ചാന്ദ്രദൗത്യം അവസാനിപ്പിക്കില്ല; റാഷിദ് റോവര്‍-2 വിക്ഷേപിക്കുമെന്ന് ശൈഖ് മുഹമ്മദ്

ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം | ഫോട്ടോ : മാതൃഭൂമി
ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം | ഫോട്ടോ : മാതൃഭൂമി

ന്ദ്രനിലിറക്കുന്നതിനായി പുതിയ ലൂണാര്‍ റോവര്‍ നിര്‍മിക്കുമെന്ന പ്രഖ്യാപനവുമായി യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. റാഷിദ് 2 എന്നായിരിക്കും പുതിയ റോവറിന് പേരെന്നും അദ്ദേഹം അറിയിച്ചു.

യു.എ.ഇയുടെ ആദ്യ ചാന്ദ്ര ദൗത്യത്തിന്റെ ഭാഗമായി ഒരുക്കിയ റാഷിദ് റോവര്‍ 1 ചന്ദ്രനിലിറക്കാനുള്ള ശ്രമം പരാജയപ്പെട്ട സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം. യു.എ.ഇ. സ്വയം വികസിപ്പിച്ചെടുത്ത റാഷദ് റോവർ ഇന്നലെ രാത്രി 8.40-നാണ് ചന്ദ്രനിൽ ഇറങ്ങേണ്ടിയിരുന്നത്. ലാന്‍ഡിങിന് നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ പേടകവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. റാഷിദ് റോവറുമായി പുറപ്പെട്ട ജപ്പാൻ നിർമ്മിത ഹക്കുട്ടോ ലാൻഡർ അവസാന നിമിഷം നിയന്ത്രണം നഷ്ടപ്പെട്ട് ചന്ദ്രനിൽ ഇടിച്ചിറങ്ങുകയായിരുന്നു.. 

സ്വപ്നങ്ങൾ കൊണ്ട് നിർമ്മിച്ച രാജ്യം ആ സ്വപ്നങ്ങളിൽനിന്നും ഒരിക്കലും പിന്നോട്ട് പോകില്ലെന്നും റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു..ബുധനാഴ്ച ദുബായ് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിൽ എത്തി ശാസ്ത്രജ്ഞരെ അഭിനന്ദിച്ച ശേഷമാണ് അദ്ദേഹം റാഷിദ് റോവർ -2 ദൗത്യം പ്രഖ്യാപിച്ചത്. റാഷിദ്-2 ദൗത്യത്തിനുള്ള ജോലികള്‍ ആരംഭിക്കാന്‍ ദൗത്യ സംഘാംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ആധുനിക ദുബായിയുടെ ശില്‍പിയെന്നറിയപ്പെടുന്ന ശൈഖ് റാഷിദ് ബിന്‍ സയീദ് അല്‍ മക്തൂമിന്റെ പേരാണ് റോവറിന് നല്‍കിയിരിക്കുന്നത്. 

'റാഷിദ് റോവര്‍ ചന്ദ്രനിലിറക്കുന്നതില്‍ വിജയിക്കാനായില്ലെങ്കിലും നമ്മുടെ സ്വപ്നങ്ങളെ ചന്ദ്രനിൽവരെയെത്തിക്കാൻ നമുക്ക് കഴിഞ്ഞു. അത്യാധുനിക ബഹിരാകാശ ദൗത്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള യുവാക്കളുടേയും യുവതികളുടെയും ഒരു സംഘത്തെ വാര്‍ത്തെടുക്കുന്നതിലും ഞങ്ങള്‍ വിജയിച്ചു. 10 വര്‍ഷം കൊണ്ട് ഒരു ബഹിരാകാശ രംഗം കെട്ടിപ്പടുക്കാനും ഞങ്ങള്‍ക്കായി. ഇനിയും മുന്നോട്ട് കുതിക്കും." അദ്ദേഹം പറഞ്ഞു.

Content Highlights: Sheikh Mohammed announces new Moon mission Rashid rover 2