വിപണിയിൽ നേട്ടമായില്ല ! ചാറ്റ് ജിപിടി ബ്രൗസർ ഓപ്പൺ എഐ ഒഴിവാക്കുന്നു

#ടെക്നോളജി ഡെസ്ക്
ChatGPT Atlas Logo | Photo: OpenAI
ChatGPT Atlas Logo | Photo: OpenAI

അവതരിപ്പിച്ച് ഒരു വർഷം തികയുന്നതിന് മുമ്പ് തന്നെ തങ്ങളുടെ വെബ് ബ്രൗസറായ 'ചാറ്റ്ജിപിടി അറ്റ്‌ലസ്' നിർത്തലാക്കാൻ ഒരുങ്ങുകയാണ് ഓപ്പൺഎഐ. ഗൂഗിളിന് എതിരാളിയാകുമെന്ന് പറയപ്പെട്ട എഐ ബ്രൗസറാണിത്. എന്നാൽ അത് നടന്നില്ല. ഉപഭോക്താക്കൾക്ക് വേണ്ടി ചില സെർച്ച് ടാസ്കുകൾ സ്വയം ചെയ്യാനാകും വിധമാണ് ഈ ബ്രൗസർ തയ്യാറാക്കിയത്. കഴിഞ്ഞ ഒക്ടോബറിലാണ് ഇത് പ്രഖ്യാപിച്ചത്. എന്നാൽ. ഈ വരുന്ന ഓഗസ്റ്റ് 9-ഓടെ അറ്റ്‌ലസിന്റെ സേവനം പൂർണ്ണമായും അവസാനിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

എഐ രംഗത്ത് ആന്ത്രോപിക്കിന്റെ വളർച്ച ഓപ്പൺ എഐയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ക്ലോഡ് മിത്തോസ് ഉൾപ്പടെ, ശക്തമായ ക്ലോഡ് എഐ മോഡലുകൾക്കൊപ്പം ആന്ത്രോപിക്ക് എഐ രംഗത്ത് വൻ ശക്തിയായി വളർന്നിട്ടുണ്ട്. വിവിധങ്ങളായ മേഖലകളിൽ ഉപയോഗിക്കാനാകുന്ന എഐ മോഡലുകൾ ആന്ത്രോപിക്ക് ഒരുക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഉത്പാദന ക്ഷമത മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയുള്ള പ്രൊഡക്ടിവിറ്റി ഫീച്ചറുകളോടുകൂടിയ എഐ മോഡലുകളിൽ ആന്ത്രോപിക്കിനോട് മത്സരിക്കാനാണ് ഓപ്പൺ എഐ ലക്ഷ്യമിടുന്നത്. അതിനിടെ ശ്രദ്ധ തിരിക്കുന്ന മറ്റ് കാര്യങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഓപ്പൺ എഐ അറ്റ്ലസ് നിർത്തലാക്കാൻ തീരുമാനിച്ചത്.

ചാറ്റ്ജിപിടി ആപ്പ്, കോഡെക്സ് , അറ്റ്‌ലസ് എന്നിവ സംയോജിപ്പിച്ച് ഒരു ഡെസ്ക്ടോപ്പ് സൂപ്പർആപ്പ് സൃഷ്ടിക്കാൻ ഓപ്പൺഎഐ പദ്ധതിയിടുന്നതായി മാർച്ചിൽ വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന 'ചാറ്റ്ജിപിടി വർക്ക്' ഈ ശ്രമങ്ങളുടെ ഫലമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അറ്റ്‌ലസ് നിർത്തലാക്കുന്നുണ്ടെങ്കിലും, അതിൽ നിന്ന് ഉൾക്കൊണ്ട പാഠങ്ങൾ പുതിയ ഉൽപ്പന്നങ്ങളിൽ പ്രയോഗിക്കുന്നുണ്ടെന്ന് ഓപ്പൺഎഐയുടെ ജെയിംസ് സൺ വ്യക്തമാക്കി.

ചാറ്റ്ജിപിടി ഡെസ്ക്ടോപ്പ് ആപ്പിലെ അപ്ഡേറ്റ് ചെയ്ത ബ്രൗസറും വർക്ക് മോഡിനായുള്ള ക്ലൗഡ് ബ്രൗസറും ഇതിന് ഉദാഹരണങ്ങളാണ്. ഒരു പുതിയ ബ്രൗസറിൽ വിശ്വാസമർപ്പിച്ച അറ്റ്‌ലസ് ഉപയോക്താക്കളിൽ നിന്നാണ് വെബിലെ ബ്രൗസിംഗും ജോലിയും മെച്ചപ്പെടുത്താൻ ഏജന്റുകൾക്ക് എങ്ങനെ കഴിയുമെന്ന് കമ്പനി പഠിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അറ്റ്‌ലസിന് പുറമെ മറ്റ് ചില പദ്ധതികളും ഓപ്പൺഎഐ ഈയടുത്ത് ഉപേക്ഷിക്കുകയോ നിർത്തിവയ്ക്കുകയോ ചെയ്തിട്ടുണ്ട്. വീഡിയോ ജനറേഷൻ ആപ്പായ സോറ (Sora) അടുത്തിടെ നിർത്തലാക്കിയതും, ചാറ്റ്ജിപിടി "അഡൾട്ട് മോഡ്" പ്ലാനുകൾ താൽക്കാലികമായി നിർത്തിവച്ചതും ഇതിൽ ഉൾപ്പെടുന്നു.

Content Highlights: OpenAI is completely shutting down its AI browser 'ChatGPT Atlas' by August 9, less than a year after its launch, in order to shift its core focus toward competing with Anthropic's Claude and developing its new desktop super-app 'ChatGPT Work'.