റീല്‍സിനും യൂട്യൂബിനും മുട്ടന്‍ പണി വരുന്നു; ചെറുവീഡിയോകൾക്ക് സോറ ആപ്പുമായി ഓപ്പണ്‍ എഐ, കരുത്തേകാൻ സോറ 2

ഇത് ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്‌ഫോമുകളുടെ കാലമാണ്. ടിക്‌ടോക്കാണ് ഈ ചെറുവീഡിയോ വിപ്ലവത്തിന് തുടക്കമിട്ടത്. ഇന്ത്യയില്‍ ടിക്‌ടോക്ക് നിരോധിച്ചതിന് ശേഷം ആ മേഖലയില്‍ പിടിമുറുക്കിയത് ഇന്‍സ്റ്റഗ്രാം റീല്‍സും യൂട്യൂബ് ഷോര്‍ട്ട്‌സുമാണ്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിനും യൂട്യൂബിനും ഇന്ത്യയ്ക്ക് പുറത്ത് ടിക്‌ടോക്കിനുമെല്ലാം ഭീഷണിയായി സോറ എന്ന പുതിയ ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ് ചാറ്റ്ജിപിടിയുടെ നിര്‍മാതാക്കളായ ഓപ്പണ്‍ എഐ.
എന്താണ് സോറ?
ഓപ്പണ്‍ എഐയുടെ ടെക്‌സ്റ്റ് ടു വീഡിയോ എഐ മോഡലാണ് സോറ. ടെക്‌സ്റ്റ് പ്രോംപ്റ്റ് അടിസ്ഥാനമാക്കി ചെറു വീഡിയോകള്‍ ജനറേറ്റ് ചെയ്യാനുള്ള എഐ ടൂളാണ് ഇത്. 2024-ലാണ് ഓപ്പണ്‍ എഐ സോറ അവതരിപ്പിച്ചത്.
എന്താണ് സോറ 2?
സോറയുടെ അടുത്ത പതിപ്പാണ് സോറ 2. ഓപ്പണ്‍ എഐയുടെ ഈ ഫ്‌ളാഗ്ഷിപ്പ് വീഡിയോ ആന്‍ഡ് ഓഡിയോ ജനറേഷന്‍ മോഡല്‍ യാഥാര്‍ഥ്യവുമായി കൂടുതല്‍ അടുത്ത വീഡിയോകളാണ് സൃഷ്ടിക്കുക. ഫിസിക്‌സിലെ നിയമങ്ങള്‍ കൂടുതല്‍ കൃത്യതയോടെ പാലിക്കുന്നതരത്തിലുള്ള ചലനങ്ങളാണ് സോറ 2 ജനറേറ്റ് ചെയ്യുന്ന വീഡിയോകളിലുണ്ടാകുക എന്ന് ഓപ്പണ്‍ എഐ അവകാശപ്പെടുന്നത്.
കാമിയോസ് എന്ന ഫീച്ചറാണ് സോറ 2-ന്റെ മറ്റൊരു പ്രത്യേകത. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ മുഖവും രൂപവും ശബ്ദവുമെല്ലാം സോറ 2 നിര്‍മിക്കുന്ന വീഡിയോയിലേക്ക് ഉള്‍പ്പെടുത്താന്‍ അനുവദിക്കുന്ന ഫീച്ചറാണ് ഇത്. ക്യാമറയോ എഡിറ്റിങ്ങോ ഒന്നുമില്ലാതെ നമുക്ക് എഐ നിര്‍മിക്കുന്ന അത്ഭുത വീഡിയോകളുടെ ഭാഗമാകാന്‍ ഇതുവഴി നമുക്ക് കഴിയും.
എന്താണ് സോറ ആപ്പ്?
സോറ 2 മോഡലിനൊപ്പം സോറ എന്നൊരു ആപ്പ് കൂടി ഓപ്പണ്‍ എഐ അവതരിപ്പിച്ചിട്ടുണ്ട്. ഇതാണ് യഥാര്‍ഥത്തില്‍ റീല്‍സിനും ഷോര്‍ട്‌സിനും ടിക്‌ടോക്കിനുമെല്ലാം വില്ലനാകുന്നത്. സോറ 2 അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഈ ആപ്പ് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ചെറുവീഡിയോകള്‍ നിര്‍മിക്കാനും മറ്റുള്ളവര്‍ നിര്‍മിച്ച വീഡിയോകള്‍ റീമിക്‌സ് ചെയ്യാനും കഴിയും.
ഉപഭോക്താക്കളുടെ താത്പര്യമനുസരിച്ച് കസ്റ്റമൈസ് ചെയ്യാന്‍ കഴിയുന്ന ഫീഡാണ് സോറയിലുണ്ടാകുക. സോറാ ആപ്പ് വഴിയാണ് കാമിയോ ഫീച്ചര്‍ ഉപയോഗിച്ച് നമ്മളെ തന്നെ എഐ വീഡിയോകളുടെ ഭാഗമാക്കാന്‍ കഴിയുക. ഇതിനായി ഒരുതവണ സ്വന്തം വീഡിയോയും ശബ്ദവും റെക്കോര്‍ഡ് ചെയ്ത് ഉപഭോക്താവ് സോറയിലേക്ക് അപ്‌ലോഡ് ചെയ്യണം. ഇതുവഴി ഐഡന്റിറ്റി വെരിഫിക്കേഷന്‍ കൂടി ഓപ്പണ്‍ എഐ ലക്ഷ്യമിടുന്നു.
ജീവനക്കാര്‍ക്കിടയില്‍ കഴിഞ്ഞയാഴ്ച സോറാ ആപ്പ് അവതരിപ്പിച്ചപ്പോള്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന പരിചയമില്ലാത്ത ആളുകളുമായി ജീവനക്കാര്‍ സൗഹൃദമുണ്ടാക്കിയെന്ന് ഓപ്പണ്‍ എഐ പറയുന്നു. കാമിയോ ഫീച്ചര്‍ ഉപയോഗിച്ചാണ് ഇത് സാധ്യമായത്. കാമിയോ ഫീച്ചര്‍ കേന്ദ്രീകരിച്ചുള്ള സോഷ്യല്‍ മീഡിയാ ആപ്പാകും സോറ എന്നാണ് ഓപ്പണ്‍ എഐ വ്യക്തമാക്കുന്നത്.
സോറയുടെ ഐഒഎസ് ആപ്പ് മാത്രമാണ് ഇപ്പോള്‍ പുറത്തിറങ്ങിയത്. ഉപഭോക്താക്കള്‍ക്ക് നിലവില്‍ ക്ഷണത്തിലൂടെ മാത്രമേ (invite only) സോറ ഉപയോഗിക്കാന്‍ കഴിയൂ. യുഎസ്സിലും കാനഡയിലുമുള്ള ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഇപ്പോള്‍ ക്ഷണം ലഭിച്ചുതുടങ്ങിയിരിക്കുന്നത്. ക്ഷണം ലഭിക്കുമ്പോള്‍ അറിയിപ്പ് കിട്ടാനായി ഉപഭോക്താക്കള്‍ക്ക് ആപ്പില്‍ സൈന്‍ അപ്പ് ചെയ്യാവുന്നതാണ്.
Content Highlights: OpenAI takes on TikTok, Instagram Reels with new social media app called Sora