മ്യൂസിന് എതിരാളിയായി Dots എത്തി; പേരും രൂപവും നൽകാം; പേഴ്‌സണൽ AI അസിസ്റ്റന്റുമായി OpenAI

പേഴ്‌സണൽ എഐ ഏജന്റുകളായ 'Dots' പുറത്തിറക്കി ഓപ്പൺഎഐ. സാൻ ഫ്രാൻസിസ്‌കോയിൽ നടന്ന ഡെവ്‌ഡേ (DevDay) യിലാണ് മെറ്റയുടെ മ്യൂസിന്റെ എതിരാളിയെ കമ്പനി അവതരിപ്പിച്ചത്. GPT-6 ആസ്ട്രയിലാണ് പ്രവർത്തനം. മെറ്റയുടെ പേഴ്‌സണൽ എഐ അസിസ്റ്റന്റായ മ്യൂസ് ആപ്പ് ഡൗൺലോഡ് ചാർട്ടുകളിൽ ഒന്നാം സ്ഥാനത്തെത്തി ആഴ്ചകൾക്കുള്ളിലാണ് എതിരാളിയുടെ വരവ്.
ഓരോ ഡോട്ടിനും സ്വന്തമായി ക്ലൗഡ് കമ്പ്യൂട്ടറും ബ്രൗസറുമുണ്ടാകും. 4,000-ത്തിലധികം ആപ്പുകളുമായി ബന്ധിപ്പിക്കാൻ കഴിയുന്ന ഇവ ഓരോ ഘട്ടത്തിലും അപ്ഡേറ്റുകളും സംശയങ്ങളും തീരുമാനങ്ങളും സന്ദേശങ്ങളായി ഉപയോക്താക്കൾക്ക് അയയ്ക്കും. ചാറ്റ് വിൻഡോ ക്ലോസ് ചെയ്താൽ പോലും ഡോട് ജോലി തുടരും. ChatGPT Pro, ബിസിനസ് പ്രീമിയം (Business Premium), എന്റർപ്രൈസ് ഉപയോക്താക്കൾക്കായി ഇന്ന് മുതൽ ഇവ ലഭ്യമായിത്തുടങ്ങും. തുടക്കത്തിൽ ഓരോ ഉപയോക്താവിനും ഒരു ഡോട്ട് വീതമായിരിക്കും ലഭിക്കുക.
പേരും രൂപവും നൽകാം
മ്യൂസിന് സമാനമായി ഡോട്ടിന് പേര് നൽകാനും രൂപം നൽകാനും ഓരോ ഉപയോക്താവിനും കഴിയും. ചെറിയ കാർട്ടൂൺ ശൈലിയിലുള്ള രൂപമാണ് ഇതിനുള്ളത്. പിങ്ക്, നീല, പർപ്പിൾ തുടങ്ങിയ നിറങ്ങളാണ് ഇതിനുള്ളത്. ഇഗ്ഗി (Iggy), ഫെലിപെ (Felipe), ജോജോ (Jojo) തുടങ്ങിയ പേരുകളിലാണ് OpenAI ഇവയെ അവതരിപ്പിച്ചിരിക്കുന്നത്.
ഡെസ്‌ക്ടോപ്പ്, വെബ്, മൊബൈൽ എന്നിവയിലെ ചാറ്റ്ജിപിടിയിലൂടെയോ വോയ്‌സ് കോളിലൂടെയോ സ്ലാക്ക് (Slack), മൈക്രോസോഫ്റ്റ് ടീംസ് എന്നിവയ്ക്കുള്ളിലൂടെയോ ഇവയുമായി ബന്ധപ്പെടാം. ടെക്സ്റ്റിങ് ഫീച്ചർ ഉടൻ ലഭ്യമാകും. ഇതിലെ വിവരങ്ങൾ എല്ലാ പ്ലാറ്റ്ഫോമുകളിലും ഒരുപോലെ ലഭ്യമാകും. നിങ്ങളുടെ ഡോട്ട് എന്താണ് ചെയ്യുന്നതെന്ന് അറിയാൻ എപ്പോൾ വേണമെങ്കിലും അതിന്റെ ക്ലൗഡ് കമ്പ്യൂട്ടർ തുറന്നു നോക്കാവുന്നതാണ്.
ഡോട് എന്താണ് ചെയ്യുന്നത്
ഡോട്ടിന്റെ പ്രവർത്തനം ഓരോ ഉപയോക്താവിനെ സംബന്ധിച്ചും വ്യത്യസ്തമാകാം. ഒരു കണ്ടന്റ് ക്രിയേറ്ററുടെ ഡോട്ടിന് അഭിമുഖത്തിന്റെ ട്രാൻസ്‌ക്രിപ്റ്റ് എടുക്കാനും ക്ലിപ്പ് തിരഞ്ഞെടുക്കാനും ഷോ നോട്ടുകൾ എഴുതാനും അംഗീകാരത്തിനായി സോഷ്യൽ പോസ്റ്റുകൾ ഡ്രാഫ്റ്റ് ചെയ്യാനും കഴിയും. ഒരു ശാസ്ത്രജ്ഞന്റെ ഡോട്ടിന് പുതിയ ലാബ് ഡാറ്റ വരുമ്പോൾ വീണ്ടും വിശകലനം നടത്തി വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ കഴിയും. മ്യൂസും സമാനമായ ജോലികളാണ് ചെയ്യുന്നത്. വെബ് ബ്രൗസ് ചെയ്യുന്നു, വാങ്ങലുകൾ നടത്തുന്നു, ഡോക്യുമെന്റുകൾ ജനറേറ്റ് ചെയ്യുന്നു, ജോലികൾ ട്രാക്ക് ചെയ്യുന്നു. ഇതിനും ഒരു കാർട്ടൂൺ ശൈലിയിലുള്ള രൂപമുണ്ട്.
ചെലവെത്ര?
ഒരു ഡോട്ട് ഉപയോഗിക്കുന്നതിന്റെ ചെലവ് അത് ചെയ്യുന്ന ജോലിയുടെ അളവിനെ ആശ്രയിച്ചിരിക്കും എന്നാണ് പുറത്തുവരുന്ന വിവരം. ഡോട്ടുമൊത്തുള്ള ചാറ്റുകൾ ഉപയോഗ പരിധിയിൽ ഉൾപ്പെടില്ല. എങ്കിലും കോഡെക്‌സിലടക്കം അത് ആരംഭിക്കുന്ന ജോലികൾ ഉപയോഗ പരിധിയിൽ വരും. പശ്ചാത്തലത്തിലെ റിസർച്ചിനായി എത്രത്തോളം ചെലവ് വരുമെന്ന് OpenAI വ്യക്തമാക്കിയിട്ടില്ല.
പുറത്തിറക്കിയതിന് തൊട്ടുപിന്നാലെ ഡൗൺലോഡ് ചാർട്ടുകളിൽ മുന്നിലെത്തിയ മ്യൂസ് സാധാരണ ഉപയോക്താക്കളുടെ കാര്യത്തിൽ ഇപ്പോഴും മുൻപന്തിയിലാണ്. ഡോട്ട്‌സ് പണം നൽകുന്ന ഉപയോക്താക്കളിൽ നിന്നാണ് പ്രവർത്തനം ആരംഭിക്കുന്നതെങ്കിലും മൈക്രോസോഫ്റ്റുമായുള്ള കൂട്ടുകെട്ട് OpenAI-ക്ക് ഓഫീസുകളിലേക്ക് പ്രവേശനം നൽകുന്നു.
ഓപ്പൺഎഐയ്‌ക്കെതിരെ പ്രതിഷേധം
ഓപ്പൺഎഐയുടെ വാർഷിക ഡെവ്ഡേ (DevDay) കോൺഫറൻസ് നടന്ന സാൻ ഫ്രാൻസിസ്‌കോയിലെ വേദിക്ക് പുറത്ത് പ്രതിഷേധങ്ങളും അലയടിച്ചു. 'സാം ഓൾട്ട്മാൻ, പിന്മാറുക, ലാഭത്തേക്കാൾ മനുഷ്യർക്ക് മുൻഗണന നൽകുക' എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ പ്രതിഷേധക്കാർ മുഴക്കി. ഓപ്പൺഎഐയും യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റും തമ്മിലുള്ള കരാറിനെയും കമ്പനി ഏർപ്പെട്ടിരിക്കുന്ന സൈനിക, സർക്കാർ ജോലികളെയും അടക്കമുള്ളവയെ എതിർത്തുകൊണ്ടായിരുന്നു പ്രതിഷേധ പ്രകടനങ്ങൾ. എഐ ഡേറ്റ സെന്ററുകൾ ഉയർത്തുന്ന പാരിസ്ഥിതിക ഭീഷണിയെക്കുറിച്ചും എഐ കമ്പനികൾ കൈയാളുന്ന വർദ്ധിച്ചുവരുന്ന അധികാരത്തെക്കുറിച്ചും പ്രതിഷേധക്കാർ ആശങ്ക ഉന്നയിച്ചു.
Content Highlights: OpenAI launched Dots, personal AI agents that work in the background after closing chat., Powered by GPT-6 Astra, each Dot gets its own cloud computer, browser, and app integrations., Rolled out initially for ChatGPT Pro, Business Premium, and Enterprise users., Features strict safety guardrails with read-only tools and user approval for sensitive actions.