ട്രെയിന്‍ കാത്തിരുന്നപ്പോള്‍ തോന്നിയ ആശയം; ട്രാക്കില്‍ സോളാര്‍ പാനല്‍, സുരക്ഷയെ ബാധിക്കില്ല

റെയില്‍വേ പാളങ്ങള്‍ക്കിടയിലുള്ള ഒഴിഞ്ഞ സ്ഥലത്ത് സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് ട്രെയിനുകള്‍ ഓടാനാവശ്യമായ ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡ്. സണ്‍ വേയ്‌സ് എന്ന സോളാര്‍ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പാണ് പദ്ധതിക്ക് പിന്നില്‍. ആവശ്യമുള്ളപ്പോഴെല്ലാം പാനലുകള്‍ അനായാസം നീക്കം ചെയ്യാനും വീണ്ടും ഉറപ്പിക്കാനും കഴിയുന്ന സാങ്കേതികവിദ്യ സണ്‍-വേയ്സ് സ്വന്തമായി വികസിപ്പിച്ചിട്ടുണ്ട്. അതിനാല്‍ ട്രാക്ക് അറ്റകുറ്റപ്പണി അടക്കമുള്ളവയ്ക്ക് സോളാര്‍ പാനലുകള്‍ തടസമാകില്ല.
സണ്‍-വേയ്സ് സ്ഥാപകന്‍ ജോസഫ് സ്‌കൂഡെറിക്ക് 2020-ല്‍ ട്രെയിന്‍ കാത്തിരിക്കുമ്പോള്‍ ആണ് ഈ ആശയം തോന്നിയത്. ഫെഡറല്‍ ഓഫീസ് ഓഫ് ട്രാന്‍സ്പോര്‍ട്ടില്‍നിന്ന് അനുമതിവാങ്ങി അദ്ദേഹത്തിന്റെ സ്ഥാപനം റെയില്‍വേ ലൈനില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചു. വീടിന്റെ മേല്‍ക്കൂരയില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതുപോലെയാണ് റെയില്‍വേ ട്രാക്കിലും അവ സ്ഥാപിച്ചതെന്ന് കമ്പനി പറയുന്നു. ഇതുവരെ എത്താന്‍ കഴിഞ്ഞത് അത്ഭുതമാണെന്നും അവര്‍ അവകാശപ്പെടുന്നു.
സോളാര്‍ പാനലുകള്‍ ട്രെയിനുകളുടെ സുരക്ഷയെയും ട്രാക്ക് അറ്റകുറ്റപ്പണികളെയും ബാധിച്ചേക്കാം എന്ന ആശങ്കയെത്തുടര്‍ന്ന് 2023-ല്‍ ഈ പദ്ധതിക്ക് അനുമതി നിരസിച്ചിരുന്നു. എന്നാല്‍പ്രത്യേകം രൂപകല്‍പ്പന ചെയ്ത സോളാര്‍ പാനലുകള്‍ സുരക്ഷയ്ക്കും അറ്റകുറ്റപ്പണികള്‍ക്കും തടസമുണ്ടാക്കില്ലെന്ന് തെളിയിക്കാന്‍ സണ്‍ വേയ്‌സിന് കഠിന പ്രയത്‌നം നടത്തേണ്ടിവന്നു. വിദഗ്ധരുമായി ചേര്‍ന്ന് സ്വതന്ത്രമായ പഠനം നടത്തിയാണ് പ്രതിസന്ധികള്‍ തരണംചെയ്യാന്‍ കഴിഞ്ഞത്.
സ്വിസ് ട്രാക്ക് മെയിന്റനന്‍സ് കമ്പനിക്ക് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഏകദേശം 1,000 ചതുരശ്ര മീറ്റര്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാനും നീക്കം ചെയ്യാനും കഴിയുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. 6.04 കോടി രൂപയുടേതാണ് (585,000 സ്വിസ് ഫ്രാങ്ക്) പൈലറ്റ് പ്രോജക്ട്. പടിഞ്ഞാറന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ചെറിയ ഗ്രാമമായ ബ്യൂട്ടെസിലെ റെയില്‍വേ ട്രാക്കുകളുടെ 100 മീറ്റര്‍ ഭാഗത്ത് 48 സോളാര്‍ പാനലുകള്‍ ഇതിനകം സ്ഥാപിച്ചുകഴിഞ്ഞു.
Content Highlights: solar panels on rail racks swiss green energy innovation