3,100 കോടി ആഗോള കളക്ഷൻ നേടിയിട്ടും ജപ്പാനിൽ തിരിച്ചടി; 'ധുരന്ധർ' ആദ്യദിനം കണ്ടത് 900 പേർമാത്രം

#Movies Desk
ധുരന്ധർ: ദി റിവഞ്ച് പോസ്റ്റർ
ധുരന്ധർ: ദി റിവഞ്ച് പോസ്റ്റർ

ലോകമെമ്പാടുമായി 3,100 കോടിയിലേറെ രൂപയുടെ ബോക്‌സ് ഓഫീസ് നേട്ടം സ്വന്തമാക്കിയ രൺവീർ സിങ് നായകനായ 'ധുരന്ധർ' ഫ്രാഞ്ചൈസിക്ക് ജപ്പാനിൽ നിരാശാജനകമായ തുടക്കം. ജൂലൈ 10-ന് ഏകദേശം 80 സ്‌ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് ആദ്യദിനം ആകെ 900 പ്രേക്ഷകരെ മാത്രമാണ് നേടാനായത്. വൻ പ്രചാരണം നടത്തിയിട്ടും ചിത്രം ജപ്പാനിലെ ബോക്‌സ് ഓഫീസിൽ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെച്ചില്ല.

റിപ്പോർട്ടുകൾ പ്രകാരം, വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി ജപ്പാനിലെ ടോപ് 25 ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടാനും ധുരന്ധറിന് സാധിച്ചിട്ടില്ല. ആദ്യദിനം ഉച്ചയ്ക്ക് 2 മണിവരെ 57 ഇടത്തായി 449 ടിക്കറ്റുകൾ മാത്രമാണ് വിറ്റഴിഞ്ഞത്. ദിവസം അവസാനമായപ്പോഴും ആകെ പ്രവേശനം 80 ഇടങ്ങളിലായി 900 മാത്രമായി.

ഈ പ്രകടനത്തോടെ ജപ്പാനിൽ ഏറ്റവും കൂടുതൽ ആദ്യദിന പ്രേക്ഷകരെനേടിയ ഇന്ത്യൻ ചിത്രങ്ങളുടെ ആദ്യ പട്ടികയിലും ധുരന്ധറിന് ഇടം പിടിക്കാനായില്ല. പട്ടികയിൽ ഇടം പിടിക്കാൻ കുറഞ്ഞത് 1,300 പേർ എങ്കിലും വേണമായിരുന്നു. നിലവിൽ സൽമാൻ ഖാന്റെ 'ടൈഗർ 3' ആണ് 1,300 പേരുമായി പത്താം സ്ഥാനത്ത്. നേരത്തെ 'പുഷ്പ 2'-നും ആദ്യ പത്തിൽ ഇടം നേടാൻ കഴിഞ്ഞിരുന്നില്ല.

ജപ്പാനിൽ ഏറ്റവും വലിയ ആദ്യദിന നേട്ടം കൈവരിച്ച ഇന്ത്യൻ ചിത്രം 'ആർആർആർ' ആണ്. 8,230 പ്രേക്ഷകരെയാണ് ചിത്രം ആദ്യദിനം നേടിയത്.  'സാഹോ' (6,510), 'കൽക്കി 2898 എഡി' (3,700), 'പഠാൻ' (2,220), 'സലാർ' (2,200), 'ജവാൻ' (1,960), 'രംഗസ്ഥലം' (1,610), 'ദേവര' (1,550), 'ബാഹുബലി 2' (1,380), 'ടൈഗർ 3' (1,300) എന്നീ ചിത്രങ്ങളാണ് പട്ടികയിലുള്ളത്.

അതേസമയം, ഇന്ത്യയിൽ, ധുരന്ധർ ഫ്രാഞ്ചൈസി വമ്പൻ വിജയമാണ് നേടിയത്. 'ധുരന്ധർ: ദി റിവഞ്ച്' ലോകമെമ്പാടുമായി 1,813 കോടി രൂപ നേടിയതോടെ, അമീർ ഖാന്റെ 'ദംഗൽ' കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമായി മാറി. 2025 ഡിസംബറിൽ പുറത്തിറങ്ങിയ ആദ്യഭാഗവും വൻ വിജയമായിരുന്നു. ഇരു ചിത്രങ്ങളും ചേർന്ന് ആഗോള ബോക്‌സ് ഓഫീസിൽ 3,100 കോടിയിലേറെ രൂപ സ്വന്തമാക്കി.

ആദിത്യ ധർ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ധുരന്ധർ. ആദിത്യ ധർ, ലോക്ഷ് ധർ, ജ്യോതി ദേശ്പാണ്ഡെ എന്നിവർ ചേർന്നാണ് ജിയോ സ്റ്റുഡിയോസ് ബി62 സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ ചിത്രങ്ങൾ നിർമിച്ചിരിക്കുന്നത്. രൺവീർ സിങ്ങിനൊപ്പം അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, അർജുൻ റംപാൽ, ആർ. മാധവൻ, സാറ അർജുൻ രാകേഷ് ബേദി, ഗൗരവ് ഗേര, ഡാനിഷ് പണ്ഡോർ എന്നിവരും പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നു.

Content Highlights: Despite amassing over ₹3,100 crore globally, Ranveer Singh's hit franchise 'Dhurandhar' suffered a major setback during its Japan release, pulling in only 900 viewers across 80 screens on its opening day.