ആ പ്രശ്നത്തിന് തീരുമാനമായി, യുഎസിൽ ടിക് ടോക്ക് വിൽക്കാൻ കരാറൊപ്പിട്ട് ബൈറ്റ്ഡാൻസ്

വർഷങ്ങൾ നീണ്ട രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കും നിയമപരമായ അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ യുഎസിൽ ടിക് ടോക്കിന്റെ ഭാവി എന്താകുമെന്നതിൽ തീരുമാനമായിരിക്കുന്നു. ടിക് ടോക്കിന്റെ യുഎസിലെ പ്രവർത്തനങ്ങളുടെ ഭൂരിഭാഗം നിയന്ത്രണം ഒറാക്കിളിന്റെ നേതൃത്വത്തിലുള്ള ഒരു യുഎസ് നിക്ഷേപക സംഘത്തിന് കൈമാറുന്നതിന് ടിക് ടോക്കിന്റെ മാതൃസ്ഥാപനമായ ബൈറ്റ്ഡാൻസ് കരാറൊപ്പിട്ടതായാണ് റിപ്പോർട്ട്.
ഏറെകാലമായി യുഎസ് ഉയർത്തുന്ന രാജ്യസുരക്ഷാ ആശങ്കകൾക്ക് ഇതോടെ വിരാമമാവും. യുഎസിലെ ടിക് ടോക്കിന്റെ നിയന്ത്രണം ഒരു അമേരിക്കൻ കമ്പനിക്ക് കൈമാറിയില്ലെങ്കിൽ നിരോധനം നേരിടണം എന്നായിരുന്നു യുഎസ് ഭരണകൂടത്തിന്റെ നിലപാട്. 2024 മുതൽ ഈ വിലക്ക് ഭീഷണിയിലായിരുന്നു ടിക് ടോക്ക്. അമേരിക്കൻ കമ്പനികളും മറ്റ് ആഗോള കമ്പനികളും പങ്കാളികളായ നിക്ഷേപക സംഘമാണ് ടിക് ടോക്കിന്റെ ഭൂരിഭാഗം ഓഹരിയും ഏറ്റെടുക്കുന്നത്. ഈ നീക്കം ടിക് ടോക്ക് സിഇഒ ഷൂ സി ച്യൂ ജീവനക്കാരെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ.
പുതിയ കരാർ അനുസരിച്ച് ഒരു പുതിയ സംയുക്ത സംരംഭം രൂപീകരിക്കപ്പെടും. ഇതിൽ 50 ശതമാനത്തിലേറെ ഓഹരി ഓറാക്കിളിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് ലഭിക്കും. ഒപ്പം സിൽവർ ലേക്ക് എന്ന സ്ഥാപനവും അബുദാബി ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനമായ എംജിഎക്സും പങ്കാളികളാവും. ബൈറ്റ്ഡാൻസിന് 19.9 ശതമാനം ഓഹരി മാത്രമാണ് ഉണ്ടാവുക. ബാക്കിയുള്ള ഓഹരിപങ്കാളിത്തം ബൈറ്റ്ഡാൻസുമായി ബന്ധമുള്ള മറ്റ് നിക്ഷേപകരിൽ നിലനിൽക്കുകയും ചെയ്യും. 2026 ജനുവരി 22 ന് ഈ കരാർ നിലവിൽ വരുമെന്നാണ് റിപ്പോർട്ടുകൾ.
യുഎസ് ഉപഭോക്താക്കളുടെ ഡാറ്റ ചൈനയിലേക്ക് കടത്തുന്നത് മുതൽ രഹസ്യ നിരീക്ഷണംവരെയുള്ള ആശങ്കകൾ ഉന്നയിച്ചാണ് യുഎസ് ടിക് ടോക്കിനെതിരെ രംഗത്തുവന്നത്. യുഎസിലെ യുവാക്കൾക്കിടയിൽ അതിവേഗം പടർന്നുപിടിച്ച ടിക് ടോക്കിന് യുഎസിലെ നിരോധനത്തിന് വിധേയരാവാനും താത്പര്യം ഉണ്ടായിരുന്നില്ല. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന വിലയിരുത്തലിനെത്തുടർന്ന്, ടിക് ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാൻസ് അതിന്റെ യുഎസ് വിഹിതം വിൽക്കണമെന്നും അല്ലാത്തപക്ഷം ആപ്പ് പൂർണമായും നിരോധിക്കുമെന്നും വ്യവസ്ഥ ചെയ്യുന്ന നിയമത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ് ഒപ്പിട്ടത്. ആരോപണങ്ങൾ കമ്പനി ആവർത്തിച്ച് നിഷേധിച്ചുവെങ്കിലും അതിൽ കാര്യമുണ്ടായില്ല. അതിനിടെ വിവിധ യുഎസ് കമ്പനികൾ ടിക് ടോക്ക് ഏറ്റെടുക്കാൻ തയ്യാറായി വരികയും ചെയ്തിരുന്നു.
Content Highlights: TikTok`s US operations to be controlled by an Oracle-led consortium after a deal with ByteDance. Concerns over national security are addressed. Learn more about the new venture.