കേരളത്തിലെ കോളേജ് വിദ്യാര്‍ഥികൾക്ക് 'ടെക് പൾസ്' ഹാക്കത്തോണുമായി യു.എൽ.ടി.എസും യു.എൽ. സൈബർ പാർക്കും

ടെക് പൾസ് ഹാക്കത്തോൺ, കോഴിക്കോട്ടെ യു.എൽ. സൈബർ പാർക്ക്
ടെക് പൾസ് ഹാക്കത്തോൺ, കോഴിക്കോട്ടെ യു.എൽ. സൈബർ പാർക്ക്

സംസ്ഥാനത്തെ കോളേജ് വിദ്യാര്‍ഥികള്‍ക്ക് യു.എല്‍. ടെക്‌നോളജി സൊല്യൂഷന്‍സും (യു.എല്‍.ടി.എസ്) യു.എല്‍. സൈബര്‍പാര്‍ക്കും ചേര്‍ന്ന് 'ടെക് പള്‍സ്' എന്നു പേരില്‍ ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നു. ഊരാളുങ്കല്‍ സൊസൈറ്റിയുടെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമാണ് സൊസൈറ്റിയുടെ ഉപസ്ഥാപനങ്ങള്‍ നടത്തുന്ന ടെക് പള്‍സ്. ഫെബ്രുവരി 15 മുതല്‍ 17 വരെ കോഴിക്കോട്ടെ യു.എല്‍. സൈബര്‍പാര്‍ക്കിലാണ് ഹാക്കത്തോണ്‍. ഒന്നരലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. 
 
നാം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് നേരിടാന്‍ നൂതന ആശയങ്ങള്‍ ഉള്ളിലുള്ള യുവാക്കളെ പ്രോത്സാഹിപ്പിക്കുന്ന വേദിയായാണ് ടെക് പള്‍സ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. സുസ്ഥിരകൃഷി, പരിസ്ഥിതിസംരക്ഷണം, സമൂഹനിയന്ത്രിത സംരംഭങ്ങള്‍, ഫീല്‍ഡ് ഓപ്പറേഷനുകളിലെ ഹാജരും മനുഷ്യവിഭവപരിപാലനവും തുടങ്ങിയ രംഗങ്ങളിലെ പ്രശ്‌നങ്ങളിലാണ് ടെക് പള്‍സിന്റെ ഊന്നല്‍. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലൂടെ, കൂടുതല്‍ സുസ്ഥിരവും സമഗ്രവും നൂതനവുമായ ഭാവിക്കായി സംഭാവന നല്‍കാനും പങ്കെടുക്കുന്നവര്‍ക്കാകും.
 
സംസ്ഥാനത്തെ എല്ലാ കോളേജുകളിലേയും സാങ്കേതികവിദ്യാര്‍ഥികള്‍ക്കു പങ്കെടുക്കാം. അഞ്ചുപേര്‍ അടങ്ങുന്ന ടീമുകളായാണു പങ്കെടുക്കേണ്ടത്. ഓരോ സ്ഥാപനത്തിനും ഓരോ ടീമിനെ നിര്‍ദ്ദേശിക്കാം. ഇവര്‍ ഫെബ്രുവരി അഞ്ചിനകം പ്രൊപ്പോസലുകള്‍ അയക്കണം. നിര്‍ദ്ദിഷ്ട വിഷയങ്ങളില്‍ ഏതിലെങ്കിലും ആയിരിക്കണം പ്രൊപ്പോസല്‍. വിദഗ്ധപരിശോധനയിലൂടെ തിരഞ്ഞെടുക്കുന്ന 15 ടീമുകള്‍ക്കാണ് അവസരം. ഈ ടീമുകള്‍ തങ്ങളുടെ സാങ്കേതികമികവു വെളിവാക്കുന്ന സൊല്യൂഷനുകള്‍ ജൂറിക്കുമുന്നില്‍ അവതരിപ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് techpulse.ultsglobal.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. 
 

Content Highlights: ULTS & UL Cyber PArk conducts 'Tech Pulse' hackathon for Kerala college students