സാമ്പത്തിക കുറ്റകൃത്യങ്ങൾ കണ്ടെത്താനും AI കമ്പനികൾ; രഹസ്യവിവരങ്ങൾ UK പാലന്റീറിന് ലഭ്യമാക്കും

യു.എസ് സൈനിക കരാറുകൾ നേടിയതിലൂടെ വരുമാനം കുതിച്ചുയർന്ന ടെക് കമ്പനിയാണ് പാലന്റീർ. പശ്ചിമേഷ്യ സംഘർഷത്തിൽ നിർമിതബുദ്ധി (എഐ)യുടെ സ്വാധീനത്തെക്കുറിച്ച് ഉയർന്ന ചർച്ചകളിൽ എഐ കമ്പനിയായ ആന്ത്രോപിക്കിനൊപ്പം പാലന്റീറിന്റെ പേരും ഉയർന്ന് കേട്ടിരുന്നു. ആന്ത്രോപിക്കിന്റെ ക്ലോഡ് എഐ ടൂളാണ് ലക്ഷ്യം കണ്ടെത്തുന്നതിനടക്കമുള്ള പാലന്റീറിന്റെ സംവിധാനങ്ങളിൽ ഉപയോഗിക്കുന്നതെന്ന് കമ്പനി വെളിപ്പെടുത്തിയിരുന്നു. യുദ്ധത്തിനപ്പുരം ബ്രിട്ടീഷ് ഭരണകൂടത്തിന്റെ പക്കലുള്ള രഹസ്യ സാമ്പത്തിക വിവരങ്ങളിലക്കും പാലന്റീറിന്റെ സ്വാധീനം വർധിക്കുകയാണെന്നാണ് ദി ഗാർഡിയൻ റിപ്പോർട്ടു ചെയ്യുന്നത്.
അതീവ രഹസ്യ സ്വഭാവമുള്ള യു.കെ യുടെ സാമ്പത്തിക ഡാറ്റാ ശേഖരത്തിലേക്ക് പാലന്റീറിന് പ്രവേശനം നൽകുന്നു എന്നാണ് പുറത്തുവരുന്ന വിവരം. യു.കെയുടെ ഫിനാൻഷ്യൽ കണ്ടക്ട് അതോറിറ്റി (FCA) പാലന്റീറുമായി കരാറിൽ ഏർപ്പെട്ടതോടെയാണ് ഇത് സാധ്യമാകുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ, വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയെക്കുറിച്ചുള്ള അന്വേഷണങ്ങളിൽ എഐ ടൂളുകളുടെയടക്കം സഹായം ലഭ്യമാക്കുന്നതിനുള്ളതാണ് കരാർ. മയാമി ആസ്ഥാനമായ കമ്പനി പരീക്ഷണാടിസ്ഥാനത്തിൽ മൂന്നുമാസത്തെ കരാറിലാണ് ആദ്യഘട്ടത്തിൽ ഏർപ്പെട്ടിരിക്കുന്നത്. എഫ്സിഎയുടെ വലിയ അളവിലുള്ള ഡേറ്റ വിശകലനം ചെയ്യുകയാണ് ദൗത്യം. അടുത്ത ഘട്ടത്തിൽ പൂർണതോതിലുള്ള കരാറിലേക്ക് കമ്പനി നീങ്ങിയേക്കാം എന്നാണ് വിവരം.
യു.കെയിലെ 42,000 സാമ്പത്തികസ്ഥാപനങ്ങൾ നിയന്ത്രിക്കുന്ന ഏജൻസിയാണ് എഫ്സിഎ. വലിയ ബാങ്കുകൾ മുതൽ ക്രിപ്റ്റോ എക്‌സ്‌ചേഞ്ചുകൾ വരെ ഇവയിൽ ഉൾപ്പെടുന്നു. നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് ഡിജിറ്റൽ രഹസ്യാന്വേഷണം ഉപയോഗിക്കുന്നതിനുള്ള എഫ്സിഎയുടെ നീക്കത്തിന്റെ ഭാഗമാണ് ഈ കരാർ. സൈന്യം, പോലീസ് എന്നിവ ഉൾപ്പെടെയുള്ളവയുമായും പാലന്റീറിന് കരാറുകളുണ്ട്.
എഫ്‌സിഎയുടെ കൈവശമുള്ള വിവരങ്ങളിൽ അതീവ രഹസ്യ വിവരങ്ങളിൽ കേസ് രേഖകൾ, ഇന്റലിജൻസ് ഫയലുകൾ, പ്രശ്‌നക്കാരായ കമ്പനികളെക്കുറിച്ചുള്ള വിവരങ്ങൾ, തെളിയിക്കപ്പെട്ടതും സംശയിക്കപ്പെടുന്നതുമായ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ, വായ്പ നൽകുന്നവരുടെ റിപ്പോർട്ടുകൾ, സാമ്പത്തിക ഓംബുഡ്സ്മാന് ഉപഭോക്താക്കളുടെ പരാതികൾ എന്നിവ ഉൾപ്പെടെയുള്ളവയുണ്ട്. ഫോൺ കോൾ റെക്കോർഡിങ്ങുകൾ, ഇമെയിലുകൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ എന്നിവയും ഉൾപ്പെട്ടേക്കാം.എഐ സഹായത്തോടെയാവും പാലന്റീർ ഇവ വിശകലനം ചെയ്യുക. യക്കുമരുന്ന് വ്യാപാരം, മനുഷ്യക്കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന നിരവധി യുകെ ഏജൻസികളിൽ ഒന്നാണ് എഫ്സിഎ.
പാലന്റീറുമായുള്ള ഏജൻസിയുടെ കരാർ ആശങ്കകളും ഉയർത്തുന്നുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. സ്വകാര്യ കമ്പനിയുടെ ധാർമികതയും വിശ്വാസ്യതയും അടക്കമാണ് ചോദ്യം ചെയ്യപ്പെടുന്നത്. എന്നാൽ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരായ പോരാട്ടത്തിൽ സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗം നിർണായകമാണെന്ന് അധികൃതർ അവകാശപ്പെടുന്നു. അപകടസാധ്യതകൾ അതിവേഗം തിരിച്ചറിയാൻ എഐ സഹായിക്കും എന്നാണ് അവരുടെ വാദം. ഡാറ്റ സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പാക്കാൻ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അവർ പറയുന്നു.
Content Highlights: FCA awards a three-month trial contract to Palantir for AI-driven financial crime analysis., The deal involves access to highly sensitive intelligence data, including fraud and money laundering reports., Privacy advocates and experts raise concerns regarding data ethics and potential misuse of methodologies., The FCA maintains that Palantir acts as a data processor with strict UK-hosted security controls.