വീണ്ടും ജീവന്‍ രക്ഷിച്ച് 'ഐഫോണ്‍'; ഇത്തവണയും തുണച്ചത് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍

ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ ആപ്പിള്‍ ഗാഡ്‌ജെറ്റുകള്‍ ഇടയായ നിരവധി സംഭവങ്ങള്‍ പലയിടത്തും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ ആപ്പിള്‍ സ്വീകരിക്കുന്ന നടപടികളാണ് ഇതിന് കാരണം. ഇപ്പോഴിതാ ഏറ്റവുമൊടുവിലായി ഐഫോണ്‍ കാരണം രണ്ടുപേരുടെ ജീവനാണ് രക്ഷപ്പെട്ടത്.
ആപ്പിള്‍ 14ന്റെ ഏറ്റവും വലിയ പ്രത്യേകതയായ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ എന്ന ഫീച്ചറാണ് രക്ഷയ്‌ക്കെത്തിയത്. അടിയന്തര സാഹചര്യങ്ങളില്‍ സെല്ലുലാര്‍ കണക്ഷന്‍ ലഭിക്കാത്ത അവസരങ്ങളില്‍ ഏറെ ഉപയോഗപ്രദമാണ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍. കാടുകളിലും മലയോര പര്‍വതമേഖലകളിലുമെല്ലാം സാഹസിക യാത്രകള്‍ക്കും മറ്റും പോവുന്നവര്‍ക്ക് ഉപയോഗിക്കാവുന്ന ഒരു ജീവന്‍രക്ഷാ സംവിധാനമായി സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനെ കണക്കാക്കാം.
ഇപ്പോഴിതാ കാലിഫോര്‍ണിയയില്‍ കാര്‍ അപകടത്തില്‍പ്പെട്ട് 300 അടി താഴ്ചയിലേയ്ക്ക് വീണ രണ്ടുപേര്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ ഉപയോഗിച്ച് രക്ഷപ്പെട്ടിരിക്കുകയാണ്. ഇരുപതുകാരായ യുവതിയും യുവാവുമാണ് അപകടത്തില്‍പ്പെട്ടത്. വിജനമായ പ്രദേശത്ത് അകപ്പെട്ട് ഇവര്‍ ഫോണില്‍ വീഡിയോ ഷൂട്ട് ചെയ്ത് എമര്‍ജെന്‍സി കോണ്‍ടാക്ടിലേക്ക് അയച്ചു. അപകടത്തില്‍പ്പെട്ട സ്ഥലത്ത് നെറ്റ് വർക്ക് ഇല്ലായിരുന്നു. ഒരാളുടെ കൈയില്‍ ഐഫോണ്‍ 14 ഉണ്ടായിരുന്നതിനാല്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ ഉപയോഗിച്ച് സഹായം അഭ്യര്‍ഥിക്കാന്‍ സാധിച്ചു. ഹെലികോപ്ടറില്‍ എത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്ക് കൃത്യമായ ലൊക്കേഷനും ലഭിച്ചിരുന്നു.
നേരത്തെ അലാസ്‌കയില്‍ ആളാഴിഞ്ഞ ഇടത്ത് ഒറ്റപ്പെട്ടുപോയ ആളെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തിയിരുന്നു. സ്നോ മെഷീന്‍ ഉപയോഗിച്ചുള്ള യാത്രയ്ക്കിടെയാണ് ഇയാള്‍ നെറ്റ് വർക്ക് കണക്ഷന്‍ ഇല്ലാത്ത സ്ഥലത്ത് അകപ്പെട്ടത്. മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതായതോടെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ ഉപയോഗിക്കുകയായിരുന്നു.
എങ്ങനെയാണ് ഇതിന്റെ പ്രവര്‍ത്തനം
അടിയന്തര സാഹചര്യങ്ങില്‍ അടിയന്തര സേവനങ്ങളെ ഫോണ്‍കോളിലൂടെയും സന്ദേശങ്ങളിലൂടെയും ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ മൊബൈല്‍ നെറ്റ് വർക്ക് കിട്ടുന്നില്ല എന്നിരിക്കട്ടെ. ഈ സമയം ഐഫോണ്‍ ഉപഗ്രഹ കണക്റ്റിവിറ്റിയിലൂടെ ആ ആശയവിനിമയം സാധ്യമാക്കാന്‍ സഹായിക്കും.
ഭ്രമണപഥത്തിലെ ഉപഗ്രഹങ്ങളുമായി ബന്ധം സ്ഥാപിച്ചാണ് ഇത് സാധ്യമാക്കുന്നത്. താരതമ്യേന വേഗം കുറഞ്ഞ ആശയവിനിമയ സംവിധാനമായിരിക്കും ഇത്. എന്നാല്‍ മൊബൈല്‍ കണക്റ്റിവിറ്റിയില്ലാത്ത സാഹചര്യത്തില്‍ അടയന്തിര സാഹചര്യങ്ങള്‍ വന്നാല്‍ ഈ സംവിധാനം ഉപയോഗപ്പെടും.
ഫോണില്‍ നെറ്റ് വർക്ക് ഇല്ല എന്ന് മനസിലാക്കിയാല്‍ ഉപഭോക്താക്കള്‍ക്ക് 'എമര്‍ജന്‍സി ടെക്സ്റ്റ് വയ സാറ്റലൈറ്റ്' എന്ന ഓപ്ഷന്‍ ഫോണില്‍ കാണാന്‍ സാധിക്കും. ഇത് തിരഞ്ഞെടുത്താല്‍ പുതിയൊരു ഇന്റര്‍ഫെയ്‌സിലേക്കാണ് ചെന്നെത്തുക. നിങ്ങള്‍ നില്‍ക്കുന്ന സ്ഥലത്ത് നിന്നും ഏറ്റവും അടുത്തുള്ള ഉപഗ്രഹവുമായി ബന്ധം സ്ഥാപിക്കാന്‍ അവിടെ നിന്ന് സാധിക്കും.
ഇങ്ങനെ ഉപഗ്രഹവുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍ കഴിയുന്നതും തുറസായ ആകാശം കാണുന്നയിടത്താണ് നിങ്ങള്‍ നില്‍ക്കുന്നത് എന്ന് ഉറപ്പുവരുത്തുക. സന്ദേശങ്ങള്‍ അയക്കാന്‍ ഏകദേശം 15 സെക്കന്റ് എങ്കിലും എടുക്കും. മരങ്ങള്‍ നിറഞ്ഞയിടങ്ങളിലാണ് നില്‍ക്കുന്നത് എങ്കില്‍ ഒരു മിനിറ്റിലേറെ സമയം ഒരു സന്ദേശം അയക്കാന്‍ വേണ്ടിവരും.
അടിയന്തര ഘട്ടങ്ങളില്‍ സഹായത്തിനായുള്ള അടിയന്തര സേവനങ്ങളെ ബന്ധപ്പെടുന്നതിന് വേണ്ടിയാണീ ഫീച്ചര്‍ ഉപയോഗിക്കുക. ഇതുവഴി അയക്കുന്ന സന്ദേശങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്താണ് അയക്കപ്പെടുക. എന്നാല്‍ അടിയന്തര സേവന ദാതാക്കള്‍ക്കും അനുബന്ധ സംവിധാനങ്ങള്‍ക്കും ഈ സന്ദേശം കാണാനും അതിനനുസരിച്ച് സേവനം നല്‍കാനും സാധിക്കും. ഐഫോണ്‍ 14 പരമ്പര ഫോണുകളില്‍ മാത്രമാണ് ഈ സൗകര്യം ലഭിക്കുക.
Content Highlights: satellite communication of iPhone 14 saves lives of 2 after they fell in deep gorge