911 ലേക്ക് നിരന്തരം കോളുകള്‍; റോളര്‍കോസ്റ്ററിലിരിക്കുന്നവര്‍ക്ക് പണികൊടുത്ത് ഐഫോണ്‍ 14

Photo: Gettyimages
Photo: Gettyimages

ഐഫോണ്‍ 14 ലെ പുതിയ ഫീച്ചറുകളിലൊന്നാണ് ക്രാഷ് ഡിറ്റക്ഷന്‍ ഫീച്ചര്‍. ഉപഭോക്താവ് സഞ്ചരിക്കുന്ന വാഹനം അപകടത്തില്‍ പെടുമ്പോള്‍ അടിയന്തിര സേവന നമ്പറായ 911 ലേക്ക് അറിയിപ്പ് എത്തിക്കുന്ന സൗകര്യമാണിത്. എന്നാല്‍ ഈ സംവിധാനത്തിന് ഒരു പ്രശ്‌നമുണ്ട്. 

അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലുള്ള റോളര്‍ കോസ്റ്ററില്‍ ഇരിക്കുന്ന വരുടെ ഫോണില്‍ നിന്നും 911 ലേക്ക് നിരന്തരം ഫോണ്‍വിളികള്‍ എത്തുകയാണ്. റോളര്‍ കോസ്റ്റര്‍ വാഹനം സഞ്ചാരത്തിനിടെ തിരിയുന്നതും മറിയുന്നതുമെല്ലാം വാഹനാപകടമാണെന്ന് തെറ്റിദ്ധരിച്ചാണ് ഫോണിലെ ക്രാഷ് ഡിറ്റക്ഷന്‍ സംവിധാനം അടിയന്തിര സേവന നമ്പറായ 911 ലേക്ക് വിളിച്ചത്. 

നിങ്ങള്‍ അപകടത്തില്‍ പെടുമ്പോള്‍ ഐഫോണ്‍ 14 കയ്യിലുണ്ടെങ്കില്‍ അതില്‍ ഒരു അലേര്‍ട്ട് പ്രത്യക്ഷപ്പെടും ഈ അലേര്‍ട്ട് നിങ്ങള്‍ പിന്‍വലിക്കാത്തപക്ഷം ഫോണില്‍ നിന്നും അടിയന്തിര സേവന നമ്പറിലേക്ക് ഫോണ്‍കോള്‍ ചെയ്യപ്പെടും. ഈ കോളില്‍ നിങ്ങള്‍ അപകടത്തിലാണ് എന്നറിയിച്ചുകൊണ്ടുള്ള ഒരു ശബ്ദ സന്ദേശമാണ് ഉണ്ടാവുക. നിങ്ങളുടെ ലൊക്കേഷന്‍ വിവരങ്ങളും ഇതോടൊപ്പം ഉണ്ടാവും. 

സിന്‍സിനാറ്റിസ് കിങ്‌സ് ഐലന്റ് അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റോളര്‍ കോസ്റ്ററില്‍ സഞ്ചരിച്ച ഒരു ഐഫോണ്‍ 14 ഉപഭോക്താവിന്റെ ഫോണില്‍ നിന്ന് 911 ലേക്ക് പോയ കോളുകളില്‍ ഒന്നിന്റെ ശബ്ദശകലം വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടറായ ജൊവാന സ്‌റ്റേണ്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. റോളര്‍ കോസ്റ്റളില്‍ ആളുകള്‍ അലറിവിളിക്കുന്നതിന്റെയും മറ്റും ശബ്ദം പശ്ചാത്തലത്തില്‍ കേള്‍ക്കാം. 

ഐഫോണ്‍ 14 ലെ ക്രാഷ് ഡിറ്റക്ഷന്‍ സംവിധാനം വാഹനാപകടങ്ങള്‍ അധികൃതരെ അറിയിക്കുന്നുണ്ടെങ്കിലും മറ്റ് ചില പ്രശ്‌നങ്ങള്‍ ഈ സംവിധാനത്തിനുണ്ടെന്ന് സ്റ്റേണ്‍ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

ഐഫോണ്‍ 14 പുറത്തിറക്കിയതിന് ശേഷം കിങ്‌സ് ഐലന്റ് പാര്‍ക്ക് സ്ഥിതി ചെയ്യുന്ന വാറന്‍ കൗണ്ടി അധികൃതര്‍ക്ക് ആറ് തവണയെങ്കിലും ഫോണ്‍ വിളികള്‍ വന്നിട്ടുണ്ടെന്ന് സ്‌റ്റേണ്‍ പറയുന്നു. രാജ്യത്ത് മറ്റിടങ്ങളിലുള്ള അമ്യൂസ്‌മെന്റ് പാര്‍ക്കുകളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. 

ഇക്കാരണം കൊണ്ടുതന്നെ ഐഫോണ്‍ 14 യാത്രകള്‍ക്കിടെ കയ്യില്‍ കരുതിയാല്‍ 911 ലേക്ക് തെറ്റായി കോളുകള്‍ പോവാന്‍ സാധ്യതയുണ്ട്. ഒന്നുകില്‍ ഫീച്ചര്‍ ഓഫ് ചെയ്തുവെക്കുകയോ യാത്രക്കിടെ ഫോണ്‍ എയര്‍പ്ലേയ്ന്‍ മോഡില്‍ ആക്കുകയോ ചെയ്യേണ്ടി വരും. 


 

Content Highlights: The iPhone 14 keeps calling 911 on rollercoasters