എഐ ഭീഷണിയാവുമെന്ന ഭീതി വർധിക്കുന്നു ! സൂപ്പർ ഇന്റലിജൻസ് നിർമാണ വേഗം കുറയ്ക്കാൻ തയ്യാറെന്ന് ഓപ്പൺ എഐ മേധാവി

#ടെക്നോളജി ഡെസ്ക്
1. പ്രതീകാത്മകചിത്രം 2. സാം ഓള്‍ട്ട്മാന്‍ | Photo - AP, AFP
1. പ്രതീകാത്മകചിത്രം 2. സാം ഓള്‍ട്ട്മാന്‍ | Photo - AP, AFP

കൂടുതൽ മികച്ചതും ശക്തിയേറിയതുമായ നിർമിത ബുദ്ധി സംവിധാനങ്ങൾ നിർമിക്കുന്നതിന്റെ വേഗം കുറയ്ക്കാൻ തയ്യാറാണെന്നറിയിച്ച് ഓപ്പൺ എഐ മേധാവി സാം ഓൾട്ട്മാൻ. ജീവനക്കാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഓൾട്ട്മാൻ ഇക്കാര്യം വ്യക്തമാക്കിയതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. മറ്റ് മുൻനിര എഐ കമ്പനികളുമായി സഹകരിച്ച് ഒന്നിച്ച് വികസന വേഗത കുറയ്ക്കാനാണ് കമ്പനി ആഗ്രഹിക്കുന്നത്. എന്നാൽ എതിരാളികളായ കമ്പനികൾ അതിന് എത്രത്തോളം തയ്യാറാകുമെന്ന കാര്യത്തിൽ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കമ്പനികൾക്ക് സുരക്ഷിതമായി നിയന്ത്രിക്കാൻ കഴിയുന്നതിനേക്കാൾ വേഗത്തിൽ എഐ സാങ്കേതികവിദ്യ വളരുന്നുവെന്ന ആശങ്ക വർധിച്ചുവരുന്നതിനിടയിലാണ് ഇങ്ങനെയൊരു സംഭവവികാസം. ഓപ്പൺ എഐയുടേതുൾപ്പെടെ ചില മുൻനിര കമ്പനികളുടെ അത്യാധുനിക എഐ മോഡലുകൾ നിയന്ത്രണം മറികടന്ന് വെബ്സൈറ്റുകളും കംപ്യൂട്ടിങ് സിസ്റ്റങ്ങളും ഹാക്ക് ചെയ്തതായ റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു.

ഇതിനു പിന്നാലെ ആശങ്കകൾ ഉയർന്നതോടെ, ചില എഐ മോഡലുകൾ വികസിപ്പിക്കുന്ന ജോലികളും അവയെ പരിശീലിപ്പിക്കുന്നതുമെല്ലാം ഓപ്പൺ എഐ താത്കാലികമായി നിർത്തിവെക്കുകയാണെന്ന് അറിയിക്കുകയും ചെയ്തു. എഐ വികസനത്തിന്റെ വേഗത കുറയ്ക്കേണ്ടതിനെക്കുറിച്ച് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരുമായി ജൂലായിൽ ഓൾട്ട്മാൻ സംസാരിച്ചിരുന്നു.

എഐ അപകട മുന്നറിയിപ്പ്

എഐ സാങ്കേതികവിദ്യയെക്കുറിച്ചുള്ള മുന്നറിയിപ്പുകളുമായി ഇതിനകം കൂടുതൽ പേർ രംഗത്തുവന്നിട്ടുണ്ട്. സാങ്കേതിക വിദഗ്ധരും എഐ ഗവേഷകരും ഓപ്പൺ എഐയിലേതുൾപ്പെടെയുള്ള മുൻനിര എഐ കമ്പനികളിലെ മുൻജീവനക്കാരും അതിൽ ഉൾപ്പെടുന്നു.

ശക്തമായ നിർമിതബുദ്ധി ഉയർത്തുന്ന അപകടസാധ്യതകളെക്കുറിച്ച് ഓപ്പൺ എഐയുടെ പ്രധാന ശാസ്ത്രജ്ഞരിൽ ഒരാളായ യാക്കൂപ് പച്ചോസ്കി തന്നെ ഓപ്പൺ എഐയ്ക്കുവേണ്ടി എഴുതിയ 'ആൻ ഏലിയൻ മൈൻഡ്' ബ്ലോഗ് പോസ്റ്റിൽ പറയുന്നുണ്ട്.

എങ്ങനെ മുന്നോട്ടുപോവണം എന്നതിനെക്കുറിച്ച് എഐ കമ്പനികൾ ബോധപൂർവമായ ഒരു തീരുമാനമെടുക്കേണ്ടതുണ്ടെന്ന് ശക്തമായ നിർമിതബുദ്ധി ഉയർത്തുന്ന അപകടസാധ്യതകളെക്കുറിച്ച് ഓപ്പൺ എഐയുടെ പ്രധാന ശാസ്ത്രജ്ഞരിൽ ഒരാളായ യാക്കൂപ് പച്ചോസ്കി തന്നെ ഓപ്പൺ എഐയ്ക്കുവേണ്ടി എഴുതിയ 'ആൻ ഏലിയൻ മൈൻഡ്' ബ്ലോഗ് പോസ്റ്റിൽ പറയുന്നു. മനുഷ്യരുടെ നേരിട്ടുള്ള മേൽനോട്ടവും പങ്കാളിത്തവും നിലനിർത്തിക്കൊണ്ടുതന്നെ എഐയുടെ സുരക്ഷ ശക്തിപ്പെടുത്തുക അല്ലെങ്കിൽ എഐ വികസനം മന്ദഗതിയിലാക്കാൻ കമ്പനികൾ ഒന്നിക്കുക എന്നീ രണ്ടു വഴികൾ മാത്രമാണ് മുന്നിലുള്ളതെന്ന് പച്ചോസ്കി പറഞ്ഞു.

സ്വയം മെച്ചപ്പെടുത്താൻ കഴിവുള്ള സൂപ്പർ ഇന്റലിജൻസ് എഐ നിർമിക്കാനുള്ള മത്സരത്തിലൂടെ കമ്പനികൾ മനുഷ്യജീവൻവെച്ചു പന്താടുകയാണെന്ന് ആന്ത്രോപികിൽനിന്ന് രാജിവെച്ച ഗവേഷകൻ ജേക്കബ് കോക്സൺ ആരോപിച്ചു. ആ വർഷം അവസാനത്തോടെതന്നെ എഐ മനുഷ്യരാശിയെ അപകടത്തിലാക്കുമെന്നാണ് എഐ വികസിപ്പിക്കുന്ന ആളുകൾ വിശ്വസിക്കുന്നതെന്നും ജേക്കബ് പറഞ്ഞു. മറ്റ് പ്രമുഖ എഐ ഗവേഷകരും സമാനമായ ആശങ്കകൾ പങ്കുവെച്ചിട്ടുണ്ട്. യുഎസിലെ ജനപ്രതിനിധികളും സൂപ്പർഇന്റലിജന്റ് എഐ വികസനത്തിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നീക്കങ്ങളിലാണെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് അതിനു സമ്മതമാണെന്നറിയിച്ച് ഓൾട്ട്മാൻ രംഗത്തുവന്നിരിക്കുന്നത്.

Content Highlights: OpenAI's Sam Altman announces plans to reduce AI development speed, collaborating with other companies amid growing concerns over AI technology's rapid growth.