എൻവിഡിയയുടെ മൂല്യമിടിഞ്ഞു; യുഎസിലെ ഏറ്റവും മൂല്യമേറിയ കമ്പനികളുടെ പട്ടികയിൽ നാലാം സ്ഥാനത്തേക്ക്

#ടെക്നോളജി ഡെസ്ക്
Nvidia Logo | Photo: Gettyimages
Nvidia Logo | Photo: Gettyimages

വാഷിങ്ടൺ: നിർമിത ബുദ്ധി (എഐ) മേഖലയിലെ കുതിപ്പിന്റെ പിൻബലത്തിൽ ആഗോള ഓഹരി വിപണിയിൽ ഒന്നാം സ്ഥാനത്തെത്തിയ എൻവിഡിയയ്ക്ക് തിരിച്ചടി. വിപണി മൂല്യത്തിൽ ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റിന് പിന്നിലായ എൻവിഡിയ ഏറ്റവും മൂല്യമേറിയ യുഎസ് കമ്പനികളുടെ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഏതാനും ആഴ്ചകൾക്ക് മുൻപുവരെ ഒന്നാം സ്ഥാനത്തായിരുന്ന കമ്പനിയുടെ ഓഹരികളിൽ തുടർച്ചയായുണ്ടാകുന്ന ഇടിവാണ് ഈ മാറ്റത്തിന് പിന്നിൽ.

എൻവിഡിയയുടെ ഓഹരി മൂല്യം അവസാനമായി മൂന്ന് ശതമാനം ഇടിഞ്ഞതോടെ കമ്പനിയുടെ വിപണി മൂല്യം 3.4 ട്രില്യൺ ഡോളറായി കുറഞ്ഞു. ഇതോടെ തുടർച്ചയായ ഏഴാമത്തെ ആഴ്ചയും ഓഹരികളിൽ നഷ്ടം രേഖപ്പെടുത്താനുള്ള സാഹചര്യത്തിലാണ് കമ്പനി. വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

5.08 ട്രില്യൺ വിപണി മൂല്യവുമായി ആപ്പിളാണ് ഇപ്പോൾ മുന്നിൽ. 3.72 ട്രില്യൺ ഡോളറുള്ള മൈക്രോസോഫ്റ്റ് രണ്ടാം സ്ഥാനത്തും 3.44 ട്രില്യൺ ഡോളറുമായി ആൾഫബെറ്റ് മൂന്നാമതുമുണ്ട്.

എൻവിഡിയയുടെ സഹസ്ഥാപകൻ ജെൻസൻ ഹുവാങ് സ്ഥാനമൊഴിഞ്ഞതിന് ശേഷമുള്ള കമ്പനിയുടെ ആദ്യ സാമ്പത്തിക ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് ഓഹരികളിലെ ഇടിവ് ശക്തമായത്. എന്നാൽ പുറത്തുവന്ന കണക്കുകൾ നിക്ഷേപകരുടെ ആശങ്കകൾക്ക് പരിഹാരം കണ്ടില്ല. നേതൃത്വത്തിലെ മാറ്റം കമ്പനിയുടെ ഭാവിയെ എങ്ങനെ ബാധിക്കുമെന്നതും എഐ ഹാർഡ്‌വേറുകൾക്കായി വൻതോതിൽ പണം ചെലവഴിക്കുന്ന രീതി ദീർഘകാലം തുടരാനാകുമോയെന്നതുമാണ് പ്രധാന ആശങ്കകൾ.

എഐ വിപണിയെ നിക്ഷേപകർ സമീപിക്കുന്ന രീതിയിലും മാറ്റം പ്രകടമാണ്. ചിപ്പ് നിർമാണ കമ്പനികൾക്ക് മാത്രം പ്രാധാന്യം നൽകുന്നതിന് പകരം, ക്ലൗഡ് കംപ്യൂട്ടിങ്, സോഫ്റ്റ്‌വേർ തുടങ്ങിയ മേഖലകളിൽനിന്ന് സ്ഥിരമായ വരുമാനം നേടുന്ന വൻകിട ടെക് കമ്പനികളിലേക്കാണ് നിക്ഷേപകർ കൂടുതൽ താത്പര്യം പ്രകടിപ്പിക്കുന്നത്. എഐ രംഗത്തെ വലിയ നിക്ഷേപങ്ങൾക്കൊപ്പം ഉറപ്പുള്ള വരുമാന സ്രോതസ്സുകളുമുള്ള കമ്പനികൾക്ക് ലഭിക്കുന്ന മുൻഗണന എൻവിഡിയയുടെ വിപണി മൂല്യത്തെയും ബാധിക്കുന്നുണ്ട്.

Content Highlights: Nvidia has slipped behind Google parent Alphabet to become the fourth-most valuable US company after a prolonged share slide trimmed its market value to $3.4 trillion.