വ്‌ളോഗര്‍മാര്‍ക്കായി സോണിയുടെ പുതിയ ഷോട്ട്ഗണ്‍ മൈക്ക്

സോണി ഇന്ത്യ പുതിയ ഷോട്ട്ഗണ്‍ മൈക്ക് പുറത്തിറക്കി. കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് എളുപ്പം കൊണ്ടുനടക്കാവുന്നതും ഗുണമേന്മയുള്ള ശബ്ദം റെക്കോര്‍ഡ് ചെയ്യുന്നതിനും സഹായിക്കും വിധമാണ് ഇസിഎം-ജി1 എന്ന ഈ മോഡല്‍ തയ്യാറാക്കിയിരിക്കുന്നത്.
10,290 രൂപയാണ് ഇസിഎം-ജി 1 മൈക്കിന്റെ വില. പശ്ചാത്തലത്തില്‍ നിന്നുള്ള ബഹളം പരമാവധി കുറച്ച് നിങ്ങളുടെ ശബ്ദം പകര്‍ത്തിയെടുക്കാന്‍ ഈ മൈക്കിന് സാധിക്കും.
വ്‌ളോഗിങിനും അഭിമുഖങ്ങള്‍ക്കും ഏറെ അനുയോജ്യമാണ് ഇസിഎം-ജി വണ്‍ എന്ന് സോണി പറഞ്ഞു. ഇത് വ്യക്തതയോടെ ശബ്ദം പിടിച്ചെടുക്കും. പുറത്ത് നിന്ന് വീഡിയോ പകര്‍ത്തുമ്പോള്‍ കാറ്റിന്റെ ശബ്ദം കുറയ്ക്കുന്നതിനുള്ള വിന്‍ഡ് ഷീല്‍ഡും ഇതിനൊപ്പമുണ്ട്.
കേബിളിന്റെ ഉപയോഗവും വലിപ്പവും പരിമിതപ്പെടുത്തിയുള്ള രൂപകല്‍പന കേബിളുകള്‍ വഴി സൃഷ്ടിക്കപ്പെടാവുന്ന അപശബ്ദങ്ങള്‍ ഒഴിവാക്കുന്നതിനും സഹായകമാണ്. കെട്ടിടങ്ങള്‍ക്കുള്ളില്‍ ഷൂട്ട് ചെയ്യുമ്പോള്‍ ഉണ്ടാകാനിടയുള്ള പ്രതിധ്വനി കുറയ്ക്കാനും മൈക്രോഫോണിനാവും.
ഒരു റെക്കോര്‍ഡിങ് കേബിള്‍ മൈക്കിനൊപ്പമുണ്ടാവും. വിവിധ ക്യാമറകളുമായും സ്മാര്‍ട്‌ഫോണുകളുമായും ബന്ധിപ്പിക്കുന്നതിന് വേണ്ടിയുള്ളതാണിത്.
ഓണ്‍ലൈനിലും, ഓഫ്‌ലൈന്‍ സ്റ്റോറുകളിലും ഇസിഎം-ജി വണ്‍ മൈക്ക് ലഭിക്കും.
Content Highlights: sony launched new shot microphone for vloggers