ട്വിറ്റര്‍ ലെഗസി ബ്ലൂ ടിക്കുകള്‍ ഇന്ന് മുതല്‍ നീക്കം ചെയ്യും; പണം നല്‍കിയാല്‍ മാത്രം വെരിഫിക്കേഷന്‍

Photo: Twitter
Photo: Twitter

ട്വിറ്റര്‍ ബ്ലൂ സബ്‌സ്‌ക്രിപ്ഷന്‍ ഇല്ലാത്ത പ്രൊഫൈലുകളില്‍ നിന്നും നീല നിറത്തിലുള്ള വെരിഫൈഡ് ബാഡ്ജ് ഏപ്രില്‍ 20 വ്യാഴാഴ്ച മുതല്‍ നീക്കം ചെയ്യപ്പെടും. ഏപ്രില്‍ ഒന്ന് മുതല്‍ ഇത് നടപ്പിലാക്കുമെന്നായിരുന്നു കമ്പനി നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ചില അക്കൗണ്ടുകളില്‍ മാത്രമാണ് മാറ്റം നടപ്പിലാക്കിയത്. എന്നാല്‍ ഇത്തവണ ലെഗസി ബ്ലൂ ടിക്കുകള്‍ നീക്കം ചെയ്യാന്‍ തന്നെയാണ് ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌കിന്റെ തീരുമാനം.

ഇലോണ്‍ മസ്‌ക് ചുമതലയേല്‍ക്കും മുമ്പ് ട്വിറ്റര്‍ സൗജന്യമായി നല്‍കിയിരുന്ന വെരിഫിക്കേഷന്‍ ബാഡ്ജിനെയാണ് ലെഗസി വെരിഫിക്കേഷന്‍ എന്ന് വിളിക്കുന്നത്. പ്രമുഖ വ്യക്തികളുടെയും സ്ഥാപനങ്ങളുടേയുമെല്ലാം അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിനായി ട്വിറ്റര്‍ സൗജന്യമായി ഏര്‍പ്പാടാക്കിയ സംവിധാനമായിരുന്നു ഇത്.

മസ്‌ക് ചുമതലയേറ്റതിന് ശേഷം ട്വിറ്ററിലെ വെരിഫിക്കേഷന്‍ സബ്‌സ്‌ക്രിപ്ഷനെ അടിസ്ഥാനമാക്കി മാറ്റി. പണം നല്‍കി സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുന്ന ആര്‍ക്കും തന്നെ ട്വിറ്ററില്‍ ഇപ്പോള്‍ വെരിഫിക്കേഷന്‍ ബാഡ്ജും അധിക ഫീച്ചറുകളും ലഭിക്കും. 

ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങി 30 ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ ട്വിറ്റര്‍ ബ്ലൂ സ്ബ്‌സ്‌ക്രിപ്ഷന്‍ എടുക്കാനാവൂ. തെറ്റിദ്ധരിപ്പിക്കുന്ന സ്വഭാവമുള്ള അക്കൗണ്ടുകള്‍ക്ക് വെരിഫിക്കേഷന്‍ നല്‍കില്ല.ഇതിനായി മൊബൈല്‍ നമ്പറും വെരിഫൈ ചെയ്യണം. 

എന്നാല്‍ ഇതിനകം നിരവധി വ്യാജ അക്കൗണ്ടുകള്‍ക്ക് ട്വിറ്റര്‍ ബ്ലൂവിലൂടെ വെരിഫിക്കേഷന്‍ ലഭിച്ചിട്ടുണ്ട്. സ്പാം അക്കൗണ്ടുകള്‍ക്കും വെരിഫൈഡ് ബാഡ്ജ് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാരണം കൊണ്ടു തന്നെ യഥാര്‍ത്ഥ അക്കൗണ്ടുകളെ തിരിച്ചറിയുക എന്ന ഉദ്ദേശത്തോടെ അവതരിപ്പിച്ച വെരിഫിക്കേഷന്‍ ബ്ലൂ ടിക്കിന്റെ വിശ്വാസ്യത ഇല്ലാതായെന്ന വിമര്‍ശനവും നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.
 

Content Highlights: Twitter to remove legacy blue ticks starting today