ്യുന്നതിൽ നിന്ന് വിലക്കാൻ ലക്ഷ്യമിടുന്നതാണ് ബിൽ.

ഇത്തരം പ്രവചന സ്വഭാവമുള്ള ക്രിപ്‌റ്റോ വിപണികൾക്ക് സമീപ കാലത്തായി യുഎസിൽ ജനപ്രീതി വർധിച്ചു വരികയാണ്. Polymarket, Kalshi പോലുള്ള കമ്പനികൾ സ്‌പോർട്‌സ് മുതൽ രാഷ്ട്രീയം വരെയുള്ള കാര്യങ്ങളിൽ വാതുവെപ്പിന് അവസരം ഒരുക്കുന്നുണ്ട്. 2024 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇത്തരം കമ്പനികൾ കോടിക്കണക്കിന് ഡോളറിന്റെ വാതുവെപ്പാണ് നടത്തിയത്. ബൈഡൻ ഭരണകാലത്ത് ഇതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നുവെങ്കിലും ട്രംപ് ഇതിനെല്ലാം ചുവപ്പ് പരവതാനി വിരിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ട്രംപിന്റെ മകൻ ഡൊണാൾഡ് ട്രംപ് ജൂനിയർ, Kalshi, Polymarket എന്നിവയിൽ ഉപദേശക റോളുകളിൽ പ്രവർത്തിക്കുന്നുണ്ടെന്നും ബിബിസിയുടെ റിപ്പോർട്ടിൽ പറയുന്നു.

Content Highlights: A massive bet on Polymarket paid off big just before Venezuela`s president was reportedly captured. Explore the insider trading questions raised by this massive win.