കേരള വിപണിയിൽ ഒരു പതിറ്റാണ്ട് പൂർത്തിയാക്കി റിലയൻസ് ജിയോ; വരിക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പ്

#ടെക്നോളജി ഡെസ്ക്
Photo: PTI
Photo: PTI

കൊച്ചി: കേരളത്തിലെ ടെലികോം ലോകത്ത് വലിയ വിപ്ലവം സൃഷ്ടിച്ച് എത്തിയ റിലയൻസ് ജിയോ പത്ത് വർഷം പൂർത്തിയാക്കുന്നു. 2016 സെപ്റ്റംബറിലാണ് ജിയോ കേരളത്തിൽ പ്രവർത്തനം ആരംഭിച്ചത്. രാജ്യത്തുടനീളം സംഭവിച്ച ഡിജിറ്റൽ ജീവിത രീതിയിലുണ്ടായ മാറ്റം ഇതോടെ കേരളത്തിലുമെത്തി. സൗജന്യ ഡാറ്റയും അൺലിമിറ്റഡ് വോയിസ് കോളുകളുമായി കടന്നുവന്ന ജിയോ സാധാരണക്കാർക്കിടയിൽ ഇന്റർനെറ്റ് ഉപയോഗം വർധിപ്പിക്കുകയും സംസ്ഥാനത്ത് ഡാറ്റയുടെ ജനകീയവൽക്കരണം സാധ്യമാക്കുകയും ചെയ്തു.

പൂജ്യത്തിൽ നിന്ന് 111.9 ലക്ഷത്തിലേക്ക്

2016 ഓഗസ്റ്റിൽ കണക്ഷനുകളൊന്നുമില്ലാതെ പ്രവർത്തനം തുടങ്ങിയ ജിയോ, തൊട്ടടുത്ത മാസത്തെ ഔദ്യോഗിക ലോഞ്ചിൽ 5.8 ലക്ഷം വരിക്കാരെ സ്വന്തമാക്കി വിപണിയെ ഞെട്ടിച്ചു. 2026 സെപ്റ്റംബറോടെ കേരളത്തിൽ ജിയോയുടെ വരിക്കാരുടെ എണ്ണം 111.9 ലക്ഷമെന്ന വൻ നേട്ടത്തിലെത്തി. പ്രതിവർഷം 35.5 ശതമാനം എന്ന വളർച്ചാ നിരക്കാണ് ജിയോ വിപണിയിൽ കൈവരിച്ചത്.

കേരളത്തിലെ ആകെ ടെലികോം ഉപഭോക്താക്കളുടെ എണ്ണം 356 ലക്ഷത്തിൽ നിന്ന് 427.5 ലക്ഷമായി (20.1% വർധനവ്) ഉയർത്തി ടെലികോം മേഖലയെത്തന്നെ വികസിപ്പിക്കാൻ ജിയോയ്ക്ക് കഴിഞ്ഞു. ഗ്രാമങ്ങളിലെന്നോ നഗരങ്ങളിലെന്നോ വ്യത്യാസമില്ലാതെ സാധാരണക്കാരിലേക്ക് അതിവേഗ ഇന്റർനെറ്റ് എത്തിച്ചുകൊണ്ട് കേരളത്തെ ഡിജിറ്റൽ സാക്ഷരതയിൽ പുതിയ ഉയരങ്ങളിലേക്ക് നയിക്കാൻ ജിയോയ്ക്ക് സാധിച്ചു. ജിയോ പത്രക്കുറിപ്പിൽ പറഞ്ഞു

നിലവിൽ 427.5 ലക്ഷം വയർലെസ് കണക്ഷനുകളുള്ള കേരള ടെലികോം സർക്കിളിൽ 26.2% വിപണി വിഹിതവുമായി ജിയോ രണ്ടാം സ്ഥാനത്താണ്. 2017 നവംബറിൽ വരിക്കാരുടെ എണ്ണത്തിൽ ജിയോ എയർടെലിനെ മറികടന്നിരുന്നു. നിലവിൽ എയർടെലിന് 97.9 ലക്ഷം വരിക്കാരും, ബി.എസ്.എൻ.എല്ലിന് 89.8 ലക്ഷം വരിക്കാരുമാണുള്ളത്. ലയനത്തിന് ശേഷം വലിയ തിരിച്ചടി നേരിട്ട വോഡഫോൺ ഐഡിയയുടെ ഉപഭോക്താക്കൾ 183.4 ലക്ഷത്തിൽ നിന്ന് 127.9 ലക്ഷമായി ചുരുങ്ങിയെങ്കിലും പ്രതിമാസ കണക്കുകളിൽ അവർ ഇപ്പോഴും ജിയോയ്ക്ക് മുന്നിലാണ്.
 

Content Highlights: Celebrating a decade of its launch in Kerala, Reliance Jio has revolutionized the state's digital landscape, growing from zero to 111.9 lakh subscribers and capturing a massive 26.2% share of the telecom market.