ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണി: ഷഓമിയെ പിന്തള്ളി ആപ്പിള്‍ ആദ്യ അഞ്ചില്‍

പ്രതീകാത്മകചിത്രം | AP
പ്രതീകാത്മകചിത്രം | AP

കൊച്ചി: ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍നിന്ന് ചൈനീസ് ബ്രാന്‍ഡായ ഷഓമി പുറത്ത്. മികച്ച വില്‍പ്പനയുമായി ആപ്പിള്‍ മുന്നിലെത്തിയതോടെയാണ് ഇത്. 2025 ആദ്യ പാദത്തില്‍ 9.5 ശതമാനം വിപണി വിഹിതത്തോടെയാണ് ആപ്പിള്‍ ഐഫോണ്‍ അഞ്ചാം സ്ഥാനം പിടിച്ചത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 7.3 ശതമാനമായിരുന്നു. അതേസമയം, ഷഓമിയുടെ വിപണിവിഹിതം 12.8 ശതമാനത്തില്‍ നിന്ന് 7.8 ശതമാനമായി കുറഞ്ഞു. ഇതോടെ, അവര്‍ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഷഓമിയുടെ വിപണിവിഹിതം കുറഞ്ഞപ്പോള്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള കമ്പനികളുടെ വിഹിതം ഉയര്‍ന്നു. 19.7 ശതമാനം വിപണിവിഹിതവുമായി ചൈനീസ് കമ്പനിയായ വിവോ ഇന്ത്യന്‍ വിപണിയില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി. മുന്‍ വര്‍ഷം ആദ്യപാദത്തില്‍ വിവോയുടെ വിഹിതം 16.2 ശതമാനമായിരുന്നു. രണ്ടാം സ്ഥാനത്തുള്ള സാംസങ്ങിന്റെ വിപണിവിഹിതം 15.6 ശതമാനത്തില്‍നിന്ന് 16.4 ശതമാനമായി മെച്ചപ്പെട്ടു. ഓപ്പോ (12 ശതമാനം), റിയല്‍മി (10.6 ശതമാനം) എന്നിവയാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.

ആപ്പിള്‍ ഉത്പന്നങ്ങളോട് ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് പ്രിയമേറുന്നതും മികച്ച ഫിനാന്‍സ് സ്‌കീമുകളുമാണ് ഐഫോണിന്റെ വില്‍പ്പന ഉയരാന്‍ സഹായിച്ചതെന്ന് ഗവേഷണ സ്ഥാപനമായ ഐഡിസി വ്യക്തമാക്കി. കഴിഞ്ഞ രണ്ടു വര്‍ഷമായി ഷഓമി ഇന്ത്യന്‍ വിപണിയില്‍ പ്രതിസന്ധികള്‍ നേരിടുകയാണ്.
 

Content Highlights: smartphone market apple surpasses xiaomi to enter the top five