ഫോൾഡബിൾ ഐഫോണിന്റെ സുപ്രധാനഘടകം നിർമിക്കുന്നത് സാംസങ്ങോ? എന്താണ് കരാർ?

#ടെക്‌നോളജി ഡെസ്‌ക്
1. ഐഫോണ്‍ ഡ്യൂവോ 2. പ്രതീകാത്മകചിത്രം | Getty
1. ഐഫോണ്‍ ഡ്യൂവോ 2. പ്രതീകാത്മകചിത്രം | Getty

ആപ്പിളിന്റെ ഫോൾഡബിൾ ഫോണായ ഐഫോൺ ഡ്യുവോ ലോകമെങ്ങും വലിയ ശ്രദ്ധ പിടിച്ചുപറ്റി. ആപ്പിളിന്റെ മടക്കാവുന്ന ഫോൺ ദീർഘകാലത്തെ അഭ്യൂഹങ്ങൾക്കും പ്രവചനങ്ങൾക്കും പിന്നാലെയാണ് യാഥാർഥ്യമായത്. ഫോൾഡബിൾ ഫോൺ പുറത്തിറക്കാൻ ആപ്പിൾ ഇത്രയും വൈകിയത് എന്തുകൊണ്ടാണെന്ന ചർച്ചകൾ സജീവമായിരുന്നു. എതിരാളികളായ സാംസങ്‌ അടക്കമുള്ളവ മൂന്നായി മടക്കാവുന്ന ട്രൈഫോൾഡ് അടക്കം നേരത്തെ പുറത്തിറക്കിയ പശ്ചാത്തലത്തിലായിരുന്നു ഇത്തരം ചർച്ചകൾ. ഡ്യുവോ പുറത്തിറക്കിയ ആപ്പിളിന്റെ ‘സർപ്രൈസ് ആൻഡ് ഷൈൻ’ ഇവന്റ് നടക്കുന്നതിനിടെ ഫോൾഡബിൾ ഇറക്കാൻ വൈകിയതിന്റെ പേരിൽ ആപ്പിളിനെ പരോക്ഷമായി പരിഹസിക്കുന്ന സാംസങ്ങിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളും ശ്രദ്ധനേടിയിരുന്നു. അതിനിടെ, ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോണിന്റെ സുപ്രധാന ഘടകം നിർമിക്കുന്നത് എതിരാളിയായ സാംസങ് തന്നെയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ ടെക് ലോകത്ത് ചർച്ചയായിട്ടുള്ളത്.

ഐഫോൺ ഡ്യുവോയുടെ ഏറ്റവും പ്രധാന ഘടകമായ ഇന്നർ ഫോൾഡിങ് പാനൽ നിർമ്മിക്കുന്നത് സാംസങ് ആണെന്നാണ്‌ വെളിപ്പെടുത്തൽ. ആപ്പിൾ ഉത്പന്നങ്ങളുടെ വിവരങ്ങൾ ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ പുറത്തു കൊണ്ടുവരുന്ന ഇൻസ്റ്റന്റ് ഡിജിറ്റലാണ് ആപ്പിളും സാംസങ്ങും തമ്മിലുള്ള ഇന്നർ ഫോൾഡിങ് പാനൽ വിതരണ കാരാറിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടുള്ളത്.

ഇന്നർ ഡിസ്‌പ്ലേ പാനലിന് മാത്രം 23,000 രൂപ

ദക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസങ്ങിന്റെ ഡിസ്പ്ലേ വിഭാഗം ആപ്പിളിൽനിന്ന് ഓരോ ഇന്റർ ഫോൾഡിങ്‌ പാനലിനും ഏകദേശം 250 ഡോളർ (ഏകദേശം 23,000-ത്തിലധികം രൂപ) ഈടാക്കുന്നുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആപ്പിളുമായി സാംസങ് മൂന്ന് വർഷത്തെ എക്‌സ്‌ക്ലൂസീവ് വിതരണ കരാർ ഒപ്പുവെച്ചിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തുന്നു. എന്നാൽ, ഈ കരാറിനെക്കുറിച്ചോ ഇന്നർ ഡിസ്‌പ്ലേ പാനലിന്റെ വിലയെക്കുറിച്ചോ ആപ്പിൾ ഇതുവരെ പ്രപതികരിച്ചിട്ടില്ല. എന്നാൽ, ദക്ഷിണ കൊറിയൻ ടെക്‌ വെബ്‌സൈറ്റുകളടക്കം സമാനമായ വിവരങ്ങൾ പുറത്തുവിടുന്നുണ്ട്.

നിലവിലെ ഐഫോണുകളിൽ ഉപയോഗിക്കുന്ന സ്റ്റാൻഡേർഡ് OLED പാനലുകളേക്കാൾ വളരെ സങ്കീർണമാണ് ഐഫോൺ ഡ്യുവോയുടെ ഉൾവശത്തെ സ്‌ക്രീൻ. റിപ്പോർട്ട് ചെയ്യപ്പെട്ട 250 ഡോളർ വിലയനുസരിച്ച്, ഈ ഫോണിലെ ഏറ്റവും ചെലവേറിയ പ്രധാന ഘടകങ്ങളിൽ ഒന്നായിരിക്കും ഈ ഡിസ്‌പ്ലേ.

ആപ്പിളുമായി സാംസങ്ങിന് ഇത്തരത്തിലുള്ള എക്‌സ്‌ക്ലൂസീവ് കരാറുണ്ടെന്ന് നേരത്തെതന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കരാറിന്റെ കാലയളവിനെക്കുറിച്ചും പാനൽ ഒന്നിന് ആപ്പിൾ നൽകുന്ന തുകയെക്കുറിച്ചുമുള്ള കൂടുതൽ വിശദാംശങ്ങളാണ് പുതിയ വെളിപ്പെടുത്തലിലൂടെ ടെക് ലോകത്ത് ചർച്ചയായിട്ടുള്ളത്.

സാംസങ്ങിനെ ആശ്രയിക്കുന്നത് എന്തുകൊണ്ട്?

ഫോൾഡിങ് പാനലൽ ആപ്പിളിന്റെ മറ്റ് വിതരണക്കാരൊന്നും നിലവിൽ നിർമിക്കുന്നില്ല. എൽജി ഇതുവരെ ഈ രംഗത്തേക്ക് കടന്നിട്ടില്ല എന്നാണ് വിവരം. വാവേ (Huawei) ഉൾപ്പെടെയുള്ള കമ്പനികൾക്ക് ബിഒഇ (BOE) ഫോൾഡബിൾ പാനലുകൾ നിർമിക്കുന്നുണ്ട്. ബിഒഇ പാനലുകൾ നിലവാരം കുറഞ്ഞതാണെന്ന് ആപ്പിൾ കരുതുന്നുവെന്നും ബിഒഇയുടെ വിശ്വാസ്യതയെക്കുറിച്ച് ആശങ്കയുണ്ടെന്നും റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.

ഈ സാഹചര്യത്തിലാണ് ആപ്പിളിന് സാംസങ്ങിനെത്തന്നെ ആശ്രയിക്കേണ്ടിവന്നത്. 250 ഡോളർ വിലവരുന്ന ഇന്നർ ഡിസ്‌പ്ലേയുടെ വില ഐഫോൺ ഡ്യുവിന്റെ വിൽപ്പന വിലയുടെ എട്ടിലൊന്ന് ഭാഗം വരുമെന്ന് മാധ്യമങ്ങൾ ചൂണ്ടക്കാട്ടുന്നു.

Content Highlights: Samsung Display has reportedly signed a three-year exclusive supply agreement with Apple for the iPhone Duo and subsequent foldable models., The inner folding panel is priced at approximately $250 per unit, making it one of the device's most expensive components., The iPhone Duo is expected to launch at $1,999, with shipments projected to exceed five million foldables by the end of 2026.