ഡോക്ടർമാരുടെ ഉപദേശം തേടാം, ആന്റിവെനം വിവരങ്ങൾ; സർപ്പ ആപ്പ് 2.0 വരുന്നു

തിരുവനന്തപുരം: പാമ്പുകളുടെയും മനുഷ്യരുടെയും രക്ഷയ്ക്കായി വനംവകുപ്പ് തയ്യാറാക്കിയ സർപ്പ മൊബൈൽ ആപ്പ് ഉപഭോക്തൃസൗഹൃദമായി നവീകരിക്കുന്നു. വിദഗ്ധ ഡോക്ടർമാരുടെ സേവനം തത്സമയം ലഭ്യമാക്കുന്നത് ഉൾപ്പെടെയുള്ള സൗകര്യമാണ് പുതുതായി ഉൾപ്പെടുത്തുന്നത്.
പാമ്പുകടിയേറ്റാൽ ഉടൻതന്നെ ഡോക്ടർമാരുടെ ഉപദേശം ഓൺലൈനായി തേടാനാകും. പാനലിൽ പരമാവധി ഡോക്ടർമാരെ ഉൾപ്പെടുത്താനാണ് ശ്രമം. ഇപ്പോൾ കുറച്ച് ഡോക്ടർമാരുടെ സേവനം മാത്രമേ ആപ്പിൽ ലഭ്യമുള്ളൂ.
കൂടാതെ, ആന്റിവെനം ലഭിക്കുന്ന ആശുപത്രികളുടെ വിവരവും ഉൾപ്പെടുത്തും. ആന്റിവെനത്തിന്റെ സ്റ്റോക്കും മറ്റും കൃത്യമായി അപ്ഡേറ്റ് ചെയ്യും.
'സർപ്പപാഠം' ബോധവത്കരണക്ലാസിന് ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും ഒരുക്കും. വിദ്യാഭ്യാസസ്ഥാപനങ്ങൾ, റെസിഡന്റ്സ് അസോസിയേഷനുകൾ, കുടുംബശ്രീകൾ തുടങ്ങിയവയ്‌ക്കെല്ലാം ഇത് ഉപയോഗപ്പെടുത്താം.
ആൻഡ്രോയിഡ് ഫോണുകൾക്കുപുറമേ ഐ.ഒ.എസിലും സർപ്പ ആപ്പ് ലഭ്യമാക്കുമെന്നും സർപ്പ നോഡൽ ഓഫീസറും അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുമായ വൈ. മുഹമ്മദ് അൻവർ പറഞ്ഞു.
Content Highlights: Real-time medical consultation for snakebite victims via Sarpa app., Real-time tracking of anti-venom stock in nearby hospitals., Online registration for 'Sarpa Padam' awareness classes., Expansion of app availability to iOS platform., User-friendly interface improvements for 2026.