സുനിത വില്യംസ് വിരമിച്ചു; പ്രഖ്യാപനം ഇന്ത്യാ സന്ദർശനത്തിനിടെ, നന്ദി പറഞ്ഞ് നാസ മേധാവി

ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് നാഷണൽ എയറോനോട്ടിക്‌സ് ആൻഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷനിൽ (നാസ) നിന്ന് വിരമിച്ചു. 27 വർഷത്തെ ഔദ്യോഗിക ജീവിതത്തിനുശേഷമാണ് വിരമിക്കൽ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ മൂന്ന് ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കിയാണ് സുനിത നാസയിൽനിന്ന് പടിയിറങ്ങുന്നത്.
സുനിതയുടെ ഇന്ത്യ സന്ദർശനത്തിനിടെയാണ് വിരമിക്കൽ സംബന്ധിച്ച വാർത്ത പുറത്തുവരുന്നത്. ഇതോടെ ബഹിരാകാശ സഞ്ചാരിയുടെ പേര് ഗൂഗിളിൽ ട്രെൻഡിങ്ങായി. അതിനിടെ അവർക്ക് നന്ദി പറഞ്ഞ് നാസ അഡ്മിനിസ്‌ട്രേറ്റർ ജാരഡ് ഐസക്മാൻ പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. 'സൂനിത വില്യംസ് മനുഷ്യരാശിയുടെ ബഹിരാകാശ യാത്രയിൽ ഒരു പുതിയ പാത തുറന്ന വ്യക്തിയാണ്. ബഹിരാകാശ നിലയത്തിലെ അവരുടെ ദൗത്യം വിവിധ പര്യവേക്ഷണങ്ങളുടെ ഭാവി രൂപപ്പെടുത്തുകയും ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലേക്കുള്ള വാണിജ്യ ദൗത്യങ്ങൾക്ക് വഴിതുറക്കുകയും ചെയ്തു.' ഐസക്മാൻ പ്രസ്താവനയിൽ പറഞ്ഞു.
സുനിത വില്യംസിന്റെ ദൗത്യങ്ങൾ ശാസ്ത്ര-സാങ്കേതികവിദ്യാ രംഗത്തെ പുരോഗതിക്കും ചന്ദ്രനിലേക്കുള്ള ആർട്ടിമിസ് ദൗത്യങ്ങൾക്കും ചൊവ്വയിലേക്കുള്ള മുന്നേറ്റത്തിനും നിർണായകമാണെന്ന് ഐസക്മാൻ പറഞ്ഞു. അവർ കൈവരിച്ച അസാധാരണ നേട്ടങ്ങൾ തലമുറകളെ വലിയ സ്വപ്നം കാണാനും സാധ്യമായതിന്റെ അതിരുകൾ ഭേദിക്കാനും പ്രചോദിപ്പിക്കും. അഭിനന്ദനങ്ങൾ. നാസയ്ക്കും രാജ്യത്തിനും നൽകിയ സേവനങ്ങൾക്ക് നന്ദി പറയുന്നുവെന്നും ഐസക്മാൻ കൂട്ടിച്ചേർത്തു.
അഭിമാനകരമായ മൂന്ന് ദൗത്യങ്ങൾ
2006 ഡിസംബറിൽ STS-116 ദൗത്യത്തിന്റെ ഭാഗമായി ഡിസ്‌കവറി സ്‌പേസ് ഷട്ടിലിൽ സുനിത ആദ്യമായി ബഹിരാകാശത്തേക്ക് പോയി. STS-117 സംഘത്തോടൊപ്പം സ്‌പേസ് ഷട്ടിൽ അറ്റ്‌ലാന്റിസിൽ തിരിച്ചെത്തി. ഈ ദൗത്യത്തിൽ സുനിത ഫ്‌ളൈറ്റ് എഞ്ചിനിയറായാണ് പ്രവർത്തിച്ചത്.
2012-ൽ കസാഖിസ്ഥാനിലെ ബൈക്കോണൂർ കോസ്‌മോഡ്രോമിൽ നിന്ന് 127 ദിവസത്തെ എക്‌സ്‌പെഡിഷൻ 32/33 ദൗത്യത്തിന്റെ ഭാഗമായി അവർ രണ്ടാമതും ബഹിരാകാശത്തേക്ക് പോയി. എക്‌സ്‌പെഡിഷൻ 33-ൽ അവർ ബഹിരാകാശ നിലയത്തിന്റെ കമാൻഡറായും പ്രവർത്തിച്ചു.
2024 ജൂണിൽ നാസയുടെ ബോയിങ് ക്രൂ ഫ്‌ളൈറ്റ് ടെസ്റ്റ് ദൗത്യത്തിന്റെ ഭാഗമായി വില്യംസും വിൽമോറും സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിൽ യാത്രതിരച്ചു. എക്‌സ്‌പെഡിഷൻ 72-ൽ വില്യംസ് വീണ്ടും ബഹിരാകാശ നിലയത്തിന്റെ കമാൻഡറായി. ഈ ദൗത്യത്തിൽ അവർ രണ്ട് സ്‌പേസ് വാക്ക് പൂർത്തിയാക്കി. 2025 മാർച്ചിൽ ഏജൻസിയുടെ സ്‌പേസ്എക്‌സ് ക്രൂ-9 ദൗത്യത്തിന്റെ ഭാഗമായി ഭൂമിയിലേക്ക് തിരിച്ചെത്തി.
ഗൂഗിളിൽ ട്രെൻഡിങ്ങായി സുനിത വില്യംസ്
യു.എസ് നാവിക അക്കാഡമിയിൽ നിന്ന് ഫിസിക്കൽ സയൻസിൽ ബിരുദവും മെൽബണിലെ ഫ്‌ളോറിഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് എഞ്ചിനീയറിംഗ് മാനേജ്മെന്റിൽ മാസ്റ്റർ ബിരുദവും നേടിയിട്ടുള്ള സുനിത നിലവിൽ മസാച്യുസെറ്റ്‌സിലാണ് താമസിക്കുന്നത്. വിരമിക്കൽ വാർത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ സുനിതയുടെ പേര് ഗൂഗിളിൽ ട്രെൻഡിങ്ങായി. സ്ലോവേനിയ, ഇന്ത്യ, കാനഡ, യുഎസ്എ എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ സുനിതയുടെ പേര് സെർച്ച് ചെയ്തത്. പലരും അവരുടെ കുടുംബത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ഗൂഗിളിൽ തിരഞ്ഞത്. അവരുടെ പിതാവ് ദീപക് പാണ്ഡ്യയെക്കുറിച്ചും നിരവധിപേർ ഗൂഗിളിൽ സെർച്ച് ചെയ്തു.
'ഇന്ത്യ സന്ദർശിക്കുന്നത് സ്വന്തം വീട്ടിലെത്തുന്നതപോലെ'
ഇന്ത്യ സന്ദർശനത്തെ സ്വന്തം വീട്ടിലെത്തുന്നത് പോലെയുള്ള അനുഭവം എന്നാണ് അവർ കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചത്. ന്യൂഡൽഹിയിലെ അമേരിക്കൻ സെന്ററിൽ നടന്ന സംവാദത്തിൽ അവർ ഇന്ത്യുമായുള്ള അടുത്ത ബന്ധത്തെക്കുറിച്ച് വാചാലയായി.
''ബഹിരാകാശത്ത് എത്തുമ്പോൾ ആദ്യം ചെയ്യുന്ന കാര്യങ്ങളിൽ ഒന്ന്, സ്വന്തം വീട് തിരയാൻ ആഗ്രഹിക്കുന്നു എന്നതാണ്. ഞാൻ മസാച്യുസെറ്റ്‌സിലാണ് വളർന്നത്. എന്റെ അച്ഛൻ ഇന്ത്യക്കാരനാണ്. എന്റെ അമ്മ സ്ലോവേനിയൻ ആണ്. ഞാൻ തീർച്ചയായും ഈ സ്ഥലങ്ങളെ എന്റെ വീടായി കാണുന്നു.'' - അവർ പറഞ്ഞു.
കൽപ്പന ചൗളയുടെ അമ്മയെ സന്ദർശിച്ച് സുനിത
അന്തരിച്ച ബഹിരാകാശ സഞ്ചാരി കൽപ്പന ചൗളയുടെ 90 വയസ്സുള്ള അമ്മയുമായും സഹോദരിയുമായും ഇന്ത്യ സന്ദർശനത്തിനിടെ സുനിത വില്യംസ് കൂടിക്കാഴ്ച നടത്തിയിരുന്നു. ബഹിരാകാശത്തേക്ക് പോയ ആദ്യ ഇന്ത്യൻ വംശജയായ വനിതാ ബഹിരാകാശ സഞ്ചാരിയാണ് കൽപ്പന ചൗള. ഫെബ്രുവരി 2003-ൽ കൊളംബിയ സ്‌പേസ് ഷട്ടിൽ ദുരന്തത്തിൽ അവക്കും ദൗത്യസംഘാംഗങ്ങൾക്കും ജീവൻ നഷ്്ായി. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചെത്തുന്നതിനിടെയാണ് അവർ സഞ്ചരിച്ച കൊളംബിയ സ്‌പേസ് ഷട്ടിൽ തകർന്നത്.
Content Highlights: Indian-origin astronaut Sunita Williams retires from NASA after a remarkable 27-year career, completing three missions to the ISS and inspiring future space explorers.