എഐ വികസനത്തിന്റെ വേഗം കുറയ്ക്കാൻ ഒത്തുകളി: പ്രമുഖ എഐ കമ്പനികൾക്കെതിരെ അമേരിക്കയിൽ കേസ്

എ.ഐ.വികസനത്തിന്റെ വേഗത കുറയ്ക്കാൻ പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനികൾ ഒത്തുകളിച്ചുവെന്ന് ആരോപിച്ച് യു.എസിൽ പുതിയ കേസ്. ആന്ത്രോപിക്, ഒപ്പൺഎഐ, സ്പേസ്എഐ , ഗൂഗിൾ എന്നീ കമ്പനികൾക്കെതിരെ കാലിഫോർണിയ നോർത്ത് ഡിസ്ട്രിക്റ്റ് കോടതിയിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.
ഈ മുൻനിര കമ്പനികൾ അനധികൃതമായി ഒത്തുകൂടി എ.ഐ. വികസന വേഗത കുറയ്ക്കാൻ ധാരണയിലെത്തിയെന്നും, ഇത് ആന്റി ട്രസ്റ്റ് നിയമങ്ങളുടെ ലംഘനമാണെന്നും ഹർജിയിൽ പറയുന്നു. എ.ഐ. കമ്പനികൾ തമ്മിലുള്ള മത്സരം കുറയുന്നത് പണം നൽകി എ.ഐ. സേവനങ്ങൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് ലഭിക്കുന്ന സേവനങ്ങളുടെ മൂല്യം കുറയ്ക്കുമെന്നാണ് ആരോപണം. പണം നൽകി സബ്‌സ്‌ക്രിപ്‌ഷൻ എടുത്ത നാല് വ്യക്തികളുടെ നേതൃത്വത്തിലാണ് പരാതി.
സെപ്റ്റംബർ 12-ന് ആന്ത്രോപിക് സി.ഇ.ഓ ദാരിയോ അമോഡെയ് സുരക്ഷ മുൻനിർത്തി എഐ വികസനത്തിന്റെ വേഗത കുറയ്ക്കണമെന്നും വ്യവസായ മേഖലയിൽ കൂട്ടായ സഹകരണം വേണമെന്നും ആവശ്യപ്പെട്ട് ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഇതിനോട് അനുഭാവം പ്രകടിപ്പിച്ച് ഓപ്പൺഎഐ സി.ഇ.ഓ സാ പുൾ ആൾട്ട്മാൻ, സ്‌പേസ്എക്‌സ്എഐ സി.ഇ.ഓ ഈലോൺ മസ്ക്, ഗൂഗിൾ ഡീപ്മൈൻഡ് സഹസ്ഥാപകൻ ഡെമിസ് ഹസ്സാബിസ് എന്നിവർ പരസ്യമായി പിന്തുണ അറിയിച്ചതോടെയാണ് കമ്പനികൾ തമ്മിൽ ഇത്തരം ഒരു ധാരണ രൂപപ്പെട്ടതെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
ChatGPT, Claude, Grok, Gemini എന്നിവയുടെ പെയിഡ് വരിക്കാരായ നാല് ഉപഭോക്താക്കളാണ് ഈ കേസിന് പിന്നിൽ. കമ്പനികൾ വ്യക്തിഗതമായി സുരക്ഷ കണക്കിലെടുത്ത് വേഗത കുറയ്ക്കാൻ തീരുമാനിക്കുന്നതിനെ ഇവർ എതിർക്കുന്നില്ല. എന്നാൽ കൂട്ടായ നിയന്ത്രണം ഏർപ്പെടുത്തി വിപണിയിലെ മത്സരസാധ്യതകളെയും വ്യക്തിഗത ഉത്തരവാദിത്തത്തെയും ഇല്ലാതാക്കുന്നത് നിയമവിരുദ്ധമാണെന്നാണ് ഇവരുടെ വാദം.
എഐ കമ്പനി മേധാവികൾ ഇത്തരം ഒരു ആഹ്വാനവുമായി രംഗത്തുവന്നെങ്കിലും, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇതിനെതിരാണ്. എഐ വികസന വേഗം കുറയ്ക്കേണ്ടതില്ലെന്നും മേധാവികൾ അനാവശ്യ ഭീതി പടർത്തുകയാണെന്നും ട്രംപ് പറഞ്ഞു. ചൈനയുമായുള്ള മത്സരത്തിൽ അമേരിക്കൻ എഐ ലാബുകൾ മുന്നേറണമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്.
Content Highlights: Four paid subscribers have filed an antitrust lawsuit in a US court against top AI companies—Anthropic, OpenAI, xAI, and Google—alleging they colluded to illegally slow down AI development and reduce market competition.