സരസ് Mk2: പവർ ഡിസ്ട്രിബ്യൂഷൻ സിസ്റ്റം വികസിപ്പിച്ചത് കേരളത്തിൽ, NAL-ന് കൈമാറി SFO ടെക്നോളജീസ്

രാജ്യത്തെ ആദ്യ തദ്ദേശീയ യാത്രാ വിമാനമായ 'സരസ് എംകെ 2' വിലെ നിർണായക പ്രൈമറി പവർ ഡിസ്ട്രിബ്യൂഷൻ സിസ്റ്റം (PPDS) വികസിപ്പിച്ചത് കേരളത്തിൽ. കളമശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന നെസ്റ്റ് ഗ്രൂപ്പിന്റെ പ്രതിരോധ-വ്യോമയാന വിഭാഗമായ എസ്എഫ്ഒ ടെക്‌നോളജീസാണ് ഈ നേട്ടത്തിന് പിന്നിൽ.
ബെംഗളൂരു സി.എസ്.ഐ.ആർ-നാഷണൽ എയറോസ്പേസ് ലബോറട്ടറിയുമായി (NAL) ചേർന്നാണ് സംവിധാനം വികസിപ്പിച്ചത്. ഇതിന്റെ ആദ്യ എയർവർത്തി യൂണിറ്റ് എസ്എഫ്ഒ അധികൃതർ എൻ.എ.എല്ലിന് കൈമാറി. കളമശ്ശേരി ഹൈടെക് പാർക്കിൽ നടന്ന ചടങ്ങിൽ നെസ്റ്റ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എൻ. ജഹാംഗീർ, എൻ.എ.എൽ ഡയറക്ടർ ഡോ. അഭയ് അനന്ത് പാഷിൽക്കർ, മുതിർന്ന ശാസ്ത്രജ്ഞർ എന്നിവർ പങ്കെടുത്തു.
വ്യോമയാന മേഖലയിലെ ഏറ്റവും ഉയർന്ന ഡിസൈൻ സെക്യൂരിറ്റി മാനദണ്ഡമായ 'DAL-A' (Design Assurance Level-A) ഉറപ്പുനൽകുന്നതാണ് ഈ പവർ ഡിസ്ട്രിബ്യൂഷൻ സിസ്റ്റം. വിമാനത്തിന്റെ രണ്ടു ടർബോ-പ്രോപ്പ് എൻജിനുകളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി വിമാനത്തിലെ നിയന്ത്രണ സംവിധാനങ്ങളടക്കമുള്ള വിവിധ ഭാഗങ്ങളിലേക്ക് കൃത്യമായി വിതരണം ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനും ഈ സ്മാർട്ട് സിസ്റ്റം സഹായിക്കും.
ദേശീയ പ്രാധാന്യമുള്ള ഈ പദ്ധതിയിൽ എൻ.എ.എല്ലിന്റെ പങ്കാളിയാകാൻ കഴിഞ്ഞതിൽ എസ്എഫ്ഒക്ക് അഭിമാനമുണ്ടെന്ന് നെസ്റ്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. എൻ. ജഹാംഗീർ പറഞ്ഞു. 'ആത്മനിർഭർ ഭാരത്, മേയ്ക്ക് ഇൻ ഇന്ത്യ ദൗത്യങ്ങളുടെ ഭാഗമായി പ്രതിരോധ-വ്യോമയാന രംഗത്ത് അത്യാധുനിക ഉൽപ്പന്നങ്ങൾ തദ്ദേശീയമായി നിർമ്മിക്കുന്നതിൽ മറ്റൊരു വലിയ നാഴികക്കല്ലാണിത്. ഭാവിയിൽ കൂടുതൽ വെല്ലുവിളി നിറഞ്ഞ പദ്ധതികൾ ഏറ്റെടുക്കാൻ ഈ വിജയം ഞങ്ങൾക്ക് പ്രചോദനമാകും.'- അദ്ദേഹം കൂട്ടിച്ചേർത്തു.
'ജനറേറ്ററുകൾ, ബാറ്ററികൾ തുടങ്ങിയ ഒന്നിലധികം ഉറവിടങ്ങളിൽ നിന്ന് മുഴുവൻ വിമാനത്തിനും ആവശ്യമായ വൈദ്യുതി നൽകുന്ന സാരസ് എം.കെ 2-ന്റെ ഇലക്ട്രിക്കൽ സിസ്റ്റത്തിന്റെ ഹൃദയമാണ് പി.പി.ഡി.എസ് (PPDS). വികസിത് ഭാരത്@2047 എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്ന ആത്മനിർഭർ ഭാരതിന് പി.പി.ഡി.എസിന്റെ തദ്ദേശീയമായ വികസനം ഏറെ അത്യന്താപേക്ഷിതമാണ്. സാരസ് എം.കെ 2 പ്രോഗ്രാം എല്ലാ സിസ്റ്റങ്ങളുടെയും ക്രിട്ടിക്കൽ ഡിസൈൻ റിവ്യൂകൾ പൂർത്തിയാക്കി കഴിഞ്ഞു. ഇനി എയർക്രാഫ്റ്റ് ലെവൽ ക്രിട്ടിക്കൽ ഡിസൈൻ റിവ്യൂവിലേക്ക് കടക്കുകയാണ്.'- ഡോ. അഭയ് അനന്ത് പാഷിൽക്കർ പറഞ്ഞു.
പവർ ഡിസ്ട്രിബ്യൂഷൻ സിസ്റ്റത്തിന് ആവശ്യമായ സോഫ്റ്റ്‌വെയർ വികസിപ്പിച്ചെടുത്തത് നെസ്റ്റ് ഗ്രൂപ്പിന്റെ സോഫ്റ്റ്‌വെയർ വിഭാഗമായ 'നെസ്റ്റ് ഡിജിറ്റൽ' ആണ്. റീജിയണൽ കണക്റ്റിവിറ്റി പദ്ധതിയായ 'ഉഡാൻ' വഴി ചെറു നഗരങ്ങളെ ബന്ധിപ്പിക്കുന്നതിന് നിർമ്മിക്കുന്ന 19 സീറ്റുകളുള്ള സാരസ് വിമാനം ഇന്ത്യൻ വ്യോമസേനയുടെ ആവശ്യങ്ങൾക്കും ഉപയോഗിക്കും. ഡി.ആർ.ഡി.ഒ വികസിപ്പിക്കുന്ന ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ 'അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റിനായും' (AMCA) പവർ മാനേജ്മെന്റ് സിസ്റ്റങ്ങൾ വികസിപ്പിച്ചു വരുന്നതും എസ്എഫ്ഒ ടെക്നോളജീസ് ആണ്.
Content Highlights: SFO Technologies in Kalamassery developed the Primary Power Distribution System (PPDS) for India's first indigenous aircraft, Saras MK 2., The system was developed in collaboration with CSIR-National Aerospace Laboratories (NAL), Bengaluru., PPDS meets the highest aviation design security standard 'DAL-A' and acts as the heart of the aircraft's electrical system., Nest Digital developed the necessary software, aligning with Atmanirbhar Bharat and Make in India initiatives.