ആപ്പിളും സാംസങുമായി പുതിയ കരാര്‍ ഒഎല്‍ഇഡി സ്‌ക്രീനുള്ള മാക്ക്ബുക്ക് 2026 എത്തിയേക്കും

ആപ്പിളിന്റെ ആദ്യ ഒഎല്‍ഇഡി മാക്ക്ബുക്ക് പ്രോ 2026 ല്‍ എത്തുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. സാംസങ് തന്നെയാണ് ഒഎല്‍ഇഡി ഡിസ്‌പ്ലേയ്ക്കായി ആപ്പിളിന് പിന്തുണ നല്‍കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇരു കമ്പനികളും കരാറിലെത്തിയതായി കൊറിയന്‍ വെബ്‌സൈറ്റായ ഡീല്‍സൈറ്റ്.കോ.കെആര്‍ പറയുന്നു.
നിലവില്‍ ഉപയോഗിക്കുന്ന മിനി-എല്‍ഇഡി സാങ്കേതിക വിദ്യയില്‍ നിന്ന് ഒഎല്‍ഇഡി സാങ്കേതിക വിദ്യയിലേക്കുള്ള ആപ്പിളിന്റെ മാറ്റമാവും ഇത്. ഡിസ്‌പ്ലേയുടെ ഗുണമേന്‍മയ്ക്ക് പുറമെ മാക്ക്ബുക്കിന്റെ ഊര്‍ജക്ഷമത മെച്ചപ്പെടുത്താനും ഇതുവഴി സാധിക്കും. ജെന്‍ 8.6 ഒഎല്‍ഇഡി ഉത്പാദനത്തിനായി സാംസങ് വന്‍തോതില്‍ നിക്ഷേപം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാപ്‌ടോപ്പുകള്‍ മോണിറ്ററുകള്‍പോലുള്ള വലിയ ഉപകരണങ്ങള്‍ക്ക് വേണ്ടിയുള്ളതാണിത്.
ജെന്‍ 8.6 ഒഎല്‍ഇഡി പാനല്‍
വലിയ ഗ്ലാസ് സബ്സ്ട്രേറ്റുകളും സംയോജിത ഓക്‌സൈഡ് ടിഎഫ്ടി (തിന്‍-ഫിലിം ട്രാന്‍സിസ്റ്റര്‍) ബാക്ക്പ്ലെയ്ന്‍ സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് ജെന്‍ 8.6 ഒഎല്‍ഇഡി പാനലിന്റെ നിര്‍മാണം. വലിയ സ്‌ക്രീനുകള്‍ നിര്‍മിക്കാനും ഒപ്പം കുറഞ്ഞ വൈദ്യുതി ഉപയോഗം സാധ്യമാക്കാനും ഇത് സഹായിക്കും. ഇത് ഉപയോഗിക്കുന്നതിലൂടെ മാക്ക് ബുക്കിന് മികച്ച കോണ്‍ട്രാസ്റ്റും ബ്രൈറ്റ്‌നെസുമുള്ള ഡിസ്‌പ്ലേകള്‍ ലഭിക്കുന്നതിനൊപ്പം നിര്‍മാണ ചെലവ് കുറയ്ക്കാനും സാധിക്കും
പുതിയ മാക്ക്ബുക്ക് പ്രോയുടെ ഫ്രണ്ട് ഡിസ്‌പ്ലേ ഭാഗം പുനര്‍രൂപകല്‍പന ചെയ്‌തേക്കുമെന്നാണ് സൂചന. സ്‌ക്രീനുകളില്‍ പഞ്ച് ഹോള്‍ ആകൃതിയില്‍ കട്ടൗട്ട് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2021 ല്‍ അവതരിപ്പിച്ച നോച്ച് ഡിസൈന്‍ ഇതുവഴി ഇല്ലാതാവും. ഐഫോണിലെ ഡൈനാമിക് ഐലന്‍ഡിന് സമാനമായ ഫീച്ചര്‍ ഇതുവഴി മാക്ക് ബുക്കിലും വന്നേക്കും. 2026 ല്‍ ഒഎല്‍ഇഡി മാക്ക്ബുക്ക് പ്രോ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. ചിലപ്പോള്‍ അത് 2027 ലേക്ക് വൈകിയേക്കാം.
Content Highlights: Apple`s first OLED MacBook Pro may arrive in 2026, powered by Samsung`s OLED display technology.