തരംഗം സൃഷ്ടിച്ച് അജ്ഞാത AI മോഡൽ, സ്രഷ്ടാവ് ആരെന്നറിയില്ല; തിരഞ്ഞ് ടെക് ലോകം

നൂതന എഐ മോഡലുകൾ അവതരിപ്പിച്ച് ലോകത്തെ ഞെട്ടിക്കുന്നതിൽ മത്സരിക്കുകയാണ് അമേരിക്കയിലെയും ചൈനയിലെയും നിർമിതബുദ്ധി കമ്പനികൾ. യു.എസ് ടെക് കമ്പനികളായ ആന്ത്രോപിക്, ഓപ്പൺഎഐ, ഗൂഗിൾ എന്നിവയും ചൈനീസ് കമ്പനികളായ ഡീപ്സീക്, ആലിബാബ, Z.ai എന്നിവയുമെല്ലാം മത്സരത്തിന്റെ മുൻനിരയിലുണ്ട്. യു.എസ് എ.ഐ മോഡലുകൾ അവയുടെ അസാമാന്യ കഴിവുകൾകൊണ്ട് ലോകത്തെ ഞെട്ടിക്കുമ്പോൾ അവ ഉപയോഗിക്കുന്നതിന് ആവശ്യമായിവരുന്ന ഉയർന്ന ചെലവ് സംബന്ധിച്ച ചർച്ച മറുവശത്ത് ഉയരുന്നു. അതിനിടെ ചെലവുകുറഞ്ഞ ഓപ്പൺവെയ്റ്റ് മോഡലുകൾ അവതരിപ്പിച്ച് ചൈനീസ് കമ്പനികൾ യു.എസിന് മറുപടി നൽകുന്നു. ഇത്തരം കോലാഹലങ്ങൾക്കിടെ ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കുകയാണ് ഏരെ വ്യത്യസ്തമായ മറ്റൊരു എഐ മോഡൽ.
കഴിഞ്ഞയാഴ്ച ഓപ്പൺ റൂട്ടർ എന്ന വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ട Ox Alpha എന്ന മോഡലാണ് എഐ ലോകത്ത് വലിയ ശ്രദ്ധനേടുന്നത്. സൗജന്യമായി ലഭ്യമാകുന്ന ഒരു സ്റ്റെൽത്ത് മോഡൽ ആയാണ് ഇത് അവതരിപ്പിക്കപ്പെട്ടത്. അജ്ഞാത ഉറവിടത്തിൽനിന്ന് ഡെവലപ്പർമാർക്കോ പൊതുജനങ്ങൾക്കോ ലഭ്യമാക്കുന്ന മെഷീൻ ലേണിങ് മോഡലുകളെയാണ് സ്റ്റെൽത്ത് മോഡലുകൾ എന്ന് വിശേഷിപ്പിക്കാറുള്ളത്. ഈ മോഡലിന് പിന്നിൽ ആരാണെന്ന് ഈ റിപ്പോർട്ട് തയ്യാറാക്കുന്ന സമയത്ത് ആർക്കും അറിയില്ല എന്നതാണ് ശ്രദ്ധേയം.
കോഡിങ്, ദീർഘകാല എഐ ഏജന്റ് ടാസ്ക്കുകൾ, പ്രൊഡക്ഷൻ വർക്ക്ലോഡുകൾ എന്നിവയ്ക്കായി നിർമ്മിച്ച ഒരു റീസണിങ് മോഡൽ എന്നാണ് ഇതിനെ അജ്ഞാത നിർമാതാക്കൾ വിശേഷിപ്പിക്കുന്നത്. 10 ലക്ഷം ടോക്കൺ കോൺടെക്സ്റ്റ് വിൻഡോയുമായാണ് ഈ മോഡൽ വരുന്നത്. അതായത് ഒരൊറ്റ സെഷനിൽ വളരെ വലിയ അളവിലുള്ള ടെക്സ്റ്റോ കോഡോ ഇതിന് കൈകാര്യം ചെയ്യാൻ കഴിയും. ഈ മോഡൽ സ്റ്റെൽത്ത് സ്വഭാവമുള്ളതാണെന്ന് ഓപ്പൺറൂട്ടർ പറയുന്നു ഇതിന്റെ ഡെവലപ്പർ അജ്ഞാതനായി തുടരാൻ ആഗ്രഹിക്കുന്നുവെന്നും അവർ കൂട്ടിച്ചേർക്കുന്നു. ഈ അജ്ഞാത സ്വഭാവം സ്വാഭാവികമായും എഐ ലോകത്തെ ജിജ്ഞാസ വൻതോതിൽ വർധിപ്പിച്ചിട്ടുണ്ട്. ഇതൊരു സാധാരണ എഐ മോഡൽ അല്ല എന്നാണ് കോഡിങ്ങിലും ഏജന്റ് വർക്ക്ലോഡുകളിലും ഇത് പരീക്ഷിച്ച ഡെവലപ്പർമാർ പറയുന്നത്.
ആരാകാം ഈ എഐ മോഡൽ നിർമിച്ചത്?
ഓപ്പൺറൂട്ടറിന്റെ ഔദ്യോഗിക ലിസ്റ്റിങ്ങിൽ ഒരു കമ്പനിയുടെയും പേരില്ല എന്നതാണ് ശ്രദ്ധേയം. അജ്ഞാതരായി തുടരാൻ ആഗ്രഹിക്കുന്ന തേഡ് പാർട്ടി പ്രൊവൈഡറാണ് ഈ മോഡൽ വികസിപ്പിച്ചതും പ്രവർത്തിപ്പിക്കുന്നതും എന്നുമാത്രമാണ് വ്യക്തമാക്കിയിട്ടുള്ളത്. ഈ മോഡലിലേക്കുള്ള റിക്വസ്റ്റുകൾ റൂട്ട് ചെയ്യുക മാത്രമാണ് ചെയ്യുന്നതെന്നും, തങ്ങൾ അതിന്റെ ഡെവലപ്പറോ ഉടമയോ ദാതാവോ അല്ലെന്നും ഓപ്പൺറൂട്ടർ വ്യക്തമാക്കുന്നു.
ഊഹാപോഹങ്ങൾ പ്രചരിക്കുന്നു
മികച്ച പ്രകടനവും അജ്ഞാത ഉറവിടവും Ox Alpha-യെക്കുറിച്ച് വൻതോതിൽ ഊഹാപോഹങ്ങൾ പ്രചരിക്കുന്നതിന് കാരണമായിട്ടുണ്ട്. പല സിദ്ധാന്തങ്ങളും ചൈന ഉൾപ്പെട്ടതാണ്. പ്രത്യേകിച്ച് Z.ai- എന്ന കമ്പനിയെ. Ox Alpha-യും ചൈനയിൽനിന്നുള്ള മുൻകാല നിഗൂഢ മോഡലുകളും തമ്മിലുള്ള സമാനതകൾ ചില നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. മറ്റൊരു സിദ്ധാന്തം മൈക്രോസോഫ്റ്റിലേക്ക് വിരൽ ചൂണ്ടുന്നതാണ്. അവരുടെ പുറത്തിറങ്ങാത്ത ഒരു എഐ മോഡലുമായി ഇത് ബന്ധപ്പെട്ടിരിക്കാമെന്ന് ചില നിരീക്ഷകർ ഊഹിക്കുന്നു. മറ്റ് പ്രമുഖ എഐ ലാബുകളെക്കുറിച്ചുള്ള ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. ദുരൂഹത നീങ്ങാത്തപ്പൊഴും ഈ മോഡൽ ശ്രദ്ധ ആകർഷിക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്: ഇത് ഇപ്പോൾ സൗജന്യമാണ് എന്നതാണത്. സ്റ്റെൽത്ത് പ്രിവ്യൂ സമയത്ത് ഓപ്പൺറൂട്ടർ ഇൻപുട്ട്, ഔട്ട്പുട്ട് വിലകൾ 0 ഡോളർ ആയിട്ടാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
Content Highlights: Ox Alpha is a new anonymous stealth reasoning AI model on OpenRouter., It features a massive 1-million-token context window for coding and agent tasks., The creator remains completely unknown, sparking global speculation., Theories point toward Chinese AI labs like Z.ai or tech giants like Microsoft., The model is currently completely free during its preview phase.