മസ്‌ക് പറയുന്നതൊന്നും ഉടൻ നടക്കാനിടയില്ല; ഓർബിറ്റൽ ഡാറ്റാസെന്റർ അപ്രായോഗികം -ആൾട്ട്മാൻ

#ടെക്‌നോളജി ഡെസ്‌ക്
1. ഇലോണ്‍ മസ്‌ക് 2. സാം ആള്‍ട്ട്മാന്‍ | Photo - AP, ANI
1. ഇലോണ്‍ മസ്‌ക് 2. സാം ആള്‍ട്ട്മാന്‍ | Photo - AP, ANI

ഇലോൺ മസ്‌കിന്റെ എഐ പദ്ധതികളെ തള്ളിപ്പറഞ്ഞ് ഓപ്പൺഎഐ സിഇഓ സാം ആൾട്ട്മാൻ. നിർമിതബുദ്ധിയുടെ രംഗത്ത് വൻകുതിപ്പ് ലക്ഷ്യമിട്ട് ടെക് ശതകോടീശ്വരൻ മസ്‌ക് പ്രഖ്യാപിച്ച ഓർബിറ്റൽ (ബഹിരാകാശ) ഡാറ്റാ സെന്റർ എന്ന ആശയം പരിഹാസ്യമാണെന്ന് അദ്ദേഹം ന്യൂഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. മസ്‌കിനെ മാത്രമല്ല സമാനമായ ആശയങ്ങൾ അവതരിപ്പിച്ചിട്ടുള്ള ഗൂഗിൾ, ആമസോൺ എന്നിവയേയും ലക്ഷ്യംവെച്ചാണ് ആൾട്ട്മാന്റെ വിമർശനം.

ബഹിരാകാശ ഡാറ്റാ സെന്ററുകളുടെ സാമ്പത്തിക വശം ഉൾക്കൊള്ളാനാകുന്നതല്ലെന്ന് ആൾട്ട്മാൻ പറയുന്നു. ഭൂമിയിൽ ലഭിക്കുന്ന ഊർജത്തിന്റെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഓർബിറ്റൽ ഡാറ്റാ സെന്ററുകളുടെ വിക്ഷേപണച്ചെലവ് വളരെ ഉയർന്നതായിരിക്കും. ബഹിരാകാശത്ത് നൂറുകണക്കിന് കിലോമീറ്ററുകൾ അകലെയുള്ള ഡാറ്റാ സെന്റർ തകരാറിലായാൽ അത് നന്നാക്കുന്നത് വെല്ലുവിളി ആയിരിക്കും. ഭീമൻ ഓർബിറ്റൽ ഡാറ്റാ സെന്ററുകൾ ഈ ദശകത്തിൽ പ്രസക്തമായിരിക്കില്ല. മസ്‌കിന് പത്ത് ലക്ഷം ഉപഗ്രഹങ്ങൾ വിക്ഷേപിക്കണം. എന്നാൽ അതിൽ ഒരെണ്ണം പോലും നന്നാക്കാൻ ഭാഗ്യം ഉണ്ടാകില്ലെന്നും ആൾട്ട്മാൻ വിമർശനം ഉന്നയിക്കുന്നു.

ഓർബിറ്റൽ ഡാറ്റാ സെന്ററുകളായി പ്രവർത്തിക്കുന്ന പത്ത് ലക്ഷത്തോളം ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ മസ്‌കിന്റെ സ്‌പേസ്എക്‌സ് അനുമതി തേടിയ പശ്ചാത്തലത്തിലാണ് ആൾട്ട്മാന്റെ വിമർശനം. ബഹിരാകാശത്തെ സൗരോർജ്ജ പാനലുകൾ ഭൂമിയിലുള്ളതിനേക്കാൾ ഏകദേശം എട്ട് മടങ്ങ് കൂടുതൽ ഊർജ്ജം ഉത്പാദിപ്പിക്കും എന്നാണ് മസ്‌ക് പറയുന്നത്. വിവിധ അനുമതികൾക്ക് വേണ്ടിയുള്ള വർഷങ്ങൾ നീണ്ട കാലതാമസം ഒഴിവാക്കാൻ കഴിയുമെന്നും കണക്കുകൂട്ടുന്നു.

എന്നാൽ ഓർബിറ്റൽ ഡാറ്റാ സെന്ററുകളുടെ ശീതീകരണം വലിയ വെല്ലുവിളി ഉയർത്തുമെന്നാണ് ആൾട്ട്മാൻ ചൂണ്ടിക്കാട്ടുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് വമ്പൻ ശീതീകരണ സംവിധാനങ്ങൾ ആവശ്യമാണെന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഡാറ്റാ സെന്ററുകളുടെ കാര്യത്തിൽ ചതുരശ്ര കിലോമീറ്ററുകൾ വ്യാപിച്ചുകിടക്കുന്ന റേഡിയേറ്റർ പാനലുകൾ ആവശ്യമായി വരുമെന്നാണ് സാം ആൾട്ട്മാൻ പറയുന്നത്.

ബഹിരാകാശ ഡാറ്റാസെന്റർ ലക്ഷ്യമിടുന്നത് ഗൂഗിളും ബെസോസും അടക്കമുള്ളവർ

ഗൂഗിളിന്റെ പ്രോജക്റ്റ് സൺകാച്ചർ പദ്ധതി എഐ ചിപ്പുകൾ വഹിക്കുന്ന ഉപഗ്രഹങ്ങൾ ബഹിരാകാശത്തേക്ക് വിക്ഷേപിക്കാൻ ലക്ഷ്യമിടുന്നതാണ്. ബഹിരാകാശ ഡാറ്റാ സെന്ററുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രോജക്റ്റ് പ്രോമിത്യൂസ് എന്ന രഹസ്യ സംരംഭത്തിന്റെ മുൻനിരയിൽ ആമസോണിന്റെ ജെഫ് ബെസോസ് ഉള്ളതായി റിപ്പോർട്ടുകളുണ്ട്. സ്റ്റാർക്ലൗഡ്, എഥർഫ്‌ളെക്‌സ് തുടങ്ങിയ സ്റ്റാർട്ടപ്പുകളും മത്സര രംഗത്തുണ്ട്, ചൈന ഇതിനകം 2,800 യൂണിറ്റ് കമ്പ്യൂട്ടിംഗ് കോൺസ്റ്റലേഷന്റെ ഭാഗമായ 12 ഉപഗ്രഹങ്ങൾ ബഹിരാകാശത്തേക്ക് വിക്ഷേപിച്ചിട്ടുണ്ട്.

Content Highlights: OpenAI CEO Sam Altman calls space data centers `ridiculous` due to economics and technical hurdles. Dismisses Elon Musk, Google, Bezos plans for now.