അത്ഭുതങ്ങള്‍ ഒരുക്കി GPT-5 വരും; സൂചന നല്‍കി സാം ആള്‍ട്മാന്‍

Sam Altman | Photo: Gettyimages
Sam Altman | Photo: Gettyimages

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ടാണ് 2022 നവബംറില്‍ ഓപ്പണ്‍ എഐ ചാറ്റ് ജിപിടി അവതരിപ്പിച്ചത്. മനുഷ്യനോളം മികവില്‍ ഭാഷകൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ഈ എഐ സാങ്കേതിക വിദ്യ വലിയ ജനപ്രീതി നേടുകയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വ്യവസായ രംഗത്ത് പുതിയ മത്സരത്തിന് തുടക്കമിടുകയും ചെയ്തു. ഇന്ന് ഈ രംഗത്ത് മുന്നിലുള്ള സ്ഥാപനമാണ് ഓപ്പണ്‍ എഐ. 

2022 ല്‍ ജിപിടി-3 എന്ന ലാര്‍ജ് ലാംഗ്വേജ് മോഡല്‍ അടിസ്ഥാനമാക്കിയാണ് ജിപിടി പ്രവര്‍ത്തിച്ചിരുന്നത്. 2023 ല്‍ ഓപ്പണ്‍ എഐ ജിപിടി-4 അവതരിപ്പിച്ചു. മുന്‍ പതിപ്പിനേക്കാള്‍ സുരക്ഷിതത്വവും കൃത്യതയും വാഗ്ദാനം നല്‍കിക്കൊണ്ടാണ് മുന്‍ പതിപ്പില്‍ നിന്ന് കാര്യമായ മാറ്റങ്ങളില്ലാതെ ജിപിടി 4 അവതരിപ്പിച്ചത്. 

ജിപിടി 5 എന്ന അടുത്ത പതിപ്പിനെ കുറിച്ച് ഇതുവരെയും വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും എന്തെല്ലാം അത്ഭുതങ്ങളാണ് ആ പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നറിയാനുള്ള ആകാംഷയിലാണ് ലോകം. 

അടുത്തിടെ ഓപ്പണ്‍ എഐ മേധാവി സാം ആള്‍ട്മാന്‍ ജിപിടി-5 സംബന്ധിച്ച ചില സൂചനകള്‍ നല്‍കി. ജിപിടി 5 ന് വേണ്ടി സജീവമായുള്ള ജോലികളിലാണ് ഓപ്പണ്‍ എഐ എന്ന് അദ്ദേഹം പറഞ്ഞു. അതിന് ചിലപ്പോള്‍ 'സൂപ്പര്‍ ഇന്റലിജന്‍സ്' കൈവരുമെന്നും അദ്ദേഹം പറയുന്നു. 

മനുഷ്യരുടേയും മൃഗങ്ങളുടേയും ബുദ്ധിക്കൊപ്പം നില്‍ക്കാന്‍ കഴിവുള്ള ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ് നിര്‍മിക്കാന്‍ മൈക്രോസോഫ്റ്റില്‍ നിന്ന് പണം കണ്ടെത്താനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. മൈക്രോസോഫ്റ്റും ഓപ്പണ്‍ എഐയും തമ്മിലുള്ള പങ്കാളിത്തം മികച്ച രീതിയിലാണ് പോവുന്നതെന്നും അദ്ദേഹം ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

മനുഷ്യര്‍ക്കൊപ്പം യന്ത്രങ്ങളുടെ ബുദ്ധിയെത്തിക്കാന്‍ സൂപ്പര്‍ ഇന്റലിജന്‍സ് എങ്ങനെ നിര്‍മിക്കാമെന്നും ഇത് നേടുന്നതിന് കമ്പ്യൂട്ടിംഗ് ശക്തി വര്‍ധിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ചും അത് എങ്ങനെ സുരക്ഷിതമാക്കാം എന്നും ഗവേഷണം നടത്തുകയാണ് ഇപ്പോള്‍ കമ്പനി. അത് എങ്ങനെ നിര്‍മിക്കാമെന്നും എങ്ങനെ സുരക്ഷിതമാക്കാം എന്നും അതിന്റെ നേട്ടങ്ങളെന്തെല്ലാമെന്നും 

ജിപിടി 5 എന്ന് പുറത്തിറങ്ങുമെന്ന് ആള്‍ട്മാന്‍ വ്യക്തമാക്കിയിട്ടില്ല. അതിന്റെ പരിശീലനത്തിന് കൂടുതല്‍ ഡാറ്റ വേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്റര്‍നെറ്റില്‍ പൊതുവില്‍ ലഭ്യമായ ഡാറ്റാ സെറ്റുകള്‍ ഇതിനായി ഉപയോഗിക്കും. ഒപ്പം മറ്റ് കമ്പനികളുടെ അവകാശത്തിലുള്ള ഡാറ്റയും വിനിയോഗിക്കും. മുന്‍ഗാമികളേക്കാള്‍ ജിപിടി-5 കൂടുതല്‍ സങ്കീര്‍ണമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതിന് എന്തെല്ലാം കഴിവുകളുണ്ടാവുമെന്ന് പ്രവചിക്കുക പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു.

അതിഭീമമായ അളവിലുള്ള ഡാറ്റ ഉപയോഗിച്ചുള്ള പരിശീലനം ആവശ്യമായതിനാല്‍ ചാറ്റ് ജിപിടിയെ പോലെ ഒരു എഐ മോഡല്‍ നിര്‍മിച്ചെടുക്കുക നൂറുകോടിക്കണക്കിന് ഡോളര്‍ ചിലവും വലിയ അളവില്‍ കംപ്യൂട്ടര്‍ വിഭവങ്ങളും ആവശ്യമായി വരുന്ന ജോലിയാണ്.

Content Highlights: OpenAI chief sam altman confirms GPT-5