സിം എടുക്കുന്നതിന് മുമ്പ് റേഞ്ച് ഉണ്ടോ എന്ന് നോക്കാം, കവറേജ് മാപ്പ് പുറത്തുവിട്ട് ടെലികോം കമ്പനികള്‍

പുതിയൊരു സിം കണക്ഷന്‍ സ്വീകരിക്കുമ്പോഴോ മൊബൈല്‍ നമ്പര്‍ മാറ്റുമ്പോഴോ ഉണ്ടാകുന്ന പ്രധാന തടസ്സം, തിരഞ്ഞെടുക്കാന്‍ പോകുന്ന കണക്ഷന് വീടിനും ജോലിസ്ഥലത്തും മറ്റും മികച്ച നെറ്റ്വര്‍ക്ക് ലഭ്യത ഉണ്ടോ എന്ന് സ്ഥിരീകരിക്കുക എന്നതാണ്. ഇക്കാര്യത്തില്‍ സുതാര്യത ഉറപ്പുവരുത്താന്‍ സ്വന്തം നെറ്റ് വര്‍ക്ക് കവറേജ് മാപ്പ് പുറത്തുവിട്ടിരിക്കുകയാണ് ഇന്ത്യയിലെ ടെലികോം സേവനദാതാക്കള്‍.
2024 ഓഗസ്റ്റ് രണ്ടിന് പുറത്തിറക്കിയ ട്രായിയുടെ പുതുക്കിയ സേവന നിലവാര നിയന്ത്രണങ്ങള്‍ അടിസ്ഥാനമാക്കിയാണിത്. 2024 ഒക്ടോബര്‍ ഒന്ന് മുതല്‍ നിലവില്‍ വന്ന ഈ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് രാജ്യത്തെ ടെലികോം സേവനദാതാക്കളെല്ലാം അവര്‍ സേവനം നല്‍കുന്ന മേഖലകളിലെ 2ജി, 3ജി, 4ജി, 5ജി നെറ്റ് വര്‍ക്ക് ലഭ്യത വ്യക്തമാക്കുന്ന മാപ്പ് പുറത്തുവിടണം. ഇത് നടപ്പാക്കാന്‍ 2025 ഏപ്രില്‍ ഒന്ന് വരെയാണ് സമയം നല്‍കിയിരുന്നത്.
ഇതനുസരിച്ച് ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, വോഡഫോണ്‍ ഐഡിയ തുടങ്ങിയ ടെലികോം സേവനദാതാക്കള്‍ നെറ്റ് വര്‍ക്ക് കവറേജ് മാപ്പ് പുറത്തുവിട്ടിട്ടുണ്ട്. ഓരോ സേവനദാതാക്കളുടേയും ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഈ മാപ്പ് പരിശോധിക്കാം. ബിഎസ്എന്‍എല്‍ മാപ്പ് bsnl.co.in/coveragemap എന്ന യുആര്‍എല്ലില്‍ ലഭ്യമാണ്.
മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിന് മുമ്പ് നിങ്ങളുടെ പ്രദേശത്ത് ഏതെല്ലാം കമ്പനികളുടെ നെറ്റ്‌വര്‍ക്ക് ലഭ്യമാണെന്ന് പരിശോധിച്ചറിയാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. 5ജി, 4ജി,3ജി, 2ജി നെറ്റ് വര്‍ക്കുകള്‍ വേര്‍തിരിച്ചറിയാമെന്നതാണ് വലിയ നേട്ടം.
ടെലികോം സേവനദാതാക്കളുടെ നെറ്റ്വർക്ക് ലഭ്യത പരിശോധിക്കാം
- BSNL coverage map- https://bsnl.co.in/coveragemap
- Airtel - https://www.airtel.in/wirelesscoverage/
- Jio - https://www.jio.com/selfcare/coverage-map/
- Vi- https://www.myvi.in/vicoverage/
Content Highlights: Find the best network coverage in your area before getting a new SIM.