ദിനോസറുകളെ ഇല്ലാതാക്കിയത് ഒരു 'ഭീമന്‍ കളിമണ്‍കട്ട'; പഠനം പുറത്ത് വിട്ട് ശാസ്ത്രജ്ഞര്‍

ഭൂമിയിൽ ഛിന്നഗ്രഹം പതിക്കാമെന്ന ഭീഷണി ഇപ്പോഴും നിലനിൽക്കുന്നു | ഫോട്ടോ: llnl.gov/
ഭൂമിയിൽ ഛിന്നഗ്രഹം പതിക്കാമെന്ന ഭീഷണി ഇപ്പോഴും നിലനിൽക്കുന്നു | ഫോട്ടോ: llnl.gov/

ഭൂമിയിലെ ജീവജാലങ്ങളുടെ ചരിത്രം മാറ്റി എഴുതിയ സംഭവമാണ് 6.6 കോടി വര്‍ഷം മുമ്പുണ്ടായ ഛിന്നഗ്രഹ പതനം. മെക്‌സിക്കോയിലെ യൂകാറ്റാന്‍ പെനിസുലയിലെ ചിക്‌സലബ് എന്ന സ്ഥലത്ത് പതിച്ച ഉല്‍ക്ക ദിനോസറുകള്‍ ഉള്‍പ്പടെ അക്കാലത്തെ 75 ശതമാനം ജീവജാലങ്ങളെ തുടച്ചുനീക്കി. ഭൂമിയിലെ അഞ്ചാമത്തെ കൂട്ടവംശനാശമാണിത്. 

അന്ന് ഭൂമിയില്‍ പതിച്ച ഛിന്നഗ്രഹത്തിന്റെ രാസഘടന വിശദമാക്കുകയാണ് സയന്‍സ് ജേണലില്‍ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ഗവേഷണ പഠനം. സൗരയൂഥത്തിന്റെ ഉത്ഭവകാലത്തെ വസ്തുക്കള്‍ അടങ്ങിയ അപൂര്‍വമായ കളിമണ്ണ് നിറഞ്ഞ അതിഭീമന്‍ മണ്‍കട്ടയായിരുന്നു ദിനോസറുകളെ തുടച്ചുനീക്കിയ ഉല്‍ക്കയെന്ന് പഠനം പറയുന്നു. 

ദിനോസറുകളെ ഇല്ലാതാക്കിയ ഉല്‍ക്കാപതനം 

ദിനോസറുകളുടെ കൂട്ടവംശനാശത്തിലേക്ക് നയിച്ചത് ഒരു ഭീമന്‍ ബഹിരാകാശ ശിലാ പതനത്തിലൂടെയാണെന്ന അനുമാനത്തിലെത്തുന്നത് 1980 ലാണ് . അന്ന്, ഛിന്നഗ്രഹത്തെ അതേ രൂപത്തില്‍ കണ്ടെത്താന്‍ ശാസ്ത്രജ്ഞര്‍ക്ക് സാധിച്ചിരുന്നില്ല. പകരം ലോകത്തുടനീളം പാറകള്‍ക്ക് മുകളിലായി ഇറീഡിയം ലോഹത്തിന്റെ 6.6 കോടി വര്‍ഷം പഴക്കമുള്ള നേര്‍ത്ത പാളി അവര്‍ കണ്ടെത്തി. ഭൂവല്‍ക്കത്തില്‍ ഇറീഡിയം അപൂര്‍വമാണ്. എന്നാല്‍ അത് ചില ഉല്‍ക്കകളിലും ഛിന്നഗ്രഹങ്ങളിലും സുലഭമായ വസ്തുവാണ്. 

വലിയൊരു വിഭാഗം ശാസ്ത്രജ്ഞര്‍ ആ അനുമാനത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ 1991 ല്‍ ചിക്‌സലബ് ഗര്‍ത്തത്തിന് ദിനോസറുകളുടെ വംശനാശ കാലത്തിന്റെ അത്രയും പഴക്കമുണ്ടെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പഠനങ്ങളിലാണ് അന്നുണ്ടായ ഛിന്നഗ്രഹ പതനത്തിന്റെ അനന്തര ഫലങ്ങളെ കുറിച്ചുള്ള കൂടുതല്‍ കണ്ടെത്തലുകളിലേക്ക് ശാസ്ത്ര ലോകം എത്തിയത്. 

9.7 മുതല്‍ 14.5 കിമീ വ്യാസമുണ്ടായിരുന്ന അതിഭീമന്‍ ഛിന്നഗ്രമായിരുന്നു അത്. എവറസ്റ്റ് പര്‍വതത്തോളം വലിപ്പമുണ്ടായിരുന്ന ആ ഛിന്നഗ്രഹം സെക്കന്റില്‍ 25 കിമീ വേഗത്തിലാണ് സഞ്ചരിച്ചിരുന്നത്. ഭൂമിയില്‍ ഇത് പതിച്ചതിന് പിന്നാലെ അതിശക്തമായ ഊര്‍ജം ഉല്പാദിപ്പിക്കപ്പെട്ടു. കോടിക്കണക്കിന് ആറ്റംബോംബുകള്‍ പൊട്ടിത്തെറിച്ചതിന് സമാനമായ സ്‌ഫോടനമാണ് അന്ന് ഭൂമിയിലുണ്ടായത്. ആ പൊട്ടിത്തെറിയില്‍ തന്നെ അതിവേഗമുള്ള നാശനഷ്ടങ്ങള്‍ ഭൂമിയിലുണ്ടായി. 

സൂനാമികള്‍ രൂപപ്പെട്ടും സമുദ്രങ്ങളിലുടനീളം അത് അലയടിച്ചു. തീരപ്രദേശങ്ങള്‍ കടല്‍ മൂടി ജലവും ശിലകളും അതിശക്തമായ ചൂടില്‍ ബാഷ്പീകരിക്കപ്പെട്ടു. അതിശക്തമായ സ്‌ഫോടനത്തില്‍ രൂപപ്പെട്ട പൊടിപടലങ്ങളും, സള്‍ഫര്‍ സമ്പന്നമായ എയറോസോളുകളും വലിയ അളവില്‍ അന്തരീക്ഷത്തില്‍ കലര്‍ന്നും ഭൂമിയൊന്നാകെ അവ വ്യാപിച്ചു. അത് സൂര്യപ്രകാശത്തെ തടഞ്ഞു. 

ഉല്‍ക്കാപതനത്തിന്റെ ഭാഗമായുണ്ടായ സ്‌ഫോടനം മാത്രമായിരുന്നില്ല. പ്രകാശത്തിന്റെ ലഭ്യത കുറഞ്ഞത് വലിയ അളവില്‍ താപനില താഴുന്നതിന് കാരണമായി. സസ്യങ്ങളിലും പ്ലവകങ്ങളിലും പ്രകാശ സംശ്ലേഷണം നടക്കാതായി. അത് വലിയ രീതിയില്‍ ഭക്ഷ്യ ശൃഖലയെ ബാധിച്ചു. ആസിഡ് മഴ പോലുള്ള പ്രതിഭാസങ്ങളും ജീവജാലങ്ങള്‍ക്ക് ഭീഷണിയായി. ഇരുട്ടും തണുപ്പും ഭക്ഷ്യക്ഷാമം ഉള്‍പ്പടെയുള്ള പ്രകൃതി ദുരിതങ്ങളുമാണ് 75 ശതമാനം ജീവജാലങ്ങളുടെ നാശത്തിലേക്ക് നയിച്ചത്. പ്ലവകങ്ങളെ ആശ്രയിച്ചിരുന്ന ജല ജീവികളെയും അത് ബാധിച്ചു. 

ഉല്‍ക്കാപതനത്തെ തുടര്‍ന്നുണ്ടായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ അടങ്ങിയതോടെയാണ് സസ്തനികള്‍ പരിണമിച്ചതും മനുഷ്യരും മൃഗങ്ങളും ഉള്‍പ്പടെ പലവിധ വിഭാഗങ്ങളായി വളര്‍ന്നതും. 

ഛിന്നഗ്രഹത്തിന്റെ രാസഘടന

പുതിയ പഠനത്തിന്റെ ഭാഗമായി ഡെന്‍മാര്‍ക്ക്, ഇറ്റലി, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ നിന്നും ഒറ്റപ്പെട്ട മറ്റ് ഭാഗങ്ങളില്‍ നിന്നും ശേഖരിച്ച 6.6 കോടി വര്‍ഷം പഴക്കമുള്ള ശിലാ സാമ്പിളുകളില്‍ ഇറീഡിയം, റൂഥേനിയം ഉള്‍പ്പടെയുള്ള ലോഹങ്ങളുടെ സാന്നിധ്യം കണ്ടെത്തി. 

ലോഹം, ശില, കോണ്‍ട്രൈറ്റ് എന്നിവയാല്‍ നിര്‍മിതമായ മൂന്ന് തരം ഛിന്നഗ്രഹങ്ങളാണുള്ളത്. കോണ്‍ട്രൈറ്റ് ഉള്‍ക്കകളില്‍ സമ്പുഷ്ടമായ പദാര്‍ഥമാണ് റുഥീനിയം. ഇറീഡിയവും ഛിന്നഗ്രഹങ്ങളില്‍ സുലഭമായി കാണുന്ന ലോഹമാണ്. ഭൂമിയില്‍ പതിച്ച ഛിന്നഗ്രഹം കാര്‍ബോണേഷ്യസ് കോണ്‍ട്രൈറ്റ് വിഭാഗത്തില്‍ പെടുന്ന ഛിന്നഗ്രഹമാകാമെന്ന് ഗവേഷകനായ ഡോ. സ്റ്റീവന്‍ ഗോദേരിസ് പറയുന്നു. ഇത്തരം ബഹിരാകാശ ശിലയില്‍ ചിലപ്പോള്‍ വെള്ളവും, കളിമണ്ണും, ജൈവീക സംയുക്തങ്ങളും ഉണ്ടാവാറുണ്ടെന്നും അദ്ദേഹം പറയുന്നു. 

ബഹിരാകാശത്തെ ഭൂരിഭാഗം ശിലകളും കാര്‍ബണേഷ്യസ് കോണ്‍ട്രൈറ്റുകളാണെങ്കിലും, ഭൂമിയില്‍ പതിക്കുന്ന ഉല്‍ക്കാശിലകളില്‍ 5% മാത്രമേ ഈ വിഭാഗത്തില്‍ പെടുന്നുള്ളൂ.

420 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ചിക്‌സലബില്‍ ഛിന്നഗ്രഹം പതിച്ചത്. എന്നാല്‍ ഇനിയും ഭൂമിയും ഏതെങ്കിലും ഛിന്നഗ്രഹവും ഭ്രമണ പാതയില്‍ കണ്ടുമുട്ടിയേക്കാം. ഛിന്നഗ്രഹങ്ങളുമായി ബന്ധപ്പെട്ട പഠനങ്ങള്‍ ഭാവിയില്‍ വീണ്ടുമൊരിക്കല്‍ സംഭവിക്കാനിടയുള്ള ഛിന്നഗ്രഹ പതനത്തെ പ്രതിരോധിക്കാന്‍ മനുഷ്യന് സഹായകമായേക്കും. 

Content Highlights: mass extinction, 66 million ago asteroid, asteroid hit