ഇന്റർനെറ്റ് സെൻസർഷിപ്പിനെതിരെ പുതിയ ആപ്പുമായി ടോർ പ്രൊജക്ട്; 'സ്നോഫ്ലേക്ക്' അവതരിപ്പിച്ചു

ഭരണകൂട നിരീക്ഷണങ്ങൾ മറികടന്ന് ഇന്റർനെറ്റ് ഉപയോഗിക്കാൻ വഴിയൊരുക്കുന്ന പ്ലാറ്റ്‌ഫോമാണ് ടോർ ബ്രൗസർ. ഇപ്പോഴിതാ, കടുത്ത ഇന്റർനെറ്റ് സെൻസർഷിപ്പും നിയന്ത്രണങ്ങളുമുള്ള രാജ്യങ്ങളിലെ ജനങ്ങളെ സഹായിക്കാൻ 'സ്നോഫ്ലേക്ക്' (Snowflake) എന്ന പേരിൽ പുതിയ ആൻഡ്രോയിഡ് ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ് ടോർ പ്രൊജക്ട് (Tor- The Onion Router). ഈ പുതിയ ആപ്പ് വഴി സാധാരണ ഉപയോക്താക്കൾക്ക് സ്വമേധയാ തങ്ങളുടെ ഇന്റർനെറ്റ് കണക്ഷൻ പങ്കുവെച്ച് ടോറിന്റെ വലിയ പ്രോക്സി ശൃംഖലയുടെ ഭാഗമാകാൻ സാധിക്കും.
എന്താണ് സ്നോഫ്ലേക്ക് ? പ്രവർത്തനം എങ്ങനെ?
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകൾക്ക് സ്വമേധയാ ടോറിന്റെ പ്രോക്സി നെറ്റ്‌വർക്കിന്റെ ഭാഗമാകാൻ സഹായിക്കുന്ന ആപ്പാണിത്. ഗൂഗിൾ പ്ലേ സ്റ്റോറിലും മറ്റും ലഭ്യമായ ഈ ആപ്പ് ഇന്റർനെറ്റ് സെൻസർഷിപ്പും കർശനമായ നിയന്ത്രണങ്ങളുമുള്ള രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകൾക്ക് സ്വതന്ത്രമായി വെബ്‌സൈറ്റുകൾ സന്ദർശിക്കാൻ സഹായിക്കും.
സ്നോഫ്ലേക്ക് ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെ സന്നദ്ധപ്രവർത്തകന്റെ ഫോൺ ടോർ നെറ്റ്‌വർക്കിന്റെ ഒരു താത്കാലിക പ്രോക്സിയായി മാറും. അതായത്, ഇന്റർനെറ്റ് വഴി തിരിച്ചുവിടാൻ സഹായിക്കുന്ന ഒരു ഉപകരണമാക്കി മാറും. ഇന്റർനെറ്റ് ബ്ലോക്ക് ചെയ്യപ്പെട്ട രാജ്യങ്ങളിലെ ആളുകൾക്ക് ടോർ നെറ്റ്‌വർക്കിലേക്ക് കണക്ട് ചെയ്യാൻ ഈ പ്രോക്സികൾ ഒരു പാലമായി പ്രവർത്തിക്കും.
സാധാരണ വിപിഎൻ സേവനങ്ങളെയും ടോർ നോഡുകളെയും തിരിച്ചറിഞ്ഞ് ബ്ലോക്ക് ചെയ്യാൻ ഭരണകൂടങ്ങൾക്ക് എളുപ്പമാണ്. എന്നാൽ, ഇതിനെ മറികടക്കാൻ വേണ്ടിയാണ് ടോർ സ്നോഫ്ലേക്ക് അവതരിപ്പിച്ചിരിക്കുന്നത്. ഉപയോക്താക്കളുടെ ഇന്റർനെറ്റ് ട്രാഫിക്കിനെ സാധാരണ ഒരു വീഡിയോ/വോയ്‌സ് കോൾ പോലെയാക്കി മാറ്റുകയാണ് ഈ ആപ്പ് ചെയ്യുന്നത്. പിയർ-ടു-പിയർ ഓഡിയോ-വീഡിയോ കൈമാറ്റത്തിനായി ഉപയോഗിക്കുന്ന വെബ്‌ആർടിസി (WebRTC) സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്.
അതായത്, സർക്കാരുകളുടെ സെൻസർഷിപ്പ് സംവിധാനങ്ങൾക്ക് ഈ ഡാറ്റ വെറുമൊരു സാധാരണ വീഡിയോ കോൾ ആയി മാത്രമേ ദൃശ്യമാകൂ. ഹ്രസ്വകാലത്തേക്ക് മാത്രം നിലനിൽക്കുന്ന സന്നദ്ധപ്രവർത്തകരുടെ പ്രോക്സി കണക്ഷനുകൾ വഴിയാണ് ഈ വിവരങ്ങൾ കടന്നുപോകുന്നത്. ഇത് ബ്ലോക്ക് ചെയ്യണമെങ്കിൽ ഇന്റർനെറ്റിന്റെ വലിയൊരു ഭാഗം തന്നെ സർക്കാരുകൾക്ക് തടയേണ്ടി വരും. ഇത് സാമ്പത്തികമായി വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന ഒന്നായതുകൊണ്ടുതന്നെ ഈ നെറ്റ്‌വർക്ക് തടയുക എന്നത് ദുഷ്‌കരമാവും.
സ്വകാര്യതയും സുരക്ഷയും വാഗ്ദാനം
ഈ ആപ്പ് ആരുടെയും വ്യക്തിവിവരങ്ങൾ ശേഖരിക്കില്ലെന്നാണ് വാഗ്ദാനം. ഫോണിൽ പശ്ചാത്തലത്തിൽ സുഗമമായി പ്രവർത്തിക്കാൻ പത്ത് പെർമിഷനുകൾ ആപ്പിന് ആവശ്യമുണ്ട്. ബാറ്ററി ചാർജ് അതിവേഗം തീരുന്നത് നിയന്ത്രിക്കാനും മൊബൈൽ ഡാറ്റ ഉപയോഗം നിയന്ത്രിക്കാനുമുള്ള സംവിധാനങ്ങൾ ആപ്പിൽ തന്നെയുണ്ട്. വൈഫൈയിലോ അൺലിമിറ്റഡ് ഡാറ്റ പ്ലാനുകളിലോ ഈ ആപ്പ് ഉപയോഗിക്കുന്നതാണ് അഭികാമ്യം. കാരണം, ഉപയോക്താക്കളുടെ ഡാറ്റ ഉപയോഗപ്പെടുത്തിയാണ് ഈ പ്രോക്സി നെറ്റ്‌വർക്ക് പ്രവർത്തിക്കുക.
സന്നദ്ധപ്രവർത്തകരുടെ ഫോൺ വഴി മറ്റുള്ളവരുടെ വിവരങ്ങൾ കടന്നുപോകുമ്പോഴും ഇത് പൂർണ്ണമായും സുരക്ഷിതമാണ്. കാരണം, ഇതിൽ നടക്കുന്ന കാര്യങ്ങളൊന്നും സന്നദ്ധപ്രവർത്തകന്റെ ഐപി വിലാസവുമായി ബന്ധിപ്പിക്കില്ല. എല്ലാ വിവരങ്ങളും ടോറിന്റെ എക്സിറ്റ് നോഡ് ഐപി വഴി മാത്രമാണ് പുറംലോകത്തേക്ക് പോകുക.
ടോർ ബ്രൗസർ, ഓർബോട്ട് ആപ്പ്, ഐഫോണിലെ ഒണിയൻ ബ്രൗസർ, സ്വകാര്യ മെസ്സേജിങ് ആപ്പായ റിക്കോശെ റിഫ്രഷ് (Ricochet Refresh) എന്നിവയിൽ ഡിഫോൾട്ടായി തന്നെ സ്നോഫ്ലേക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്.
ടോർ നെറ്റ്‌വർക്ക് ഉപയോഗിക്കുന്നത് നിയമപരമാണോ
അതെ, ഇന്ത്യയുൾപ്പെടെ വലിയൊരു വിഭാഗം രാജ്യങ്ങളിലും ടോർ നെറ്റ്‌വർക്ക് ഉപയോഗിക്കുന്നത് നിയമപരമാണ്. ടോർ ബ്രൗസർ ഡൗൺലോഡ് ചെയ്യുന്നതിനോ അത് ഉപയോഗിച്ച് ഇന്റർനെറ്റ് ബ്രൗസ് ചെയ്യുന്നതിനോ ഇന്ത്യ ഉൾപ്പെടെ ഭൂരിഭാഗം രാജ്യങ്ങളിലും നിരോധനമില്ല. എന്നാൽ, നിയമവിരുദ്ധമായ കാര്യങ്ങൾക്കായി ഇത് ഉപയോഗിച്ചാൽ അത് ശിക്ഷാർഹമാണ്.
ഭരണകൂടത്തിന്റെ അനധികൃത രഹസ്യ നിരീക്ഷണങ്ങൾ മറികടന്ന് ആശയവിനിമയം നടത്താനും വിവരങ്ങൾ തിരയാനും രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരും സന്നദ്ധ/സാമൂഹിക പ്രവർത്തകരുമെല്ലാം ഈ സേവനം ഉപയോഗപ്പെടുത്താറുണ്ട്. ഡാർക്ക് വെബ് വഴി നിരോധിത വസ്തുക്കൾ വാങ്ങുക, വിൽക്കുക, ഹാക്കിങ്, സാമ്പത്തിക തട്ടിപ്പുകൾ നടത്തുക പോലുള്ള കുറ്റകരമായ കാര്യങ്ങളും ഇതുവഴി ചെയ്യുന്നവരുണ്ട്.
Content Highlights: The Tor Project has released an Android app named 'Snowflake' that lets volunteers share their internet connection as temporary proxies, disguising restricted Web traffic as standard video calls to bypass strict government censorship safely.