ഐടി നിയമഭേദഗതി; ഫാക്ട് ചെക്ക് യൂണിറ്റിന്റെ ലക്ഷ്യം ജനങ്ങളുടെ സുരക്ഷമാത്രമെന്ന് രാജീവ് ചന്ദ്രശേഖര്‍

രാജീവ് ചന്ദ്രശേഖര്‍ | ഫോട്ടോ: ജി. ബിനുലാല്‍  മാതൃഭൂമി
രാജീവ് ചന്ദ്രശേഖര്‍ | ഫോട്ടോ: ജി. ബിനുലാല്‍ മാതൃഭൂമി

ഐടി നിയമ ഭേദഗതിയിലെ വ്യവസ്ഥകള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലെ തെറ്റായ വിവരങ്ങളുടെ പ്രചാരണം തടയുന്നതിനായി പുതിയ ഫാക്ട് ചെക്കിങ് യൂണിറ്റ് ആരംഭിക്കാനുള്ള നീക്കത്തിനെതിരെയാണ് പ്രതിപക്ഷ നേതാക്കളുടെയും മാധ്യമ സ്ഥാപനങ്ങളുടെയും പ്രതിഷേധം. 

എന്നാല്‍ ഈ പ്രതിഷേധങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് പറയുകയാണ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഇതുവഴി സര്‍ക്കാരിന് അമിതാധികാരമൊന്നും ലഭിക്കില്ലെന്നും ഇതൊരു ക്രൂരമായ നീക്കമല്ലെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ ജനതയ്ക്ക് സുരക്ഷയൊരുക്കുന്നതിന് മാത്രം ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റംഗമായ കബില്‍ സിബലിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. 

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം അടങ്ങുന്ന ഉള്ളടക്കങ്ങള്‍ ഉള്‍പ്പടെ ഒമ്പതോളം ഉള്ളടക്കങ്ങള്‍ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ വരില്ലെന്ന് പുതിയ ഐടി നിയമങ്ങള്‍ ഉറപ്പുവരുന്നുന്നുണ്ട്. 

സര്‍ക്കാരിനെ കുറിച്ചുള്ള തെറ്റായ വിവരങ്ങളും വ്യാജ വാര്‍ത്തകളും ചൂണ്ടിക്കാണിക്കുകയാണ് ഫാക്ട് ചെക്കിങ് യൂണിറ്റിന്റെ ജോലി. സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകള്‍ക്കും ഫാക്ട് ചെക്കിങ് യൂണിറ്റുകളെ വേണമെങ്കില്‍ അവഗണിക്കാവുന്നതാണ്. എന്നാല്‍ വ്യാജവാര്‍ത്തയുമായി ബന്ധപ്പെട്ട് പരാതിയുള്ള വകുപ്പിന് നിയമപരമായി കോടതിയെ സമീപിക്കാന്‍ അവകാശമുണ്ടാവുമെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. 

വെള്ളിയാഴ്ചയാണ് ഐടി നിയമഭേദഗതിയുമായി ബന്ധപ്പെട്ട അറിയിപ്പ് ഐടി മന്ത്രാലയം പുറത്തിറക്കിയത്. ഫാക്ട് ചെക്കിങ് യൂണിറ്റ് ആരംഭിക്കുന്നതായി ചന്ദ്രശേഖര്‍ അന്ന് തന്നെ പ്രഖ്യാപിച്ചിരുന്നു. നേരത്തെ ഭേദഗതിയുടെ കരട് പുറത്തിറങ്ങിയപ്പോള്‍ തന്നെ ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. 

സര്‍ക്കാരിന് കീഴിലുള്ള ഫാക്ട് ചെക്ക് യൂണിറ്റ് തെറ്റാണെന്ന് തിരിച്ചറിഞ്ഞതോ വ്യാജമാണെന്ന് മന്ത്രാലയം ഗസറ്റിലൂടെ പ്രസിദ്ധപ്പെടുത്തിയതോ ആയ വാര്‍ത്തകള്‍ അപ് ലോഡ് ചെയ്യാനോ പ്രസിദ്ധീകരിക്കാനോ കൈമാറ്റം ചെയ്യാനോ ശേഖരിച്ചുവെക്കാനോ പങ്കുവെക്കാനോ ഇന്റര്‍മീഡിയറികളും സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളും അനുവദിക്കരുത് എന്നാണ് പുതിയ ഐടി നിയമ ഭേദഗതി നിര്‍ദേശിക്കുന്നത്. 

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളോട് ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടില്ല. എന്നാല്‍ അവ വ്യാജമാണെന്നും തെറ്റാണെന്നും ലേബല്‍ ചെയ്യുകയാണ് ചെയ്യുകയെന്നും മന്ത്രി പറയുന്നു. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ കീഴിലായിരിക്കും പുതിയ ഫാക്ട് ചെക്ക് യൂണിറ്റിന്റെ പ്രവര്‍ത്തനം. 


 

Content Highlights: Rajeev Chandrasekhar on IT on govt's fact-checking unit